ബിഷപ്പ് റാഫേൽ തട്ടിൽ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ്; രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ്

തെലങ്കാന സംസ്ഥാനത്തെ ഷംഷാബാദു രൂപത ബിഷപ്പായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ബിഷപ്പ് റാഫേൽ തട്ടിൽ

Bishop Rafel Thattil elected as new major arch bishop of Syro Malabar church kgn

കൊച്ചി: ബിഷപ്പ് റാഫേൽ തട്ടിലിനെ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുത്തു. കര്‍ദ്ദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവച്ച സാഹചര്യത്തിലാണ് രഹസ്യ ബാലറ്റിലൂടെ റാഫേൽ തട്ടിൽ പിതാവിനെ തെരഞ്ഞെടുത്തത്. ഷംഷാബാദു രൂപത ബിഷപ്പാണ് നിലവിൽ റാഫേൽ തട്ടിൽ. സഭയ്ക്ക് അനുയോജ്യനായ ബിഷപ്പാണ് റാഫേൽ തട്ടിലെന്ന് സ്ഥാനമൊഴിഞ്ഞ കര്‍ദ്ദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രതികരിച്ചു.

തൃശ്ശൂരിലായിരുന്നു റാഫേൽ തട്ടിലിന്റെ ജനനം. 1956 ഏപ്രിൽ 21 ന് ജനിച്ച അദ്ദേഹം തൃശ്ശൂര്‍ പുത്തൻപള്ളി ഇടവകാംഗമായിരുന്നു. ത്രേസ്യ - ഔസേഫ് ദമ്പതികളുടെ പത്താമത്തെ മകനായാണ് ജനിച്ചത്. 1980 ഡിസംബര്‍ 21 ന് പൗരോഹിത്യം സ്വീകരിച്ചു. കോട്ടയത്ത് വൈദിക പഠനം പൂര്‍ത്തിയാക്കി അദ്ദേഹം ഫിലോസഫിയിലും തിയോളജിയിലും ബിരുദം നേടി. പിന്നീട് റോമിൽ ഉന്നത പഠനത്തിനായി പോയി.

റോമിൽ നിന്ന് തിരികെ വന്ന ശേഷം സിറോ മലബാര്‍ സഭയിൽ വൈദികനായും സഭയുടെ വിവിധ സ്ഥാനങ്ങളും വഹിച്ച അദ്ദേഹത്തെ 2010 ഏപ്രിൽ 10 ന് ബിഷപ്പായി സ്ഥാനക്കയറ്റം നൽകി. പിന്നീട് തൃശ്ശൂര്‍, ബ്രൂണി രൂപതകളിൽ പ്രവര്‍ത്തിച്ചു. 2017 ഒക്ടോബര്‍ 10 ന് ഷംഷാബാദ് രൂപതയുടെ ആദ്യ ബിഷപ്പായാണ് മാര്‍പാപ്പ അദ്ദേഹത്തെ നിയമിച്ചത്. 

മേജര്‍ ആര്‍ച്ച് ബിഷപ്പ് ആകുമെന്ന് കരുതിയല്ല സിനഡ് യോഗത്തിന് വന്നതെന്നും ദൈവഹിതം അംഗീകരിക്കുന്നുവെന്നും റാഫേൽ തട്ടിൽ പ്രതികരിച്ചു. ഒന്നിച്ചു ചേർന്നു നിൽക്കണം, ഒന്നിച്ചു പ്രവർത്തിക്കാൻ കഴിയട്ടെ, ഒരു ശരീരത്തിൽ ഒന്നിച്ചു പ്രവർത്തിക്കുന്നതാണ് ആരോഗ്യം, മെത്രാൻ പൊതുസ്വത്താണെന്നും റാഫേൽ തട്ടിൽ മേജര്‍ ആര്‍ച്ച് ബിഷപ്പ് പ്രഖ്യാപനത്തിന് ശേഷം നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കും, ദേവാലയങ്ങൾ അടക്കം ഒന്നും അടഞ്ഞുകിടക്കരുത്, എല്ലാവരെയും ഒരുമിച്ച് നിർത്തും, കൂർബാന തർക്കത്തിൽ സാധ്യതകൾ ഇനിയുമുണ്ട്, ചര്‍ച്ചകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കർദിനാൾ ജോ‍ർജ് ആലഞ്ചേരിയടക്കം നേരിടാത്ത പ്രതികൂല സാഹചര്യത്തെയാണ്  തട്ടിലിന് നേരിടാനുളളതും. കുർബാന തർക്കത്തിൽ ഇടഞ്ഞുനിൽക്കുന്നവരെ കൂടെക്കൂട്ടണം. സഭയെ പിടിച്ചുകുലുക്കിയ ഭൂമി വിവാദത്തെ  പിടിച്ചുകെട്ടണം. വിഘടിത വിഭാഗമായി നിൽക്കുന്ന വിശ്വാസികളെ പറഞ്ഞുവശത്താക്കണം. അടഞ്ഞുകിടക്കുന്ന പളളികൾ തുറക്കാൻ നടപടിയുണ്ടാകണം. ഇതറിഞ്ഞുകൊണ്ടുതന്നെയാണ്  കൈപിടിച്ചു കൂടെനിന്നാൽ ഒരുമിച്ച് നീങ്ങാമെന്ന്  സ്ഥാനമേറ്റയുടൻ മേജർ ആർച്ച് ബിഷപ്പ് ആവർത്തിച്ചതും.

 

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios