Asianet News MalayalamAsianet News Malayalam

എടിഎം കവ‍ർച്ച: പ്രതികൾ കേരളത്തിലെത്തിയത് വിമാനത്തിൽ, സൂത്രധാരൻ അക്രം; കൊല്ലപ്പെട്ടത് ട്രക്ക് ഉടമ

സംഘത്തിലൊരാളായ മുബാറകിന് ഒന്നിനെ കുറിച്ചും ഒരു അറിവുമില്ലെന്നും ഇയാളുടെ പേരിൽ മറ്റ് കേസുകൾ ഇല്ലെന്നും പൊലീസ്

ATM robbery Thrissur five among seven accused being questioned more details came to light
Author
First Published Sep 27, 2024, 10:42 PM IST | Last Updated Sep 27, 2024, 10:42 PM IST

സേലം: കേരളത്തിലെ എടിഎം കവർച്ചയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ പിടിയിലായ പ്രതികളിൽ രണ്ട് പേർ കവർച്ചയ്ക്കായി കേരളത്തിലെത്തിയത് വിമാന മാർഗ്ഗം. മൂന്ന് പേർ കാറിലും മറ്റുള്ളവർ ട്രക്കിലുമാണ് കേരളത്തിലെത്തിയത്. സംഘത്തിലെ ഒരാളായ മുബാറകിനെ നടന്ന സംഭവങ്ങളെ കുറിച്ച് ഒരു അറിവുമില്ലെന്നും പൊലീസുമായി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ട്രക്ക് ഉടമ സുമാനുദ്ദീൻ ആണെന്നും തമിഴ്‌നാട് പൊലീസ് സ്ഥിരീകരിച്ചു.

എ.ടി.എം. കവർച്ചയുടെ മുഖ്യ സൂത്രധാരൻ പിടിയിലായ മുഹമ്മദ് ഇക്രമാണെന്ന് പൊലീസ് ചോദ്യം ചെയ്യലിലൂടെ കണ്ടെത്തി. ഏത് എ.ടി.എം കവർച്ച ചെയ്യണം എന്ന് തീരുമാനിച്ചത് ഇക്രമായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. ഇവർ ഇന്നലെയാണ് തൃശ്ശൂരിലെത്തിയത്. സബീർ കാന്തും, സൗകിനുമാണ് വിമാന മാർഗ്ഗം കേരളത്തിലെത്തിയത്. സംഘത്തിലൊരാളായ മുബാറകിന് ഒന്നിനെ കുറിച്ചും ഒരു അറിവുമില്ലെന്നും ഇയാളുടെ പേരിൽ മറ്റ് കേസുകൾ ഇല്ലെന്നും പൊലീസ് കണ്ടെത്തി.

സംഭവത്തിൽ ഏഴ് പേരാണ് പിടിയിലായിരിക്കുന്നത്. ഹരിയാനയിലെ പൽവാൽ ജില്ലക്കാരായ ഇർഫാൻ, സഫീർഖാൻ, സഖ്‌വീൻ, മുബാറക് എന്നിവരും നൂഹ് ജില്ലയിൽ നിന്നുള്ള മുഹമ്മദ് അക്രം, അസീർ അലി, സുമാനുദ്ദീൻ എന്നിവരാണ് സംഘാംഗങ്ങൾ. ഇതിൽ സുമാനുദ്ദീൻ കൊല്ലപ്പെട്ടു. അസീർ അലി പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. മറ്റുള്ളവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത എടിഎം കൊള്ളയാണ് തൃശ്ശൂരിൽ നടന്നത്. 20 കിലോമീറ്റർ പരിധിയിൽ മൂന്ന് എടിഎം കൗണ്ടറുകളിലാണ് രാത്രി മോഷണം നടന്നത്. 68 ലക്ഷം രൂപ കൊള്ളയടിക്കപ്പെട്ടു. തമിഴ്നാട്ടിലെ നാമക്കലിൽ വെച്ചാണ് ഏഴ് പ്രതികളെയും സിനിമാ സ്റ്റൈലിൽ പിടികൂടിയത്. ഏറ്റുമുട്ടലിനിടെ പ്രതികളിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. 

പുലർച്ചെ 2.10 നാണ് ആദ്യ മോഷണം. ഇരിങ്ങാലക്കുടയ്ക്കടുത്ത് മാപ്രാണത്തെ എസ്ബിഐ എടിഎമ്മിലേക്ക് കാറിലെത്തിയ മുഖം മൂടി സംഘം കയറി ഗ്യാസ് കട്ടറുപയോഗിച്ച് എടിഎം തകര്‍ത്തു. അവിടെനിന്ന് തട്ടിയെടുത്തത് 33 ലക്ഷം രൂപ. എടിഎം തകര്‍ന്ന സന്ദേശം ബാങ്ക് സര്‍വ്വറില്‍ നിന്ന് പൊലീസിന് കിട്ടി. 2.45 ഓടെ പൊലീസ് മാപ്രാണത്ത് എത്തി. കവര്‍ച്ചാസംഘം അപ്പോഴേക്കും 20 കിലോമീറ്റര്‍ കടന്നിരുന്നു.

