വേതന വർധന പ്രഖ്യാപിച്ചാൽ മാത്രം സമരം അവസാനിപ്പിക്കുമെന്നും ആശാ സമര സമിതി പ്രവർത്തകർ പറഞ്ഞു. തൊഴിൽ മന്ത്രി വി ശിവൻകുട്ടിക്ക് ആശാ പ്രവർത്തകർ നിവേദനം നൽകി.
തിരുവനന്തപുരം: തൊഴില്‍മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും തീരുമാനമാകാതെ ആശാ സമരം. ഓണറേറിയം കൂട്ടണമെന്നതടക്കം അഞ്ച് പ്രധാന ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സമരസമിതി നേതാക്കള്‍ മന്ത്രി വി.ശിവന്‍കുട്ടിക്ക് നല്‍കി. ആരോഗ്യമന്ത്രിയോട് സംസാരിക്കാമെന്നാണ് തൊഴില്‍മന്ത്രിയുടെ ആശ്വാസവാക്ക്. അതിനിടെ വേതന വര്‍ധന പഠിക്കാന്‍ സമിതിയെ നിശ്ചയിക്കാമെന്ന തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു.
ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടതില്‍ കൂടുതലൊന്നും തൊഴില്‍ മന്ത്രിയോട് പറയാനുണ്ടായിരുന്നില്ല. പക്ഷേ സമരം തീര്‍ക്കാനുള്ള ഉപായങ്ങളില്‍ ചിലത് തൊഴില്‍മന്ത്രി മുന്നോട്ടുവച്ചു. സമരാവശ്യങ്ങള്‍ പഠിക്കാനുള്ള കമ്മിറ്റിയുടെ സമയം, മൂന്നുമാസത്തില്‍ നിന്ന് ഒരുമാസമാക്കി ചുരുക്കിയാല്‍ സമരത്തില്‍ നിന്ന് പിന്മാറാമോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ഓണറേറിയം കൂട്ടാതെ സമരം നിര്‍ത്തില്ലെന്ന മുന്‍ നിലപാട് തന്നെ ആവര്‍ത്തിക്കുകയാണ് സമരസമിതി. കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍റെ എതിര്‍പ്പ് മറികടന്നും കമ്മിറ്റിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ കമ്മിറ്റിയെ സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഐഎന്‍ടിയുസി, സിഐടിയു തുടങ്ങി നാല് പ്രധാന ട്രേഡ് യൂണിയനുകളാണ് പ്രത്യേക കമ്മിറ്റിയെ അനുകൂലിച്ചത്. പ്രധാന ഡിമാന്‍റ് ആയ ഓണറേറിയം 3000 രൂപയെങ്കിലും ഇപ്പോള്‍ കൂട്ടിയില്ലെങ്കില്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തറപ്പിച്ചുപറയുകയാണ് സമരക്കാര്‍.

