മധു കേസ്: പ്രതിഭാഗത്തിന്റെ ചോദ്യശരങ്ങൾ, മുനയൊടിച്ച് ഡോ എൻഎ ബലറാമിന്റെ മറുപടി, കോടതി നടപടികൾ ഇങ്ങനെ...
മധുകൊല്ലപ്പെട്ടത് പൊലീസ് കസ്റ്റഡിയിൽ അല്ലെന്ന് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ടീമിൻ്റെ തലവൻ ഡോ.എൻ.എ. ബലറാം.
മധുകൊല്ലപ്പെട്ടത് പൊലീസ് കസ്റ്റഡിയിൽ അല്ലെന്ന് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ടീമിൻ്റെ തലവൻ ഡോ.എൻ.എ. ബലറാം. മധുവിൻ്റെ ശരീരത്തിൽ കണ്ടെത്തിയ പരിക്കുകൾക്ക് കസ്റ്റഡിയിൽ വച്ച് പീഡിപ്പിക്കപ്പെട്ടതിൻ്റെ പ്രകൃതമായിരുന്നില്ലെന്ന് അദ്ദേഹം മണ്ണാർക്കാട് എസ് സി എസ്ടി കോടതിയിൽ മൊഴി നൽകി. സംഭവകാലത്ത് തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഫൊറൻസിക് മെഡിസിൻ വിഭാഗം മേധാവിയായിരുന്നു അദ്ദേഹം.
ചോദ്യശരങ്ങളുമായി പ്രതിഭാഗം, അനുഭവം കൊണ്ട് മുനയൊടിച്ച് ഡോ.എൻ.എ ബലറാം
മധുവിൻ്റെ ശരീരത്തിലെ ഒന്നുമുതൽ പതിനഞ്ച് വരെയുള്ള പരിക്കുകൾ മരണ കാരണമായേക്കാവുന്നവയാണ് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. മധുവിൻ്റെ ശരീരത്തിലുണ്ടായ പരിക്കുകൾ പൊലീസ് പിടിച്ചെടുത്ത മരവടികൾ കൊണ്ട് സംഭവിക്കാവുന്നതാണ് എന്നും ഡോക്ടർ സ്ഥിരീകരിച്ചു. ഇന്ന് മരവടികൾ കോടതിയിൽ പ്രദർശിപ്പിച്ചു. ഡോക്ടർ ബലറാം ഈ വടികൾ കൊണ്ട് മർദിച്ചാൽ മധുവിൻ്റെ ശരീരത്തിൽ കണ്ടെത്തിയ പാടുകൾ ഉണ്ടാകുമെന്ന് വ്യക്തമാക്കി.
ഓരോ മുറിവും എങ്ങനെയൊക്കെ ഉണ്ടാകാം എന്നും ഡോക്ടർ വിസ്തരിച്ചു. മുഷ്ടി ചുരുട്ടിയുള്ള ഇടി കൊണ്ടാൽ, തല പിടിച്ച് ചുമരിന് ഇടിച്ചാൽ, വടികൊണ്ട് ഓങ്ങിയടിച്ചാൽ, അങ്ങനെ ഓരോ മർദനവും അവയുടെ ശക്തിയും അതുണ്ടാക്കിയേക്കാവുന്ന പരിക്കിൻ്റെ / ചതവിൻ്റെ ആഘാതമൊക്കെ മൃതേദഹം പോസ്റ്റുമോർട്ടം ചെയ്ത് ഡോക്ടർ എൻ.എ. ബലറാം കോടതിയിൽ വ്യക്തമായി വിശദീകരിച്ചു.
'ലാത്തിവീശി പ്രതിഭാഗം, മരവടിയെന്ന് ഡോക്ടർ'
ഉരുണ്ട മരക്കഷ്ണം കൊണ്ടുള്ള മർദനമേറ്റാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ച ചതവും പരിക്കും ഉണ്ടാകുമോ എന്ന് എതിർ വിസ്താരത്തിനിടെ പ്രതിഭാഗം ചോദിച്ചു. അതെയെന്ന് തന്നെയായിരുന്നു ഡോക്ടറുടെ മറുപടി. ലാത്തി കൊണ്ടും ഇത്തരം പരിക്ക് ഉണ്ടാകില്ലേ എന്ന് ചോദിച്ചപ്പോൾ, ലാത്തിയും ഉരുണ്ട മരക്കഷ്ണമാണ്, എന്നായിരുന്നു ഡോക്ടറുടെ വിശദീകരണം. തലയിലും തെറ്റിയിലുമായി കണ്ടെത്തിയ മുറിവുകൾ തലച്ചോറിനെ ബാധിക്കുന്നവയാണ്, സ്വബോധം നഷ്ടപ്പെടുകയും ഉടൻ തന്നെ മരിക്കാൻ തന്നെ കാരണമായേക്കാവുന്നവയാണ് എന്നും ഡോക്ടർ വിശദീകരിച്ചു.
'പരുക്കിൽ വച്ചുകെട്ടിയ ചോദ്യങ്ങൾ, കസ്റ്റഡിയിലാകാതെ മരണം
മധുവിൻ്റെ ശരീരത്തിൽ കണ്ടെത്തിയ മുറിപ്പാടും ചതവുമൊക്കെ കസ്റ്റഡി പീഡനത്തിന് തുല്യമാണോ എന്ന് ചോദ്യമെത്തി. പരിക്കുകൾക്ക് ആ സ്വഭാവമില്ലെന്ന് ഡോക്ടർ തീർത്തുപറഞ്ഞു. തലയിലും തെറ്റിയിലും കണ്ടെത്തിയ പരിക്കുകൾ, ഒരു മുറിയിൽ വച്ച് ചുമരിനോ, പരുക്കൻ പ്രതലത്തിലോ ഇടിച്ചാൽ ഉണ്ടാകുന്നവയാണോ എന്നും പ്രതിഭാഗം ചോദ്യമുയർത്തി. അതെ എന്നായിരുന്നു മറുപടി. അതൊരു പൊലീസ് ജീപ്പാകാമോ, പൊലീസ് സ്റ്റേഷൻ ആകാമോ എന്നും ഉപചോദ്യങ്ങളുയർന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയ മുറിപ്പാടും ചതവും ഉണ്ടാക്കാനുള്ള സൌകര്യമുള്ള എവിടെയുമാകാം എന്ന് ഡോക്ടർ സംഗ്രഹിച്ചു. എന്തുകൊണ്ടാണ് വലിയ മുറിവ് ചെറിയ മുറിവ് എന്നൊന്നും രേഖപ്പെടുത്താതത് എന്ന് ചോദ്യത്തിന് വലുപ്പച്ചെറുപ്പമല്ല, കൃത്യമായ നീളം വീതി, ആഴം എന്നിവയാണ് രേഖപ്പെടുത്താറെന്ന് ഡോക്ടർ തിരുത്തി.
മധു കൊലക്കേസ്: അഭിഭാഷകരുടെ തർക്കം, ആവർത്തന ചോദ്യങ്ങളിൽ പരിഭവം പറഞ്ഞ് സാക്ഷി, കോടതി നടപടികൾ ഇങ്ങനെ...
നേരത്തെ കൊണ്ടുവന്നിരുന്നെങ്കിൽ...
2018 ഫെബ്രുവരി 22 നാണ് മധു കൊല്ലപ്പെടുന്നത്. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നത് രണ്ടുനാൾ കഴിഞ്ഞ് 24ന്. നടപടികളിൽ വന്ന താമസം പോസ്റ്റുമോർട്ടത്തിന് തടസ്സമായോ എന്ന ഉള്ളടക്കം ചോദ്യമായെത്തി. പ്രതിസന്ധിയായിരുന്നില്ലെന്ന് ഡോക്ടർ വ്യക്തമാക്കി. ഇൻക്വസ്റ്റ് റിപ്പോർട്ട് പോസ്റ്റുമോർട്ടത്തിന് മുമ്പ് ലിഭിച്ചിരുന്നോ, എന്ന് ചോദിച്ചപ്പോൾ ഇല്ല. അതിൻ്റെ ആവശ്യമില്ലെന്ന് ഡോക്ടർ. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിയ സമയം അറിയുമോ, സമയം രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് അഡ്വ.ടി.ഷാജിത്ത് ആരാഞ്ഞെങ്കിലും അറിയില്ലെന്ന് ഡോക്ടർ മറുപടി നൽകി. ഫ്രീസറിൽ മൃതദേഹം സൂക്ഷിച്ചിട്ടുണ്ടെങ്കിൽ ഡിപ്പാർട്ട്മെൻ്റ് രജിസ്റ്ററിൽ വിവരം ഉണ്ടാകും എന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
122 സാക്ഷികളുള്ള മധുകേസിൽ സാക്ഷി വിസ്താരം അവസാനത്തോട് അടുക്കുകയാണ്. നാളെ നാലു സാക്ഷികളെ വിസ്തരിക്കാൻ വിളിപ്പിച്ചിട്ടുണ്ട്. കോടതിയെ തെറ്റിദ്ധരിപ്പിച്ച സാക്ഷി സുനിൽ കുമാറിനെതിരായ നടപടിയിലും കോടതി തീർപ്പ് പറഞ്ഞിട്ടില്ല. പ്രതികളുടെ ജാമ്യാപേക്ഷയും വിചാരണക്കോടതിയുടെ മുമ്പിലുണ്ട്. കൂറുമാറിയ 18, 19 സാക്ഷികളെ വിസ്തരിക്കണമെന്ന ഹർജിയും നിലവിൽ കോടതിയുടെ പരിഗണനയിലാണ്.