ഫയലുകളിൽ തീർപ്പ് കൽപ്പിക്കാത്ത ഉദ്യോഗസ്ഥരെ കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പ്; 'കുറ്റക്കാർക്കെതിരെ കര്‍ശന നടപടി'

സെപ്തംബര്‍ അവസാനത്തോടെ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന എല്ലാ ഫയലുകളും തീര്‍പ്പാക്കാന്‍ നടപടി ഉണ്ടാകണമെന്നും മന്ത്രിയുടെ നിർദേശം.

avoid keeping files pending minister sivankutty instructs officials joy

തിരുവനന്തപുരം: ഫയലുകളില്‍ സമയാസമയം തീര്‍പ്പ് കല്‍പ്പിക്കാത്ത ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ പ്രത്യേക ഡ്രൈവ് നടത്താന്‍ വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഓരോ വിഭാഗത്തിലും അസാധാരണ രീതിയില്‍ ഫയലുകള്‍ തീര്‍പ്പാകാതെ കിടപ്പുണ്ടോ എന്ന സൂക്ഷ്മ പരിശോധന ഉണ്ടാകും. അങ്ങനെ കണ്ടെത്തിയാല്‍ അതിന്റെ കാരണം തേടും. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വീഴ്ച ആണെങ്കില്‍ നടപടിയും ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. കോട്ടയത്ത് അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ ഹെഡ്മാസ്റ്ററും എഇഒയും പ്രതി ചേര്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദേശത്തിലാണ് പുതിയ നടപടി. 

വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് എന്തെങ്കിലും നടപടിയ്ക്ക് വേണ്ടി പ്രതിഫലമോ ഉപഹാരമോ നല്‍കരുതെന്നും മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. അങ്ങനെ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം ബന്ധപ്പെട്ടവരെ അറിയിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ സത്വര നടപടിയുണ്ടാകും. വകുപ്പിന്റെ ഉത്തരവുകള്‍ ഉദ്യോഗസ്ഥര്‍ വച്ചു താമസിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാലും ഉടന്‍ ബന്ധപ്പെട്ടവര്‍ക്ക് വിവരം നല്‍കണമെന്ന് ശിവന്‍കുട്ടി പറഞ്ഞു. സെപ്തംബര്‍ അവസാനത്തോടെ എഇഒ, ഡിഇഒ, ആര്‍ഡിഡി, ഡിഡിഇ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന എല്ലാ ഫയലുകളും തീര്‍പ്പാക്കാന്‍ നടപടി ഉണ്ടാകണമെന്നും മന്ത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ കോട്ടയം ചാലുകുന്ന് സി.എന്‍.ഐ എല്‍.പി.എസ് ഹെഡ്മാസ്റ്റര്‍ സാം ജോണ്‍ ടി. തോമസ്, കോട്ടയം വെസ്റ്റ് എ.ഇ.ഒ മോഹന്‍ദാസ് എം.കെ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രാവിലെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ചാലുകുന്ന് സി.എന്‍.ഐ എല്‍.പി.എസ് ഹെഡ്മാസ്റ്റര്‍ സാം ജോണ്‍ ടി. തോമസ് വിജിലന്‍സിന്റെ പിടിയിലായത്. സ്‌കൂളില്‍ വച്ചായിരുന്നു ഇയാളെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിനിയായ മറ്റൊരു സ്‌കൂളിലെ അധ്യാപിക നല്‍കിയ പരാതി പ്രകാരം വിജിലന്‍സ് സംഘം സ്‌കൂളിലെത്തുകയായിരുന്നു. പരാതിക്കാരിയായ അധ്യാപികയുടെ സേവന കാലാവധി റെഗുലറൈസ് ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോട്ടയം വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എഇഒയ്ക്ക് കൈക്കൂലി നല്‍കി ഇത് വേഗത്തില്‍ ശരിയാക്കി തരാമെന്ന് സാം ജോണ്‍ ഇവരോട് പറഞ്ഞു. പതിനായിരം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. അധ്യാപിക ഇക്കാര്യം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. 
 

'വീണയുടെ കമ്പനി 30 ലക്ഷത്തോളം രൂപ ഒടുക്കേണ്ടിടത്ത് 6 ലക്ഷം രൂപ മാത്രമാണ് ജിഎസ്ടി അടച്ചത്; ധനമന്ത്രിക്ക് പരാതി'  
 

Latest Videos
Follow Us:
Download App:
  • android
  • ios