നിയമസഭയിൽ ട്വിസ്റ്റ്: എൽഡിഎഫിന് മുന്നില്‍ ചരിത്രം വഴിമാറും, കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന് സര്‍വെ

കേരളത്തിന്‍റെ വര്‍ത്തമാനകാലരാഷ്ട്രീയത്തില്‍ തെക്കന്‍ കേരളവും, മധ്യ കേരളവും, വടക്കന്‍ കേരളവും എങ്ങോട്ട് ചായും? ആർക്ക് കിട്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്ക് കിട്ടും മേൽക്കൈ? സർവേ ഫലം ഇങ്ങനെ:

asianet news c fore survey 2020 who will get majority in next assembly elections

തിരുവനന്തപുരം: കേരളത്തിന്‍റെ രാഷ്ട്രീയവർത്തമാനങ്ങളുടെയെല്ലാം അവസാനം ഉയരുന്ന അവസാനചോദ്യമിതാണ്. 2021-ലെ തെരഞ്ഞെടുപ്പിൽ ആര് വിജയരഥമേറും? ഏത് മുന്നണി മേൽക്കൈ നേടും? ആരൊക്കെ എങ്ങനെയൊക്കെ നില മെച്ചപ്പെടുത്തും? ആര് വാഴും, വീഴും?

കൊവിഡാനന്തരകാലമാകും 2021 എന്ന് തന്നെയാണ് ഇപ്പോഴും നമ്മുടെ പ്രതീക്ഷ. അപ്പോഴും തെരഞ്ഞെടുപ്പ് രീതികളൊക്കെ മാറിയേക്കാം, ആഘോഷങ്ങൾ, പ്രചാരണം, കൊട്ടിക്കലാശം - എല്ലാം മാറിമറിഞ്ഞ് ജാഗ്രതയോടെ മുന്നോട്ടുപോകേണ്ട കാലമാകും അടുത്ത തെരഞ്ഞെടുപ്പ്. എല്ലാം കൊണ്ടും പുതിയൊരു തെരഞ്ഞെടുപ്പിനെ കാണുന്ന കേരളജനത, ആർക്ക് അനുകൂലമായി വോട്ട് ചെയ്യും? 

രാഷ്ട്രീയവും സാമുദായിക സമവാക്യവും ഇഴചേര്‍ന്ന് കിടക്കുന്ന കേരളത്തില്‍ അപ്രതീക്ഷിതമായ മാറ്റങ്ങളും, ഉരുത്തിരിയുന്ന പുതിയ സഖ്യങ്ങളും നിർണായകമാകുമെന്ന് ഉറപ്പാണ്. ഇടതുമുന്നണി ഭരണത്തുടര്‍ച്ച നേടിയാല്‍ പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകണോ? ആരോഗ്യമന്ത്രിയായി ശോഭിക്കുന്ന കെ കെ ശൈലജയെ എത്ര ശതമാനം പിന്തുണക്കുന്നു? ഭരണമാറ്റമെന്ന പതിവാവര്‍ത്തിച്ചാല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി കാണാനാണോ ജനമാഗ്രഹിക്കുന്നത്? പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് എത്ര ശതമാനത്തിന്റെ പിന്തുണ? എന്നീ ചോദ്യങ്ങൾക്കെല്ലാമുള്ള മറുപടി നമ്മൾ കണ്ടു. 

ഇനി, ഫലമെന്താകുമെന്ന് പരിശോധിച്ചാൽ എൽഡിഎഫ് 77 മുതൽ 83 സീറ്റ് വരെ നേടാമെന്ന് സർവേ പ്രവചിക്കുന്നു. യുഡിഎഫ് 54 മുതൽ 60 സീറ്റ് വരെ നേടാം. എൻഡിഎ 3 മുതൽ 7 സീറ്റ് വരെ നേടാം എന്നും സർവേ പ്രവചിക്കുന്നുണ്ട്.

asianet news c fore survey 2020 who will get majority in next assembly elections

വോട്ടുവിഹിതമിങ്ങനെയാണ്: എൽഡിഎഫിന് 42 ശതമാനം വോട്ട് വിഹിതം ലഭിക്കും. യുഡിഎഫിന് 39 ശതമാനം. എൻഡിഎയ്ക്ക് 18 ശതമാനം. ഓരോ മുന്നണിയും ഈ വോട്ട് വിഹിതത്തെ സീറ്റുകൾ നേടുന്നതിലേക്ക് എത്തിക്കുന്നതാകും നിർണായകം എന്നുറപ്പാണ്. 

asianet news c fore survey 2020 who will get majority in next assembly elections

സംസ്ഥാനത്ത് ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ഇടതുമുന്നണിയും മധ്യകേരളത്തിൽ യുഡിഎഫും നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തൽ. വടക്കൻ കേരളത്തിൽ 42 സീറ്റുകളും തെക്കൻ കേരളത്തിൽ 22 സീറ്റുകൾ വരെയും ഇടതുമുന്നണി നേടുമെന്നാണ് സർവേ ഫലം.​​​​​​ പ്രവചിച്ചത്. വിശദമായി വായിക്കാം.

