ബാർ കോഴ: പഴയ 'വജ്രായുധം' പിണറായി സർക്കാരിനെ തുറിച്ചുനോക്കുന്നു; മന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം

50 കോടി രൂപയുടെ ഇടപാടെന്ന് സിപിഐ നേതാവ് തന്നെ പറയുന്ന ആരോപണത്തില്‍ മന്ത്രി എം ബി രാജേഷിന്‍റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.

bar bribe allegation against ldf government opposition demands mb rajesh resignation political story

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ എല്‍ഡിഎഫ് ഉയര്‍ത്തിയ ഏറ്റവും വലിയ ആരോപണമായ ബാര്‍ കോഴ മറ്റൊരു തരത്തില്‍ പിണറായി സര്‍ക്കാരിനെയും തുറിച്ച് നോക്കുകയാണ്. 250 കോടി രൂപയുടെ ഇടപാടെന്ന് സിപിഐ നേതാവ് തന്നെ പറയുന്ന ആരോപണത്തില്‍ മന്ത്രി എം ബി രാജേഷിന്‍റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. സര്‍ക്കാരിനെതിരെയുള്ള ഗൂഢാലോചനയെന്ന് പറഞ്ഞാണ് ആദ്യഘട്ടത്തില്‍ മന്ത്രി പ്രതിരോധമൊരുക്കുന്നത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ എല്‍ഡിഎഫിന്‍റെ വജ്രായുധങ്ങള്‍ രണ്ടായിരുന്നു. ഒന്ന് സോളാര്‍, രണ്ട് ബാര്‍ കോഴ. ഒന്നാം പിണറായി സര്‍ക്കരിന്റെ കാലത്തെ സ്വപ്ന സുരേഷ് വിവാദം ഏതാണ്ട് സോളാറിനൊപ്പം നില്‍ക്കുന്നതായിരുന്നു. കേന്ദ്രാന്വേഷണത്തിന്‍റെ നെരിപ്പോടിലൂടെ സര്‍ക്കാര്‍ കടന്ന് പോയെങ്കിലും തുടര്‍ഭരണം കിട്ടിയതോടെ വിവാദം കെട്ടടങ്ങി. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മൂന്നാം വാര്‍ഷികത്തില്‍ പുറത്ത് വന്ന ഒരു ഓഡിയോ സര്‍ക്കരിനെ ഞെട്ടിക്കുന്നതായി. ബാറൊന്നിന് രണ്ടര ലക്ഷം വീതം പിരിച്ച് നല്‍കണമെന്നാണ് ആവശ്യം. പുതിയ മദ്യനയത്തിന്‍റെ ആലോചനക്ക് തൊട്ട് പിന്നാലെ വന്ന ഇടപാട് വിവരം പ്രതിപക്ഷത്തിന് വലിയ ആയുധമായി.

മദ്യനയവുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ച പോലും നടന്നിട്ടില്ലാത്തതിനാല്‍ ഇതിലെല്ലാം കൃത്യമായ ഗൂഢാലോചനയുണ്ടെന്നാണ് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചത്. ഇതിനിടെ സിപിഐ നേതാവും എല്‍ഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീണറുമായ കെ കെ ശിവരാമന്‍ ശക്തമായ വിമർശനവുമായി രംഗത്തെത്തി. സര്‍ക്കാരിന്‍റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ഗൂഢാലോചനയിലേക്കാണ് ശിവരാമനും വിരല്‍ ചൂണ്ടുന്നത്. പണം ആര്‍ക്ക് കൊടുക്കണം എവിടെ വച്ച് എങ്ങനെ കൊടുക്കണം എന്നുന്നും പറയുന്നില്ലെങ്കിലും മദ്യനയവുമായി ബന്ധപ്പെട്ട ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ കോടികള്‍ പിരിക്കണമെന്ന ആവശ്യവും അതിന്മേലുള്ള വിവാദവും സര്‍ക്കാരിന് തിരിച്ചടി തന്നെയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios