മധു കൊലക്കേസ്; കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കും, രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളും ഹാജരാക്കണം: കോടതി
മധു കൊലക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ രണ്ട് മജിസ്റ്റീരിയിൽ അന്വേഷണ റിപ്പോർട്ടുകളും നിലവിലെ കസ്റ്റോഡിയന്മാർ നേരിട്ട് കോടതിയിൽ എത്തിക്കണം എന്നും റിപ്പോർട്ട് തയ്യാറാക്കിയവരെ വിസ്തരിക്കണം എന്നും പ്രോസിക്യൂഷന്.
മധുകൊലക്കേസ് വിസ്താരം പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായ നീക്കങ്ങളാണ് പ്രോസിക്യൂഷൻ നടത്തുന്നത്. അതിൽ കൂറുമാറിയ രണ്ട് സാക്ഷികളെ വിസ്തരിക്കണമെന്ന അപേക്ഷ, കോടതി ഇന്നലെ അംഗീകരിച്ചു. മധുവിന്‍റെത് കസ്റ്റഡി മരണമാണോ എന്ന് പരിശോധിക്കാൻ നടത്തിയ മജിസ്റ്റീരിയിൽ അന്വേഷണ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണം എന്നതാണ് ഒടുവിലത്തേത്. 2018 ൽ മധു കൊല്ലപ്പെട്ടതിന് പിന്നാലെ നടത്തിയ രണ്ട് മജിസ്റ്റീരിയിൽ അന്വേഷണ റിപ്പോർട്ടിലെ ഉള്ളടക്കവും ഇപ്പോഴും അഞ്ജാതമായി തുടരുകയാണ്..!
മധുവിന്‍റെത് കസ്റ്റഡി മരണമോ? മജിസ്റ്റീരിയിൽ അന്വേഷണത്തിലെ കണ്ടെത്തലെന്ത്?
മധുവിന്‍റെത് കസ്റ്റഡി മരണമാണോ എന്ന് പരിശോധിക്കാൻ രണ്ട് മജിസ്റ്റീരിയിൽ അന്വേഷണങ്ങളാണ് നടന്നത്. ഒറ്റപ്പാലം സബ് കളക്ടർ ആയിരുന്ന ജെറോമിക് ജോർജ് നടത്തിയ അന്വേഷണമാണ് അവയിലൊന്ന്. കൂടുതൽ വരിക്കാരുള്ള മൂന്ന് പത്രങ്ങളിൽ മജിസ്റ്റീരിയൽ അന്വേഷണം സംബന്ധിച്ച് അറിയിപ്പ് നൽകിയിരുന്നു. മധുവിന്‍റെത് കസ്റ്റഡി മരണമാണെന്ന് പരാതി ഉള്ളവർ അറിയിക്കണം എന്നായിരുന്നു ഉള്ളടക്കം. പ്രതികളുടെ ബന്ധുക്കളോ, മറ്റാരെങ്കിലുമോ അത്തരം പരാതി ബോധിപ്പിച്ചോ എന്ന് വ്യക്തമാകണമെങ്കിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവരണം. അന്വേഷണത്തിലെ കണ്ടെത്തലും എന്തെന്ന് വ്യക്തമല്ല.
സംഭവം നടന്നതിന് പിന്നാലെ മണ്ണാർക്കാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ആയിരുന്ന എസ്.രമേശൻ നടത്തിയ അന്വേഷണമാണ് മറ്റൊന്ന്. ഇതിലെ കണ്ടെത്തലുകളും എന്തെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. രണ്ട് റിപ്പോർട്ടുകളും നിലവിലെ കസ്റ്റോഡിയന്മാർ നേരിട്ട് കോടതിയിൽ എത്തിക്കണമെന്നും റിപ്പോർട്ട് തയ്യാറാക്കിയവരെ വിസ്തരിക്കണം എന്നുമാണ് പ്രോസിക്യൂഷന്‍റെ ഹർജി. പ്രതിഭാഗത്തിന്‍റെ വാദം കേട്ടാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
കൂടുതല്‍ വായനയ്ക്ക്: മധു കേസ്: പ്രതിഭാഗത്തിന്റെ ചോദ്യശരങ്ങൾ, മുനയൊടിച്ച് ഡോ എൻഎ ബലറാമിന്റെ മറുപടി, കോടതി നടപടികൾ ഇങ്ങനെ...
കൂറുമാറിയവരെ വീണ്ടും വിസ്തരിക്കും
മധു കൊലക്കേസിൽ കൂറുമാറിയ രണ്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മണ്ണാർക്കാട് എസ് സി എസ്ടി വിചാരണക്കോടതി അനുമതി നൽകി. പതിനെട്ടാം സാക്ഷി കാളി മൂപ്പൻ, പത്തൊമ്പതാം സാക്ഷി കക്കി എന്നിവരെയാണ് വീണ്ടും വിസ്തരിക്കുക. കൂറുമാറിയതിന് വനംവകുപ്പിലെ താത്കാലിക ജോലി നഷ്ടപ്പെട്ടയാളാണ് കാളി മൂപ്പൻ. മധുവിനെ കുറച്ചുപേർ തടഞ്ഞു നിർത്തി, ഓടിപ്പോകാതിരിക്കാൻ കൂട്ടമായി വളഞ്ഞ്, ഉന്തിത്തള്ളി നടത്തിക്കൊണ്ടുവരുന്നത് കണ്ടു എന്നായിരുന്നു ആദ്യം പൊലീസിന് നൽകിയ മൊഴി. കാളി മൂപ്പൻ ഈ മൊഴി കോടതിയിൽ തിരുത്തി. പ്രതികളിൽ ചിലർ മധുവിനെ അടിക്കുന്നത് കണ്ടെന്ന് പൊലീസിന് നൽകിയ മൊഴിയും സാക്ഷി കോടതിയിൽ നിഷേധിച്ചിരുന്നു.
പത്തൊമ്പതാം സാക്ഷി കക്കിയെയും 20 ന് വീണ്ടും വിസ്തരിക്കും. അജമലയിൽ വച്ച് മധുവിനെ കണ്ടെന്നും വിവരം രണ്ടാം പ്രതിയോട് പറഞ്ഞെന്നുമുള്ള മൊഴിയാണ് കോടതിയിൽ മുമ്പ് നിഷേധിച്ചത്. ഇരുവരേയും മുമ്പ് വിസ്തരിച്ചപ്പോൾ, ചില പ്രധാന കാര്യങ്ങൾ ചോദിക്കാൻ വിട്ടുപോയെന്നും വ്യക്തത വരുത്താൻ വീണ്ടും വിസ്തരിക്കണമെന്നുമുള്ള പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിഭാഗം ഇതിനെ എതിർത്തെങ്കിലും കോടതി പരിഗണിച്ചില്ല.
ഇത് രണ്ടാം തവണയാണ് കൂറുമാറിയ സാക്ഷിയെ കോടതി വീണ്ടും വിസ്തരിക്കുന്നത്. നേരത്തെ 29 -ാം സാക്ഷി സുനിലിനെയും കോടതി വിസ്തരിച്ചിരുന്നു. സ്വന്തം ദൃശ്യം ഉൾപ്പെട്ട ഭാഗം കാണുന്നില്ലെന്ന് പറഞ്ഞതോടോ, ഇയാളുടെ കാഴ്ച ശക്തി പരിശോധിപ്പിക്കുകയും തൊട്ടടുത്ത ദിവസം വിസ്തരിക്കുകയുമായിരുന്നു.
കൂടുതല്‍ വായനയ്ക്ക്: 'മധുവിൻറെ മൃതദേഹം ചൂട് ഉണ്ടായിരുന്നു' മരണം സ്ഥിരീകരിച്ച ഡോക്ടറുടേതടക്കം പ്രോസിക്യൂഷന് അനുകൂലമായ മൂന്ന് മൊഴികൾ
ഇന്നലെ വിസ്തരിച്ചവരും മൊഴിയും
മധു കൊലക്കേസിൽ ഇന്നലെ വിസ്തരിച്ച മൂന്ന് സാക്ഷികളും പ്രോസിക്യൂഷൻ അനുകൂല മൊഴി നൽകി. മധുവിനെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടുവന്നവർ, അടിക്കുകയും ചവിട്ടുകയും ചെയ്തെന്ന് മധു പറയുന്നത് കേട്ടെന്ന് നൂറ്റിപന്ത്രണ്ടാം സാക്ഷി സുജി ലാൽ കോടതിയിൽ മൊഴി നൽകി. മുക്കാലിയിൽ നിന്ന് മധുവിനെ കസ്റ്റഡിയിലെടുത്ത എസ്ഐ പ്രസാദ് വർക്കിയുടെ കൂടെ, പൊലീസ് ജീപ്പിൽ ഉണ്ടായിരുന്ന പൊലീസുകാരനായിരുന്നു സുജി ലാൽ. സാക്ഷികളായ പൊലീസുകാരുടെ ഡ്യൂട്ടി നോട്ട് ബുക്കുകളും സ്റ്റേഷനിലെ മാനുവൽ ജിഡിയും പൊലീസ് സ്റ്റേഷനിലെ വെഹിക്കിൾ ഡയറിയും ഹാജരാക്കിയ അഗളി സ്റ്റേഷനിലെ റൈറ്ററും തൊണ്ണൂറ്റി ഒമ്പതാം സാക്ഷിയുമായ സുന്ദരിയും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. ഇന്ന് മധുകേസിൽ വിസ്താരമില്ല.
കൂടുതല്‍ വായനയ്ക്ക്: മധു കൊലക്കേസ്: അഭിഭാഷകരുടെ തർക്കം, ആവർത്തന ചോദ്യങ്ങളിൽ പരിഭവം പറഞ്ഞ് സാക്ഷി, കോടതി നടപടികൾ ഇങ്ങനെ...
കൂടുതല്‍ വായനയ്ക്ക്: മധുവിനെക്കുറിച്ച് അഭിഭാഷകന്‍റെ ചോദ്യം, പിടിവിട്ട് കണ്ണീരണിഞ്ഞ് അമ്മ മല്ലി, ഇടപെട്ട് കോടതി; അമിത് ഷായും ചോദ്യം!
കൂടുതല്‍ വായനയ്ക്ക്: പ്രതികളുടെ മൊബൈൽ പൊതിഞ്ഞത് എന്തിന്? ലാപ്ടോപ് തിരികെ നല്‍കിയ കോടതി; മധുക്കേസ് വിസ്താരത്തിലെ പുതിയ പാഠങ്ങള്‍