നീല ട്രോളി വിവാദം; കള്ളപ്പണം വന്നുവെന്ന കാര്യം ഉറപ്പെന്ന് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ
പൊലീസിൽ നിന്ന് മറിച്ചൊരു നിലപാട് പ്രതീക്ഷിച്ചിട്ടില്ല. പൊലീസ് യുഡിഎഫിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചുവെന്നും കള്ളപ്പണം വന്നുവെന്ന കാര്യം ഉറപ്പാണെന്നും സി കൃഷ്ണകുമാർ
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെയുണ്ടായ ട്രോളി വിവാദത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. പൊലീസ് യുഡിഎഫിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചുവെന്നും കള്ളപ്പണം വന്നുവെന്ന കാര്യം ഉറപ്പാണെന്നുമാണ് സി കൃഷ്ണകുമാർ ആരോപിക്കുന്നത്. പൊലീസിൽ നിന്ന് മറിച്ചൊരു നിലപാട് പ്രതീക്ഷിച്ചിട്ടില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമവശം പരിശോധിച്ച് ബിജെപിയുടെ തുടർനടപടി തീരുമാനിക്കുമെന്നാണ് സി കൃഷ്ണകുമാർ വിശദമാക്കുന്നത്.
ഉപതെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലെത്തി നിൽക്കെയാണ് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ പാലക്കാട്ടെ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നോയെന്ന് കണ്ടെത്താൻ പാലക്കാടെ ഹോട്ടലിൽ പാതിരാത്രി പൊലീസ് റെയ്ഡ് നടന്നത്. റെയ്ഡിനിടെ കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിലേക്ക് പൊലീസ് എത്തിയതിന് പിന്നാലെ ഹോട്ടലിൽ സംഘർഷാവസ്ഥയുണ്ടായിരുന്നു. ഏറെ വിവാദമായ പാതിരാ റെയ്ഡും നീല ട്രോളി വിവാദവും തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും ഉപേക്ഷിക്കാൻ ഒരുക്കമല്ലെന്ന് വ്യക്തമാക്കുന്നതാണ് സി കൃഷ്ണകുമാറിന്റെ പ്രതികരണം.
എന്നാൽ രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ പാലക്കാട്ടെ ഹോട്ടലിൽ കള്ളപ്പണം കൊണ്ടു വന്നെന്ന സിപിഎം നേതാക്കളുടെ പരാതിയിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. ട്രോളി ബാഗിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കള്ളപ്പണമായിരുന്നില്ലെങ്കിൽ ഇത്ര ലാഘവത്തോടെ ബാഗ് കൈകാര്യം ചെയ്യില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കേസെടുത്താലും എഫ്ഐആര്‍ നിലനിൽക്കില്ലെന്ന വിലയിരുത്തലിൽ സിപിഎം നേതാക്കളുടെ പരാതിയിൽ നിയമോപദേശം തേടിയ ശേഷം മാത്രം തുടർനടപടിയെന്ന നിലപാടിലാണ് പൊലീസുണ്ടായിരുന്നത്. വിവാദത്തില്‍ തുടർ നടപടി ആവശ്യമില്ലെന്നും കേസ് അവസാനിപ്പിക്കുമെന്നുമാണ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലക്കാട് എസ്പി പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് സി കൃഷ്ണകുമാറിന്റെ ആരോപണം എത്തുന്നത്.
നവംബര്‍ ആറിന് പുലര്‍ച്ചെയാണ് കെപിഎം ഹോട്ടലിൽ കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന മുറികളില്‍ പൊലീസ് സംഘമെത്തി പരിശോധന നടത്തിയത്. പാതിരാത്രി 12 മണിയ്ക്കാണ് റെയ്ഡ് തുടങ്ങിയത്. കോൺഗ്രസ് വനിതാ നേതാക്കളടക്കം താമസിച്ച 12 മുറികളിൽ പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം