സിപിഐ ഒന്നാം പാർട്ടി കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി, പിളർന്നപ്പോൾ സിപിഎമ്മിൽ, പിന്നീട് പുറത്ത്
രാഷ്ട്രീയത്തിൽ പി കൃഷ്ണപിള്ളയായിരുന്നു ബെർലിന്റെ ഗുരു. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച ബാലഭാരത സംഘത്തിന്റെ നേതൃ സ്ഥാനത്തേക്ക് ബെർലിൽ എത്തിയത് ഇങ്ങനെയായിരുന്നു
കണ്ണൂർ: അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ഒന്നാം പാർട്ടി കോൺഗ്രസിൽ പ്രതിനിധിയായി പങ്കെടുത്ത ജീവിച്ചിരിക്കുന്ന ഏക വ്യക്തിയെന്ന വിശേഷണത്തിന് ഉടമയായിരുന്നു ഇന്ന് വരെ ബെർലിൻ കുഞ്ഞനന്തൻ നായർ. 1964 ൽ പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പമാണ് അദ്ദേഹം നിലകൊണ്ടത്. ഇടക്കാലത്ത് ജർമ്മനിയിൽ താമസിച്ച അദ്ദേഹം തിരികെയെത്തിയപ്പോൾ പാർട്ടിയുടെ ബ്രാഞ്ച് അംഗത്വത്തിലായിരുന്നു. പിന്നീട് നേതൃത്വത്തെ വിമർശിച്ചതിന് ബ്രാഞ്ച് കമ്മിറ്റിയുടെ സകല എതിർപ്പും മറികടന്ന് അദ്ദേഹത്തെ പാർട്ടി പുറത്താക്കുകയായിരുന്നു.
കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്നു ബെര്‍ലിൻ കുഞ്ഞനന്തൻ നായര്‍. 1926 നവംബർ 26 ന് കണ്ണൂര്‍ കോളങ്കടയിലായിരുന്നു ജനനം. ചിറക്കൽ തമ്പുരാന്റെ കാര്യസ്ഥനായിരുന്ന പുതിയ വീട്ടിൽ അനന്തൻ നായര്‍, ശ്രീദേവി അമ്മ ദമ്പതികളുടെ മകനായിരുന്നു. എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയർ എലിമെന്ററി സ്കൂളിലും, പിന്നീട് കണ്ണൂർ ടൗൺ മിഡിൽ സ്കൂളിലും,ചിറക്കൽ രാജാസിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. രാജാസ് സ്കൂളിലെ പഠന കാലത്താണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടക്കം.
ബെര്‍ലിൻ കുഞ്ഞനന്തൻ നായര്‍ അന്തരിച്ചു
രാഷ്ട്രീയത്തിൽ പി കൃഷ്ണപിള്ളയായിരുന്നു ബെർലിന്റെ ഗുരു. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച ബാലഭാരത സംഘത്തിന്റെ നേതൃ സ്ഥാനത്തേക്ക് ബെർലിൽ എത്തിയത് ഇങ്ങനെയായിരുന്നു. 1943ൽ ബോംബെയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം പാർട്ടി കോൺഗ്രസിൽ അദ്ദേഹം പ്രതിനിധിയായെത്തിയത് ഇങ്ങനെയായിരുന്നു. അന്ന് ബാലസംഘത്തെ കുറിച്ചുള്ള റിപ്പോർട്ട് സമ്മേളന വേദിയിൽ അവതരിപ്പിക്കുമ്പോൾ, പ്രതിനിധികളിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ എന്നതായിരുന്നു ബെർലിനെ ശ്രദ്ധേയനാക്കിയത്. അന്ന് 17 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
1942 ലാണ് ഇദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്. 1943ൽ ജാപ്പ് വിരുദ്ധ ബാലസംഘം എന്ന പേരിൽ ജപ്പാനെതിരേ പ്രചാരണം നടത്തി. പാർട്ടി നിരോധിക്കപ്പെട്ട കാലത്ത് നിർഭയമായി പ്രവർത്തിച്ചു. നേതാക്കളുമായി അന്ന് ബന്ധം പുലർത്തിയ അദ്ദേഹം പാർട്ടി സന്ദേശങ്ങൾ പലയിടത്തും എത്തിച്ചു. ഇടക്കാലത്ത് ജര്‍മ്മനിയിലേക്ക് പോയ അദ്ദേഹം ദീര്‍ഘകാലം അവിടെയാണ് ജീവിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി 1964 ൽ പിളർന്ന് സിപിഎം രൂപീകരിക്കപ്പെട്ടപ്പോൾ ബെർലിൻ പുതിയ ചെങ്കൊടി കൈയ്യിലേന്തി.
ജർമ്മനിയിൽ നിന്ന് പിന്നീട് നാട്ടിലെത്തിയ അദ്ദേഹം സിപിഎമ്മിന്റെ പ്രാദേശിക ഘടകങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. എന്നാൽ പാർട്ടിയുടെ നയവ്യതിയാനങ്ങളെ തുറന്ന് എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ചു. ഇതോടെ പാര്‍ട്ടി നേതൃത്വവുമായി ബെര്‍ലിൻ കുഞ്ഞനന്തൻ നായര്‍ ഇടഞ്ഞു. 2005-ൽ പാർട്ടി ഘടകമായ നാറാത്ത് ബ്രാഞ്ച് കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളുടെയും എതിർപ്പ് മറികടന്ന് ലോക്കൽ കമ്മിറ്റി തീരുമാനപ്രകാരം കുഞ്ഞനന്തനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി.
പാര്‍ട്ടി നേതൃത്വത്തെ എതിര്‍ക്കുമ്പോൾ തന്നെ വിഎസ് അച്യുതാനന്ദനുമായി അദ്ദേഹം അടുപ്പം പുലര്‍ത്തി. സിപിഎമ്മിൽ നേരത്തെയുണ്ടായിരുന്ന വിഭാഗീയതയുടെ ഭാഗമായി ഈ ബന്ധം കൂട്ടിവായിക്കപ്പെട്ടു. വിവാദങ്ങൾ പിന്നാലെയെത്തി. പാര്‍ട്ടി തള്ളിപ്പറഞ്ഞ കാലത്ത് വി എസ് അച്യുതാനന്ദൻ ബെര്‍ലിനെ വീട്ടിലെത്തി സന്ദർശിച്ചത് പാർട്ടിക്കകത്ത് മുറുമുറുപ്പായി. പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്തയാളെന്ന് വരെ പലപ്പോഴും നേതാക്കൾ അദ്ദേഹത്തെ വിമർശിച്ചു.