പുലർച്ചെ 3.02  ന് കൊള്ളസംഘം നേരെ തൃശൂര്‍ നഗരത്തിലെ നായ്ക്കനാല്‍ ഷൊര്‍ണൂര്‍ റോഡിലുള്ള രണ്ടാമത്തെ എസ്ബിഐ എടിഎമ്മിലെത്തി. ഇവിടെ നിന്ന് 10 ലക്ഷം രൂപ കവർന്നു. അതേ കാറില്‍ കോലഴിയിലേക്ക് പോയി. എടിഎം കൗണ്ടറിലുള്ള സിസിടിവി സ്പ്രേ ചെയ്ത് മറച്ച ശേഷം കോലഴിയില്‍ നിന്ന് 25.8 ലക്ഷം രൂപ കവർന്നു. അലർട്ട് കിട്ടിയതനുസരിച്ച് പൊലീസ് രണ്ടാമത്തെ പോയിന്‍റിൽ പരിശോധന നടത്തുമ്പോഴായിരുന്നു ഇത്.

വെള്ള കാറിനെ തേടി തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പൊലീസുകാർ കൂട്ടത്തോടെ പരിശോധന നടത്തിയെങ്കിലും പാലക്കാട് അതിർത്തിയിൽ കാത്തുനിന്ന കണ്ടെയ്നർ ലോറിക്കുള്ളിലേക്ക് വെള്ളക്കാർ കയറ്റി, മോഷണ സംഘം കേരളം വിട്ടിരുന്നു. അയൽ സംസ്ഥാനങ്ങളിലെ പൊലീസിന് കേരളാ പൊലീസ് വിവരം കൈമാറിയിരുന്നു. കേരളത്തിന്‍റെ അതിർത്തി ജില്ലകളിൽ പരിശോധന ഊർജിതമായി. കണ്ടെയ്നർ ലോറിയിലാണ് പ്രതികൾ എന്ന വിവരം രാവിലെ 8:45ന് തമിഴ്നാട് പൊലീസിന് ലഭിച്ചു. നാമക്കലിലെ കുമാരപാളയം ജംഗ്ഷൻ ബൈപാസിൽ വച്ച് പൊലീസ് സംഘം കണ്ടെയ്നറിന് കൈ കാണിച്ചെങ്കിലും നിർത്താതെ പോയി. ദുരൂഹത സംശയിച്ച പൊലീസ് പിന്നാലെ പാഞ്ഞു.

തൊട്ടടുത്തുള്ള ടോൾ ഗേറ്റിന് അടുത്ത് വച്ച് ലോറി വെട്ടിത്തിരിച്ച് അടുത്ത വഴിയിലേക്ക് പോകാൻ ശ്രമിച്ചു. അതിനിടെ നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു. പൊലീസ് പിന്നാലെ തന്നെ പാഞ്ഞു. സന്യാസിപ്പെട്ടിയിൽ വച്ച് വാഹനം നിർത്തി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. മുന്നിൽ 4 പേർ ഇരിക്കുന്നുണ്ടായിരുന്നു. അവരെയും കസ്റ്റഡിയിൽ എടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. അപ്പോഴൊന്നും എടിഎം മോഷണ സംഘമാണെന്ന പൊലീസ് അത്രകണ്ട് സംശയിച്ചിരുന്നില്ല. വഴിയിൽ വച്ച് ലോറിയുടെ ഉള്ളിൽ എന്തോ ഉണ്ടെന്ന് പൊലീസിന് സംശയം തോന്നി. ലോറി നിർത്തി തുറന്നു പരിശോധിക്കാൻ ശ്രമിച്ചു. അപ്പോഴാണ് അകത്തു കാറും 2 പേരും ഉണ്ടെന്ന് കണ്ടത്. കണ്ടെയ്നറിന് ഉള്ളിൽ ഉള്ളവർ പുറത്തേക് ഓടാൻ ശ്രമിച്ചു. അവരെ കീഴ്പ്പെടുത്തി. ഇതിനിടയിൽ ഡ്രൈവർ, പൊലീസ് ഇൻസ്‌പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചു. അയാളെ വെടി വച്ച് വീഴ്ത്തി.
 

Latest Videos
Follow Us:
Download App:
  • android
  • ios