പണി പൂര്‍ത്തിയാകാതെ ടോള്‍ നിരക്ക് ഉയര്‍ത്തി; വടക്കഞ്ചേരി-മണ്ണുത്തി ആറുവരി പാതയിൽ നാളെ മുതല്‍ പുതിയ നിരക്ക്
എന്നാൽ, അറ്റകുറ്റപ്പണിയും ടോൾ നിരക്ക് വർദ്ധനയും തമ്മിൽ യാതൊരു ബന്ധമില്ല എന്നാണ് ടോൾ പ്ലാസ അധികൃതരുടെ വിശദീകരണം.
പാലക്കാട്: നിർമാണം പൂർത്തിയാകും മുമ്പേ വടക്കഞ്ചേരി-മണ്ണുത്തി ആറുവരി പാതയിൽ വീണ്ടും ടോൾ നിരക്ക് ഉയർത്തുന്നു. തിങ്കളാഴ്ച മുതൽ ആണ് പുതിയ നിരക്കുകൾ നിലവിൽ വരുന്നത്. കുതിരാൻ ഇരട്ട തുരങ്കങ്ങളിൽ ഒന്ന് താൽക്കാലികമായി അടച്ച സാഹചര്യത്തിൽ നിരക്ക് ഉയർത്തുന്നത് പരസ്യമായ വെല്ലുവിളി ആണെന്നാണ് യാത്രക്കാരുടെ പരാതി. ടോള്‍ നിരക്ക് ഉയര്‍ത്തിയതില്‍ യാത്രക്കാരുടെ പ്രതിഷേധവും ശക്തമാണ്. കുതിരാൻ ഇരട്ട തുരങ്കങ്ങളിൽ ഒന്ന് ജനുവരിയിലാണ് അറ്റകുറ്റപ്പണിയുടെ ഭാഗമായി അടച്ചത്. ഒരു തുരങ്കത്തിലൂടെ ഇരുവശത്തേക്ക് ഉള്ള വാഹനങ്ങൾ വരിവരിയായി മാത്രം കടന്നു പോകും. പണി പൂർത്തിയാക്കാതെ ടോൾ പിരിക്കരുതെന്ന പൊതുതാൽപര്യ ഹർജി ഹൈക്കോടതി പരിഗണിക്കാൻ ഇരിക്കെ ആണ് നിരക്ക് വർദ്ധന.
പുതിയ നിരക്കുകൾ ഇങ്ങനെ: മിനി ബസ് ചെറു ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് ഒരു ദിശയിലേക്ക് 170 രൂപ കൊടുക്കണം. ചെറു വാഹനങ്ങൾക്ക് ഇരു ദിശയിലേകലക്കും 160 ആയിരുന്നത് 165 ആക്കി. ആറുവരിപ്പാത നിർമ്മാണം പൂർണമായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി തന്നെ സമ്മതിക്കുമ്പോഴാണ് നിർമ്മാണ കമ്പനിയുടെ ടോൾ പിരിവ്. ഇതിനെതിരെ യാത്രക്കാരും ജനകീയവേദിയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.എന്നാൽ, അറ്റകുറ്റപ്പണിയും ടോൾ നിരക്ക് വർദ്ധനയും തമ്മിൽ യാതൊരു ബന്ധമില്ല എന്നാണ് ടോൾ പ്ലാസ അധികൃതരുടെ വിശദീകരണം.സ്വാഭാവിക നിരക്ക് വർദ്ധന മാത്രമാണിതെന്നും ടോൾ പ്ലാസ അധികൃതർ അറിയിച്ചു.