അർജുനായുള്ള തിരച്ചിൽ, പ്രധാനമന്ത്രിക്ക് കത്തയച്ച് ഭാര്യ കൃഷ്ണപ്രിയ; 'രക്ഷാ പ്രവർത്തനത്തിന് സൈന്യം വേണം'
5 ദിവസം പിന്നിട്ട തിരച്ചിലിലും അർജുനെ കണ്ടെത്താനായിട്ടില്ല
കോഴിക്കോട്: മംഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്‍റെ രക്ഷാ പ്രവർത്തനത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രക്ഷാ പ്രവർത്തനത്തിന് സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ ഇമെയിൽ വഴിയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. 5 ദിവസം പിന്നിട്ട തിരച്ചിലിലും അർജുനെ കണ്ടെത്താനായിട്ടില്ല. ഇതോടെയാണ് സൈന്യത്തെ കൂടി രക്ഷാ പ്രവർത്തനത്തിന് നിയോഗിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയത്.
അതേസമയം അർജുനെ കണാതായിട്ട് അഞ്ചാം ദിവസമായ ഇന്ന് അത്യാധുനിക റഡാർ ഉപയോഗിച്ചുളള പരിശോധനയാണ് നടക്കുന്നത്. അത്യാധുനിക റഡാർ പരിശോധന അഞ്ച് മണിക്കൂർ പിന്നിടുമ്പോഴും അർജുൻ എവിടെ എന്നതിൽ ഇപ്പോഴും ഒരു സൂചനയും ലഭിച്ചിട്ടില്ല. ലോറിയുടേതെന്ന് സ്ഥിരീകരിക്കാൻ തക്കവിധത്തിലുള്ള സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ദൗത്യസംഘത്തിന്റെ വെളിപ്പെടുത്തൽ. മംഗളൂരിൽ നിന്ന് റഡാർ എത്തിച്ചാണ് മണ്ണിടിഞ്ഞ പരിശോധന നടത്തുന്നത്. സൂറത്കൽ എൻ ഐ ടിയിൽ നിന്നുള്ള സംഘമാണ് റഡാർ പരിശോധന നടത്തുന്നത്.
നേരത്തെ റഡാറിൽ 3 സിഗ്നലുകൾ ലഭിച്ചിരുന്നു. എന്നാൽ ഇവയ്ക്ക് വ്യക്തതയില്ലായെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. പ്രദേശത്ത് മഴവെള്ളം കുത്തിയൊലിച്ച് ചെളി നിറഞ്ഞിരിക്കുന്നതിനാൽ സിഗ്നൽ കിട്ടാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി സംഭവ സ്ഥലമായ ഷിരൂർ സന്ദർശിച്ചിരുന്നു. രക്ഷാപ്രവർത്തനം മികച്ച രീതിയിലാണ് നടക്കുന്നതെന്ന് കുമാരസ്വാമി പ്രതികരിച്ചു. സൈന്യം ഇറങ്ങേണ്ട സാഹചര്യമില്ലെന്നും എൻ ഡി ആർ എഫ് സംഘം അവരുടെ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. എഴുപതോളം രക്ഷാപ്രവർത്തകരാണ് സംഭവസ്ഥലത്ത് സജീവമായി പ്രവർത്തിക്കുന്നത്. ചെളി നിറഞ്ഞ മണ്ണ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. അര്‍ജുനെക്കുറിച്ചുള്ള ശുഭവാര്‍ത്ത വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം