രാജ്യത്ത് മറ്റെവിടെയുമില്ല, പക്ഷേ കേരളം വേറെ ലെവൽ! ഇരട്ട വോട്ടിലും ആൾമാറാട്ടത്തിലും ഇനി ആശങ്ക വേണ്ടേ വേണ്ട
വോട്ടെടുപ്പ് ദിനത്തിൽ ഈ ആപ്പ് ഉപയോഗിച്ച് ഉദ്യോഗസ്ഥർ എ എസ് ഡി വോട്ടർമാരെ നിരീക്ഷിക്കുന്നതിനാൽ വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് പോലുള്ള ആരോപണങ്ങളിൽ ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തിരുവവന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ ആൾമാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥർക്കായി സവിശേഷ ആപ്പ് തയ്യാറാക്കി നൽകിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. 'എ എസ് ഡി മോണിട്ടർ സിഇഒ കേരള' എന്ന ആപ്പാണ് എൻഐസി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി വികസിപ്പിച്ചെടുത്തത്. വോട്ടെടുപ്പ് ദിനത്തിൽ ഈ ആപ്പ് ഉപയോഗിച്ച് ഉദ്യോഗസ്ഥർ എ എസ് ഡി വോട്ടർമാരെ നിരീക്ഷിക്കുന്നതിനാൽ വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് പോലുള്ള ആരോപണങ്ങളിൽ ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എൻഐസി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി വികസിപ്പിച്ചെടുത്ത 'എ എസ് ഡി മോണിട്ടർ സിഇഒ കേരള' ആപ്പ് വഴി ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കഴിയും. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചപ്പോൾ ഫലപ്രദമെന്നു കണ്ടാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഈ ആപ്പ് ഉപയോഗിക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ തീരുമാനിച്ചത്.
വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തിൽ മാത്രം ഉപയോഗിക്കേണ്ട ഈ ആപ്പിന്റെ ഉപയോഗം സംബന്ധിച്ച വിശദനിർദേശം ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നൽകിയിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന ഈ ആപ്പ് പ്രിസൈഡിങ് ഓഫീസർ, ആദ്യ പോളിങ് ഓഫീസർ എന്നിവർക്ക് മാത്രമാണ് ഉപയോഗിക്കാൻ കഴിയുക. വോട്ടെടുപ്പ് തുടങ്ങി അവസാനിക്കുന്നത് വരെ മാത്രവുമാണ് ഈ ആപ്പ് ഉപയോഗിക്കാനാവുക. പോൾമാനേജർ ആപ്പിൽ ഉദ്യോഗസ്ഥർ നൽകിയിട്ടുള്ള ഫോൺ നമ്പർ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് എഎസ്ഡി മോണിറ്റർ ആപ്പിൽ ലോഗിൻ അനുവാദം ലഭിക്കുക. അധിക സുരക്ഷയുടെ ഭാഗമായി ലോഗിൻ ചെയ്യുന്നതിന് ഒടിപി സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
വോട്ടർപട്ടിക ശുദ്ധീകരണ കാലയളവിൽ ആബ്സന്റീ, ഷിഫ്റ്റഡ്, ഡെഡ് (ഹാജരില്ലാത്തവർ, സ്ഥലം മാറിയവർ, മരണപ്പെട്ടവർ) എന്ന് രേഖപ്പെടുത്തി ബിഎൽഒ മാർ തയ്യാറാക്കിയ പുതുക്കിയ പട്ടിക സംസ്ഥാനത്തെ എല്ലാ പോളിങ് ബൂത്തിലെയും പ്രിസൈഡിങ് ഓഫീസർ, ആദ്യ പോളിങ് ഓഫീസർ എന്നിവർക്ക് ലഭ്യമാക്കിയിട്ടുണ്ട്. എ എസ് ഡി പട്ടികയിലുള്ള വോട്ടർ വോട്ട് ചെയ്യുന്നതിന് ബൂത്തിലെത്തിയാൽ ആവശ്യമായ പരിശോധനകൾക്ക് ശേഷം വോട്ട് ചെയ്യാൻ അനുവാദം നൽകുകയാണെങ്കിൽ എഎസ്ഡി മോണിട്ടർ ആപ്പ് വഴി ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ രേഖപ്പെടുത്തും.
വോട്ടറുടെ സീരിയൽ നമ്പർ, റിമാർക്ക് എന്നിവ രേഖപ്പെടുത്തിയ ശേഷം ആപ്പ് ഉപയോഗിച്ച് തന്നെ വോട്ടറുടെ ചിത്രവും എടുക്കും. തുടർന്ന് സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ ഈ വിവരങ്ങൾ എഡിറ്റ് ചെയ്യാനോ തിരുത്താനോ കഴിയില്ല. ഓരോ ബൂത്തിലും വോട്ട് ചെയ്ത ആകെ എഎസ്ഡി വോട്ടർമാരുടെ വിവരങ്ങളും ആപ്പ് വഴി അറിയാനാവും. എ എസ് ഡി ആപ്പ് വഴിയുള്ള നിരീക്ഷണത്തിലൂടെ ഇരട്ടവോട്ട് തടയാനും തർക്കങ്ങൾ പൂർണമായി ഒഴിവാക്കാനും കഴിയുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.