തലസ്ഥാനത്തെ ഓണക്കൂട്ടായ്മ കളറാക്കാൻ ഏഷ്യാനെറ്റ് ന്യൂസ്; യൂട്യൂബിൽ 10 മില്ല്യൺ സബ്സ്ക്രൈബേഴ്സ് ആഘോഷം ഇന്ന്
ഓണക്കൂട്ടായ്മയെ ആവേശം കൊള്ളിക്കാൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സംഘവും ഇന്നെത്തും.
തിരുവനന്തപുരം:തലസ്ഥാനത്തെ ഓണക്കൂട്ടായ്മ കളറാക്കാൻ ഏഷ്യാനെറ്റ് ന്യൂസ്. യൂട്യൂബിൽ ഒരു കോടി സബ്സക്രൈബ്രേഴ്സിനെ സ്വന്തമാക്കിയതിന്‍റെ ആഘോഷം കനകക്കുന്നിലെ ഓണക്കൂട്ടായ്മിൽ ഇന്ന് നടക്കും. തലസ്ഥാനത്ത് ഓരോ ദിവസവും വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്ന ഓണക്കൂട്ടായ്മയെ ആവേശം കൊള്ളിക്കാൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സംഘവും ഇന്നെത്തും.
ഓണക്കൂട്ടായ്മയുടെ ആറാം ദിവസമായ ബുധനാഴ്ച നിശാഗന്ധിയിലാണ് ഏഷ്യാനെറ്റിന്റ സ്റ്റാർ സിംഗർ സംഘത്തിന്‍റെ സംഗീത നിശ നടക്കുക. പാട്ടും ആട്ടവുമായി തകര്‍പ്പൻ ഓണവിരുന്നായിരിക്കും തലസ്ഥാനത്തുള്ളവര്‍ക്കായി സ്റ്റാര്‍ സിംഗര്‍ സംഘം നല്‍കുക. ലോകമെങ്ങുമുള്ള മലയാളികളുടെ അഭിമാനമായ ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ ഒരു കോടി സബ്സ്ക്രെബേഴ്സിൻറെ സ്വന്തമാക്കിയ ചരിത്ര നേട്ടത്തിൻെ ആഘോഷവും സ്റ്റാര്‍ സിംഗര്‍ സംഗീത പരിപാടിക്കൊപ്പം നടക്കും.
ഇന്നലെ നിശാഗന്ധിയിൽ റാസാബീഗത്തിന്‍റെ ഗസലാണ് ആരാധകരിൽ കുളിർമഴയായി പെയ്തിറങ്ങിയത്. ഗസലിനൊപ്പം നൃത്തങ്ങളും നിറം പകര്‍ന്നു. വനിതാ ശിങ്കാരിമേളവും പടയണിയും വഞ്ചിപ്പാട്ടും മറ്റു കലാപരിപാടികളും ഇന്നലെ നടന്നു. വലിയ ജനപങ്കാളിത്തമാണ് ഇന്നലെ ഉണ്ടായത്. ഏഷ്യാനെറ്റ് ന്യൂസും മൈത്രി അഡ്വര്‍ടൈസിംഗും സംയുക്തമായി നടത്തുന്ന ഓണക്കൂട്ടായ്മ -2024ലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഓണാക്കൂട്ടായ്മയുടെ ഭാഗമായി അമ്യുസ്മെൻറ് പാര്‍ക്ക്, ഗെയിം സോണ്‍, പെറ്റ്‌സ് പാര്‍ക്ക്, സ്റ്റേജ് ഷോസ്, ട്രേഡ് ഫെയര്‍, ഫുഡ് ഫെസ്റ്റ് തുടങ്ങിയവയും കനകകുന്നിൽ ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 22വരെയാണ് പരിപാടി.