കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടണം, അന്വേഷിച്ചേ തീരൂ; ചോദ്യപ്പേപ്പർ ചോർച്ചയിൽ ബിനോയ് വിശ്വം
ചോർത്തിയാൽ പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യതയെ ബാധിക്കാത്ത തരത്തിൽ ഉള്ള ചോദ്യ വേണം
ആലപ്പുഴ : ക്രിസ്മസ് ചോദ്യപ്പേപ്പർ ചോർന്ന വിഷയത്തിൽ അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടണം. പതിനായിരക്കണക്കിന് വിദ്യാർഥികളുടെ പരീക്ഷാഫലത്തിന്റ നിർണായക രേഖയാണ്. ചോർന്നു പോകാൻ പാടില്ല. ചോർച്ച എങ്ങനെ ഉണ്ടായെന്ന് അന്വേഷിച്ചേ തീരൂ. പരീക്ഷാ രീതിയിൽ മാറ്റം വരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ചോർത്തിയാൽ പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യതയെ ബാധിക്കാത്ത തരത്തിൽ ഉള്ള ചോദ്യ വേണം. ഓപ്പൺ ടെസ്റ്റ് പോലെയുള്ളവ പരീക്ഷിക്കണം.
അതേ സമയം, ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പൊതുവിദ്യാഭ്യാസവകുപ്പ് ഡിജിപിക്ക് പരാതി നൽകി. സ്വകാര്യ ട്യൂഷൻ സെൻററിൽ ക്ലാസെടുക്കുന്ന അധ്യാപകർക്ക് ചോർച്ചയിൽ പങ്കുണ്ടാകാമെന്നും കർശന നടപടി എടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്ന് ചോദ്യപേപ്പറുകൾ പരീക്ഷക്ക് മുമ്പേ പുറത്തുവിട്ട യൂട്യൂബ് ചാനൽ എംഎസ് സൊല്യൂഷൻസ് വിശദീകരിച്ചു.
യൂ ട്യൂബ് ചാനലുകളാണ് പ്രെഡിക്ഷൻ എന്ന നിലക്ക് ചോദ്യങ്ങൾ പുറത്തുവിട്ടത്. ക്രിസ്മസ് പരീക്ഷ ചോദ്യങ്ങളുമായി 90 ശതമാനത്തിലേറെ സാമ്യം എംഎസ് സൊല്യൂഷൻ, എഡ്യുപോർട്ട് അടക്കമുള്ള യൂ ട്യൂബ് ചാനലുകളിലെ ചോദ്യങ്ങൾക്ക് വന്നതോടെയാണ് ചോർച്ചയെന്ന പരാതി മുറുകിയത്. ചോദ്യപേപ്പർ തയ്യാറാക്കുന്ന അധ്യാപകരിലേക്കും ട്യൂഷൻ സെൻററുകളിൽ ഇപ്പോഴും ക്ലാസെടുക്കുന്ന അധ്യാപകരിലേക്കുമാണ് സംശയം നീളുന്നത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.