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിലുള്ള സീറ്റ് നില എങ്ങനെയായിരുന്നു എന്ന് പരിശോധിക്കാം. വിഎസ്സും, പിണറായിയും നേതൃത്വം നൽകിയ എൽഡിഎഫിന് 91 സീറ്റുകൾ ലഭിച്ചു. യുഡിഎഫിന് 47 സീറ്റുകളാണ് ലഭിച്ചത്. എൻഡിഎയ്ക്ക് ഒരു സീറ്റും. വോട്ട് വിഹിതമിങ്ങനെയായിരുന്നു. എൽഡിഎഫിന് ലഭിച്ചത് 43.48% ആണ്. യുഡിഎഫിന് 38.81%. എൻഡിഎയ്ക്ക് 14.96%. 

ചരിത്രത്തിലാദ്യമായി ഇടത് മുന്നണി രണ്ടാമത് അധികാരത്തിലേറും എന്നാണ് സർവേ പ്രവചിക്കുന്നത്. എൻഡിഎയും വോട്ട് വിഹിതത്തിലും സീറ്റിലും നേട്ടമുണ്ടാക്കുമെന്നും സർവേ വ്യക്തമാക്കുമ്പോൾ, യുഡിഎഫ് ശ്രദ്ധയോടെ മുന്നോട്ട് പോകേണ്ടതുണ്ടെന്നതിന്‍റെ കൃത്യമായ ദിശാസൂചിയാകുകയാണിത്. 

ഒപ്പം ഇന്നത്തെ സർവേഫലങ്ങളുടെ രത്നച്ചുരുക്കമെന്തെന്നും കാണാം:

പ്രചാരണ രീതിയിലും ഇടപെടലുകളിലും എല്ലാം വൻ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ആര് കളം പിടിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ  അന്വേഷിച്ചത്. വലിയ മുന്നേറ്റം ഇടത് മുന്നണിക്ക് ഉണ്ടാകുമെന്നാണ് സര്‍വെ പ്രവചനം. വിശദമായി ഫലം വായിക്കാം.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നു. ബാക്കിയുള്ളത് വെറും പത്ത് മാസത്തെ ഇടവേള. നേതാക്കളും മുന്നണികളും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവര്‍ത്തനം കേന്ദ്രീകരിച്ച് തുടങ്ങുമ്പോൾ ഉയരുന്ന ആദ്യ ചോദ്യമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്നത്. അതിനുള്ള മറുപടി ഇവിടെ വായിക്കാം.

തെരഞ്ഞെടുപ്പ് ഏതായാലും സാമുദായിക ധ്രുവീകരണത്തിലും നിലപാടുകളുടെ അടിയൊഴുക്കുകളിലും ഫലം മാറി മറിയുന്ന പതിവിൽ നിന്ന് കേരളം മാറി ചിന്തിക്കാനിടയില്ലെന്നാണ്  ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ ഫലം വിലയിരുത്തുന്നത്. ദളിത് ഈഴവ മുസ്ലീം വോട്ടുകളിൽ വലിയ നിലപാട് മാറ്റം തന്നെ ഉണ്ടാകാനിടയുണ്ടെന്നാണ് സര്‍വെ നൽകുന്ന സൂചന. ഫലം ഇവിടെ വായിക്കാം.

ജാതി മത ശക്തികളും അവരെടുക്കുന്ന നിലപാടുകളും  വിധിയിൽ നിര്‍ണ്ണായകമാകുന്ന പതിവ് വരുന്ന തെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുമെന്ന സൂചന നൽകുന്നതാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ ഫലം. ക്രൈസ്തവ നായര്‍ വിഭാഗങ്ങളുടെ വോട്ട് ഷെയര്‍ മുന്നണികളുടെ ജയപരാജയങ്ങളിൽ വലിയ പങ്ക് വഹിക്കുമെന്ന സൂചനയും സര്‍വെ നൽകുന്നുണ്ട്. വിശദമായി വായിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios