അട്ടപ്പാടി മധു കൊലക്കേസ്: കൂറുമാറ്റം തുടരുന്നു, 29-ാം സാക്ഷിയും കൂറുമാറി 

29-ാം സാക്ഷി സുനിൽ കുമാറാണ് കോടതിയിൽ മൊഴി മാറ്റിയത്. ഇതോടെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 15 ആയി. 

attappadi madhu murder case one more witness hostile

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. 29-ാം സാക്ഷി സുനിൽ കുമാറാണ് കോടതിയിൽ മൊഴി മാറ്റിയത്. മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ട് വരുന്നത് കണ്ടു, പ്രതികള്‍ കള്ളൻ എന്നു പറഞ്ഞ് മധുവിന്‍റെ ദൃശ്യങ്ങൾ എടുക്കുന്നത് കണ്ടു എന്നുമായിരുന്നു സുനിൽ കുമാര്‍ പൊലീസിന് നല്‍കിയ മൊഴി. ഈ മൊഴിയാണ് സുനിൽ കുമാര്‍ കോടതിയില്‍ മാറ്റി പറഞ്ഞത്. ഇതോടെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 15 ആയി. 

ഇരുത്തിയേഴാം സാക്ഷിയായ സെയ്തലവി ഇന്നലെ കൂറുമാറിയിരുന്നു. അതേസമയം രണ്ട് സാക്ഷികൾ ഇന്നലെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. സാക്ഷികളായ വിജയകുമാർ, രാജേഷ് എന്നിവരാണ് മൊഴിയിൽ ഉറച്ചു നിന്നത്. ഇരുപത്തിയഞ്ചാം സാക്ഷിയാണ് വിജയകുമാർ. രാജേഷ് ഇരുപത്തിയാറാം സാക്ഷിയാണ്. 

പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിലൂടെ ഹൈക്കോടതി അനുവദിച്ച ജാമ്യ ഉപാധി ലംഘിച്ചെന്ന് കാട്ടി പ്രോസിക്യൂഷൻ നേരത്തെ മണ്ണാർക്കാട് എസ്‍സി - എസ്‍ടി കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു. കേസിലെ പതിനാറിൽ 12 പ്രതികളുടെ ജാമ്യമാണ് മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതി റദ്ദാക്കിയത്. പിന്നീട് ഹൈക്കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു. പ്രതികൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധി പുനഃപരിശോധിക്കാനോ തിരുത്താനോ കീഴ്ക്കോടതികൾക്ക് അനുവാദമില്ലെന്ന് ചൂണ്ടികാട്ടിയിരുന്നു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നടപടി. ഇക്കാര്യത്തിലെ നിയമപ്രശ്നം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Also Read: 'കുടുംബത്തിന് നീതി കിട്ടുമെന്നാണ് പ്രതീക്ഷ'; അട്ടപ്പാടിയിലെ മധുവിന്‍റെ കുടുംബത്തെ സന്ദർശിച്ച് ഗവർണർ

ജാമ്യം റദ്ദാക്കിയുള്ള വിചാരണ കോടതി ഉത്തരവ് റദ്ദാക്കപ്പെട്ടതിന് പിന്നാലെ വീണ്ടും കൂറുമാറ്റം ഉണ്ടായത് മധുവിന്റെ കുടുംബത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രതികൾ ജാമ്യത്തിൽ തുടർന്നാൽ വിചാരണ അട്ടിമറിക്കപ്പെടുമെന്ന പ്രോസിക്യൂഷൻ ആരോപണം ശരിവയ്ക്കുന്നതാണ് വിചാരണ കോടതിയിൽ ഇന്നുണ്ടായ നടപടികൾ. കേസിൽ വിചാരണ വേഗത്തിലാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നെങ്കിലും തുടർ കൂറുമാറ്റവും പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ നിലപാടും തിരിച്ചടിയായിട്ടുണ്ട്. അതിനിടെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീട്ടിലെത്തി സന്ദ്ര്‍ശിച്ചത് മധുവിന്‍റെ കുടുംബത്തിന് ആശ്വാസമായി. മധുവിന്‍റെ കുടുംബത്തിന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഗവർണർ പ്രതികരിച്ചു. ഗവർണറുടെ സന്ദർശനം നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഊർജം നൽകുന്നുവെന്ന് സഹോദരി സരസു മാധ്യമങ്ങളോട് പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios