അഞ്ച് വർഷം മുമ്പ് കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ആ ദിവസം; നീറുന്ന നോവായി മധു, ഒടുവിൽ നീതി
ഒരു നേരത്തെ ആഹാരത്തിനാണ് മധു ജീവൻ കൊണ്ട് വിലനൽകേണ്ടി വന്നത്. ഇന്ത്യയൊട്ടാകെ വിഷയം ചർച്ചയായി. ലോകത്തിനു മുന്നിൽത്തന്നെ കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ടി വന്നു. അഞ്ച് വർഷങ്ങൾക്കിപ്പുറം കേസിൽ വിധി വന്നിരിക്കുന്നു. പ്രതികളായ 16 പേരിൽ 14 പേരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരിക്കുന്നു. ഒടുവിൽ മധുവിന് നീതി കിട്ടിയെന്ന് സമൂഹം ആശ്വസിക്കുന്നു. അപ്പോഴും, കൈകൾ ബന്ധിപ്പിക്കപ്പെട്ട് ദൈന്യതയോടെ ചുറ്റിലും ഉറ്റുനോക്കിയ ആ മുഖം ബാക്കിവെക്കുന്ന നൊമ്പരം കേരളമനസാക്ഷിയെ അലോസരപ്പെടുത്തുന്നത് തന്നെയാണ്.
2018 ഫെബ്രുവരി 22. അന്നാണ് ആൾക്കൂട്ടത്തിന്റെ വിചാരണയ്ക്കും മർദ്ദനത്തിനും വിധേയനായി മധു എന്ന യുവാവിന് ജീവൻ നഷ്ടപ്പെട്ടത്. ആഹാരസാധനങ്ങൾ മോഷ്ടിച്ചു എന്നാരോപിച്ച് ആൾക്കൂട്ടവിചാരണ നേരിടേണ്ടി വന്ന മധു നിസ്സഹായനായ, മനോദൗർബല്യമുള്ള, അതിദരിദ്രനായ ഒരു 27കാരനായിരുന്നു. സാംസ്കാരിക പ്രബുദ്ധതയ്ക്ക് പേര് കേട്ട കേരളത്തെയൊന്നാകെ നാണക്കേടിന്റെ ആഴങ്ങളിലേക്ക് തള്ളിവിടാൻ ആ സംഭവം കാരണമായി. മധുവിനെ വിചാരണ ചെയ്യുന്നത്, ആൾക്കൂട്ടത്തിന്റെ ആക്രോശങ്ങൾക്കു മുമ്പിൽ നിസ്സഹായനായ ഒരു മനുഷ്യൻ ദൈന്യതയോടെ നിൽക്കുന്നത്, കൊടുംകുറ്റവാളിയെന്ന് മുദ്രകുത്തി അയാളെ മർദ്ദിക്കുന്നത് ഒക്കെ ദൃശ്യങ്ങളായി കേരളജനതയ്ക്ക് മുമ്പിലെത്തി. ഒരു നേരത്തെ ആഹാരത്തിനാണ് മധു ജീവൻ കൊണ്ട് വിലനൽകേണ്ടി വന്നത്. ഇന്ത്യയൊട്ടാകെ വിഷയം ചർച്ചയായി. ലോകത്തിനു മുന്നിൽത്തന്നെ കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ടി വന്നു. അഞ്ച് വർഷങ്ങൾക്കിപ്പുറം കേസിൽ വിധി വന്നിരിക്കുന്നു. പ്രതികളായ 16 പേരിൽ 14 പേരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരിക്കുന്നു. ഒടുവിൽ മധുവിന് നീതി കിട്ടിയെന്ന് സമൂഹം ആശ്വസിക്കുന്നു. അപ്പോഴും, കൈകൾ ബന്ധിപ്പിക്കപ്പെട്ട് ദൈന്യതയോടെ ചുറ്റിലും ഉറ്റുനോക്കിയ ആ മുഖം ബാക്കിവെക്കുന്ന നൊമ്പരം കേരളമനസാക്ഷിയെ അലോസരപ്പെടുത്തുന്നത് തന്നെയാണ്.
അട്ടപ്പാടി ചിണ്ടക്കി സ്വദേശിയായ മധുവിന് അച്ഛൻ മരിച്ചതോടെ ഏഴാം ക്ലാസ്സിൽ വച്ച് പഠിപ്പ് ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് സംയോജിത ഗോത്രവികസനപദ്ധതിയുടെ ഭാഗമായി പാലക്കാട് പോയി മരപ്പണിയില്‍ പരിശീലനം നേടി. തുടർന്ന് ജോലിക്കായി ആലപ്പുഴയ്ക്ക് പോയി. എന്നാൽ, അവിടെവെച്ച് ഒരു സംഘര്‍ഷത്തിനിടയില്‍ പെടുകയും തലയ്ക്കു പരിക്കേൽക്കുകയും ചെയ്തു. പിന്നീട് മധു പഴയതുപോലെയായിരുന്നില്ല. നാട്ടില്‍ മടങ്ങിയെത്തിയ മധു അലഞ്ഞുനടക്കാൻ തുടങ്ങി. കാട്ടിലേക്ക് കയറുന്നതും ഗുഹകളിൽ താമസിക്കുന്നതും പതിവായി. വല്ലപ്പോഴുമൊക്കെ നാട്ടിലെത്തി മടങ്ങിയിരുന്നു. ഇങ്ങനെ കാടിറങ്ങിയെത്തിയ മധു മുക്കാലിയിലെ കടയിൽ നിന്ന് അരിയും മറ്റ് സാധനങ്ങളും മോഷ്ടിച്ചെന്നാരോപിച്ചാണ് ആൾക്കൂട്ടം അയാളെ വിചാരണ ചെയ്തതും മർദ്ദിച്ച് കൊലപ്പെടുത്തിയതും.
'കാട്ടിലേക്ക് വിറക് ശേഖരിക്കാൻ പോയ നാട്ടുകാരൻ മധുവിനെ അവിടെയൊരു ഗുഹയിൽ കണ്ടു. അയാൾ, നാട്ടുകാരെ വിളിച്ചുകൂട്ടി. അവർ ചേർന്ന് മധുവിനെ വിചാരണ ചെയ്തു, മർദ്ദിച്ചു. തുടർന്ന് മധുവിന്റെ കൈലിയഴിച്ച് കൈകൾ അതുകൊണ്ട് കെട്ടി. ചാക്കുകെട്ട് തലയിൽ വച്ച് മധുവിനെ നാട്ടിലേക്ക് നടത്തിച്ചു. നടന്നെത്തിയ നാല് കിലോമീറ്റർ ദൂരവും മധു മർദ്ദനത്തിന് വിധേയനായി. മുക്കാലി കവലയിലെത്തിച്ച ശേഷവും ആൾക്കൂട്ടം മധുവിനെ മർദ്ദിച്ചു. അരമണിക്കൂറിനകം ആരോ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തുമ്പോഴേക്കും മധു അങ്ങേയറ്റം അവശനായിരുന്നു. പൊലീസ് ജീപ്പിലാണ് മധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യാത്രക്കിടെ മധു ഛർദ്ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയ്ക്കു പിന്നിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നു'. കേസ് രേഖകളിൽ പറയുന്നത് ഇങ്ങനെയാണ്.
Read Also: ബന്ധുവടക്കം നിരവധിപ്പേര്‍ കൂറ് മാറിയ മധുക്കേസിലെ നാള്‍ വഴികള്‍
വിചാരണയിലും മർദ്ദനത്തിലും മാത്രം ഒതുങ്ങിയില്ല ആൾക്കൂട്ടത്തിന്റെ ക്രൂരത. മധുവിനെ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അവർ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചു. മർദ്ദനമേറ്റ് തളർന്നിരുന്ന മധുവിനൊപ്പമുള്ള സെൽഫി അതിസാഹസിക ദൃശ്യം എന്ന തരത്തിൽ അവർ അവതരിപ്പിച്ചു. ഇതായിരുന്നു പുറത്തുവന്ന ദൃശ്യങ്ങളിൽ ഏറ്റവും വേദനാജനകം. സമൂഹമനസാക്ഷിയെ ഞെട്ടിച്ച ഈ ദൃശ്യങ്ങൾ രാജ്യമൊട്ടാകെ ചർച്ചയായി. ദേശീയ- അന്തർദേശീയ മാധ്യമങ്ങൾ സംഭവം വാർത്തയാക്കി. കേരളം പ്രതിക്കൂട്ടിലായി. പ്രതികൾക്കെതിരെ മുറവിളി ഉയർന്നു. വിഷയത്തിൽ കേസെടുത്ത പൊലീസ് 16 പ്രതികളെ അറസ്റ്റ് ചെയ്തു.
2018 മേയിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. നാല് വർഷത്തിനു ശേഷമാണ് കേസിൽ വിചാരണ തുടങ്ങിയത്. ഒട്ടേറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണ് കേസ് അന്തിമഘട്ടത്തിലെത്തിയത്. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ വിചാരണക്കോടതിയില്‍ സ്ഥിരം ജഡ്ജിയുണ്ടായിരുന്നില്ല എന്നതായിരുന്നു ആദ്യ കടമ്പ. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ താത്പര്യം കാണിക്കാതിരുന്നതും ആദ്യഘട്ടത്തിൽ പ്രതിസന്ധിയായി. ഒരു കേസിനുവേണ്ടിമാത്രം സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണോ എന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. പിന്നീട് നിയമനം നടന്നിട്ടും പ്രതിസന്ധി അവസാനിച്ചില്ല. ആ പദവിയില്‍ ആളുകള്‍ മാറിമാറിവന്നത് കേസിന് തിരിച്ചടിയായി. സാക്ഷികൾ പലരും കൂറുമാറി. കേസിന്റെ നീതിപൂർവ്വമായ നടപടി എന്ന ആവശ്യമുന്നയിച്ച് മധുവിന്റെ കുടുംബം പലതവണ നിയമവഴികളിലും അധികാരികൾക്കു മുമ്പിലും അപേക്ഷ നൽകി. ഒടുവിൽ 2023 മാർച്ച് 10ന് കേസിൽ അന്തിമവാദം പൂർത്തിയായി. 2023 ഏപ്രിൽ നാലിന് 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് മണ്ണാർക്കാട് മജിസ്ട്രേറ്റ് കോടതി വിധിച്ചു.