വയനാട്ടിലെ കിറ്റ് വിവാദത്തില്‍ പ്രതികരണവുമായി ബിജെപി ജില്ലാ നേതൃത്വം; 'സംഭവത്തില്‍ ഗൂഢാലോചനയുണ്ട്'
അതേസമയം, കിറ്റ് വിവാദത്തില്‍ ബിജെപിക്കെതിരെ സിപിഐ ജില്ലാ സെക്രട്ടറി ഇജെ ബാബു രംഗത്തെത്തി. ഭക്ഷ്യക്കിറ്റും നിലവിളക്കും കൊടുക്കാനായിരുന്നു നീക്കമെന്നും ഇജെ ബാബു ആരോപിച്ചു
കല്‍പ്പറ്റ: വയനാട്ടില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ പിടിച്ചെടുത്ത സംഭവം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ബിജെപി ജില്ലാ നേതൃത്വം. കിറ്റുകൾ തയ്യാറാക്കിയത് ബിജെപിക്ക് വേണ്ടിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഗൂഢാലോചനയുണ്ടെന്നും ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ പറഞ്ഞു. സംഭവം ബിജെപിയുടെ മേലിൽ കെട്ടിവയ്ക്കാൻ നോക്കണ്ട.
ബന്ധപ്പെട്ടവർ അന്വേഷിച്ചു കണ്ടത്തട്ടെ. ബിജെപി സ്ഥാനാര്‍ത്ഥിക്ക് തികഞ്ഞ മുന്‍തൂക്കം ഉണ്ടെന്ന് മനസിലാക്കിയുള്ള ഗൂഡാലോചനയാണിത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കിറ്റ് കണ്ടെത്തിയതെന്ന പറഞ്ഞതില്‍ ഉള്‍പ്പെടെ ദുരൂഹതയുണ്ട്. എന്തുകൊണ്ട് ഇത് ബിജെപിയുടെ തലയില്‍ കെട്ടിവെക്കാൻ ശ്രമിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും പ്രശാന്ത് മലവയല്‍ പറഞ്ഞു.
അതേസമയം, കിറ്റ് വിവാദത്തില്‍ ബിജെപിക്കെതിരെ സിപിഐ ജില്ലാ സെക്രട്ടറി ഇജെ ബാബു രംഗത്തെത്തി. ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ഇജെ ബാബു ആരോപിച്ചു. വോട്ടര്‍മാര്‍ക്കുള്ള കിറ്റ് വിതരണത്തെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നു. ഭക്ഷ്യക്കിറ്റും നിലവിളക്കും കൊടുക്കാനായിരുന്നു നീക്കം. പാരിതോഷികം കൊടുത്ത് ആദിവാസി ഊരുകളെ സ്വാധീനിക്കാനാണ് ശ്രമമെന്നും ഇജെ ബാബു ആരോപിച്ചു.
വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ എത്തിച്ച സംഭവത്തിൽ ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ നേരത്തെ രംഗത്തെത്തിയിരുന്നു. ബത്തേരിയിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയിൽ 1500 ഓളം ഭക്ഷ്യകിറ്റുകൾ കസ്റ്റഡിയിൽ എടുത്തിരുന്നു. വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
മാനന്തവാടി കെല്ലൂരിലും കിറ്റുകൾ വിതരണത്തിന് എത്തിച്ചെന്ന് ആരോപണമുണ്ട്. പിന്നാലെ, അഞ്ചാം മൈലിലെ സൂപ്പർ മാർക്കറ്റിന് മുന്നില്‍ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. നേരെ ചൊവ്വേ മത്സരിച്ചാൽ വോട്ടു കിട്ടില്ലെന്നും അതുകൊണ്ട് കിറ്റ് കൊടുത്ത് തോൽവിയുടെ ആഘാതം കുറയ്ക്കാൻ ബിജെപി ശ്രമിക്കുന്നതായും ടി.സിദ്ദിഖ് എംഎൽഎ ആരോപിച്ചു.
ആദിവാസി കോളനികൾ കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം ചെയ്യാൻ കൊണ്ടുവന്നതെന്ന് സിപിഎം ആരോപിച്ചു. ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി കൊണ്ടുവന്ന കിറ്റ് ആണെന്ന് സിപിഎം കുറ്റപ്പെടുത്തി. ഇന്നലെ ഒരു ലോറിയിൽ നിന്നാണ് ഗോഡൗണിൽ നിന്ന് കിറ്റുകൾ കണ്ടെത്തിയത്. പിന്നീട് കെല്ലൂരിലെ കിറ്റ് വിതരണ ആരോപണത്തെ തുടര്‍ന്നാണ് ഇവിടെ പ്രതിഷേധം തുടര്‍ന്നത്. കടയ്ക്ക് അകത്ത് കയറി പരിശോധിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.