പാലക്കാട്ടെ ജെ പി നദ്ദയുടെ പരിപാടിയിൽ എ വി ഗോപിനാഥും, കേരളത്തിൽ ബിജെപി വളർച്ചാ ഘട്ടത്തിലെന്ന് നദ്ദ
വികസനത്തിൽ രാഷ്ട്രീയമിലെന്നും കർഷകരുടെ പ്രശ്നം ഉന്നയിക്കാനാണ് എത്തിയതെന്നും എവി ഗോപിനാഥ് പ്രതികരിച്ചു.
പാലക്കാട് : പാലക്കാട്ടെ ബിജെപി പരിപാടിയിൽ പങ്കെടുക്കാൻ കോൺഗ്രസ് വിട്ട മുൻ എംഎൽഎ എവി ഗോപിനാഥും. ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ പൗരപ്രമുഖരുമായി നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് എ വി ഗോപിനാഥ് എത്തിയത്. കോൺഗ്രസുമായി ഇടഞ്ഞ നേതാവ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി ജെ പി പരിപാടിയിലും ഇദ്ദേഹം എത്തിയത്. വികസനത്തിൽ രാഷ്ട്രീയമിലെന്നും കർഷകരുടെ പ്രശ്നം ഉന്നയിക്കാനാണ് എത്തിയതെന്നും എവി ഗോപിനാഥ് പ്രതികരിച്ചു.
കേരളത്തിൽ ബിജെപി വളർച്ചാ ഘട്ടത്തിൽ, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഒളിച്ചുകളി
കേരളം അഴിമതിയുടെ നാടായി മാറിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ കുറ്റപ്പെടുത്തി. കരുവന്നൂർ ബാങ്ക് തട്ടിപ്പ് അതിന് ഉദാഹരണമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അഴിമതിയിൽ നിന്ന് മുക്തമല്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേരള സർക്കാർ പലതും ഒളിച്ചു കളിക്കുന്നു. ഉറ്റവരെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നു. സ്വന്തം ആളുകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കേരള സർക്കാരിനറിയാം. നടപടിയെടുക്കാൻ വൈകുന്നത് അത് കൊണ്ട് മാത്രമാണ്. നീതി നടപ്പാക്കാൻ വൈകുന്നത് എന്തുകൊണ്ടെന്ന് സർക്കാർ വ്യക്തമാക്കണം.
വയനാട്ടിലെ ദുരന്തത്തിന് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും വീഴ്ചയാണ് കാരണം. കേന്ദ്രവും എൻഡിആർപ്പും മുന്നറിയിപ്പ് നൽകിയതാണ്. സംസ്ഥാന സർക്കാർ കൃത്യസമയത്ത് ഉണർന്നു പ്രവർത്തിച്ചില്ലെന്നാണ് ദുരന്തമുണ്ടാകാൻ കാരണമായതെന്നും നദ്ദ ആരോപിച്ചു. ബിജെപി കേരളത്തിൽ വളരുകയാണെന്നും നദ്ദ അവകാശപ്പെട്ടു. 2014 ന് ശേഷം രാഷ്ട്രീയ സംസ്‍കാരം തന്നെ മാറി. കോൺഗ്രസസും സിപിഎമ്മും വോട്ട് ബാങ്കിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്.