സുഹൃത്തിനോട് വീഡിയോ എടുക്കാൻ പറഞ്ഞു, പിന്നാലെ പാലത്തിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടി; രക്ഷകരായി ഫയർഫോഴ്സ്
ഏറെ നേരം നടത്തിയ തെരച്ചിലില്‍ യുവാവിനെ കണ്ടെത്തി. ഫയര്‍ഫോഴ്സ് സംഘം യുവാവിനെ രക്ഷപ്പെടുത്തി കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പത്തനംതിട്ട: സുഹൃത്തിനോട് വീഡിയോ എടുക്കാൻ ആവശ്യപ്പെട്ട് പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു പത്തനംതിട്ട തണ്ണിത്തോട് മുണ്ടോമുഴി പാലത്തിൽ നിന്നാണ് പത്തനംതിട്ട എലിമുള്ളും പ്ലാക്കൽ സ്വദേശി സുധി (19) പുഴയിലേക്ക് ചാടിയത്. സുഹൃത്തിനൊപ്പം ഇവിടെ എത്തിയ സുധി പെട്ടെന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ പാലത്തിൽ നിന്ന് കല്ലാറ്റിലേക്കാണ് സുധിമോൻ ചാടിയത്. സുഹൃത്തിനോട് വീഡിയോ പകർത്താൻ ആവശ്യപ്പെട്ടശേഷമായിരുന്നു യുവാവ് പുഴയിലേക്ക് ചാടിയത്.
കോന്നിയിൽ നിന്നും ഫയർഫോഴ്സ് സംഘവും തണ്ണിത്തോട് പൊലീസും നാട്ടുകാരും സ്ഥലത്തു തെരച്ചിൽ ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ഏറെ നേരം നടത്തിയ തെരച്ചിലില്‍ യുവാവിനെ കണ്ടെത്തി. ഒഴുക്കില്‍പ്പെട്ട യുവാവ് വള്ളിപടര്‍പ്പില്‍ പിടിച്ചുകിടക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് സംഘം യുവാവിനെ രക്ഷപ്പെടുത്തി കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഫയര്‍ഫോഴ്സിന്‍റെ നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലാണ് യുവാവിനെ ജീവനോടെ രക്ഷിക്കാനായത്.
പാലത്തിന് സമീപത്തേക്ക് ഓടിപ്പോയശേഷം പാലത്തിന്‍റെ കൈവരിയില്‍ നിന്നാണ് താഴേക്ക് ചാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സുധിമോന്‍റെ സുഹൃത്ത് അഭിജിത്താണ് വീഡിയോ പകർത്തിയത്. യുവാവ് ചാടാൻ ശ്രമിക്കുമെന്ന് വീഡിയോ എടുത്ത് സുഹൃത്തും പ്രതീക്ഷിച്ചിരുന്നില്ല. യുവാവ് ചാടുന്നത് കണ്ട സുഹൃത്ത് തന്നെയാണ് വിവരം ആളുകളെ അറിയിച്ചത്. കനത്ത മഴയില്‍ ശക്തമായ നീരൊഴുക്ക് ഉണ്ടായിരിക്കെയാണ് യുവാവിന്‍റെ സാഹസികത.
തൃശൂരിലും പുഴയിലേക്ക് ഒരാള്‍ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. കരുവന്നൂർ പുഴയിൽ മൂർക്കനാട് ഇല്ലിക്കൽ റെഗുലേറ്ററിന് മുകളിലെ പാലത്തിൽ നിന്നാണ് ഒരാൾ പുഴയിലേക്ക് ചാടിയത്. സമീപത്ത് ചുണ്ടയിട്ടിരുന്നവർ ആണ് 60 വയസിന് അടുത്ത് പ്രായമുള്ളയാള്‍ പാലത്തിന്‍റെ കൈവരികൾക്ക് മുകളിൽ നിന്ന് പുഴയിലേയ്ക്ക് ചാടുന്നത് കണ്ടത്. ഉച്ചയ്ക്ക് 1.30 തോടെയാണ് സംഭവം. ഇദ്ദേഹത്തിന്‍റെ വാച്ചും കുടയും ചെരിപ്പും മറ്റും പാലത്തിൽ അഴിച്ച് വച്ചാണ് പുഴയിലേയ്ക്ക് ചാടിയിരിക്കുന്നത്.
നീല ഷർട്ടും കള്ളിമുണ്ടും ആണ് ധരിച്ചിരുന്നത് എന്ന് ദ്യക്സാക്ഷികൾ പറഞ്ഞു. കുറച്ച് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കരുവന്നൂർ പുഴ നിറഞ്ഞാണ് ഒഴുകുന്നത്. ഇല്ലിക്കൽ റെഗുലേറ്ററിലെ ഷട്ടറുകളും തുറന്നിരിക്കുകയാണ്. കനത്ത ഒഴുക്കും അതിനാൽ തന്നെ പുഴയിൽ ഉണ്ട്. ഇരിങ്ങാലക്കുട ഫയർഫോഴ്സും ചേർപ്പ് പോലീസും എത്തി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.