ഗംഗാവലി പുഴയിലെ തെരച്ചിൽ ഏറെ അപകടകരമെന്ന് ഈശ്വർ മൽപെ; രക്ഷാപ്രവർത്തനത്തിൽ നിന്ന് പിന്നോട്ടുപോകരുതെന്ന് കേരളം

പ്രതികൂല കാലാവസ്ഥ എന്ന് പറഞ്ഞ് രക്ഷാപ്രവർത്തനത്തിൽ നിന്നും പിന്നോട്ട് പോകുന്നതിനോട് സംസ്ഥാന സർക്കാരിന് യോജിപ്പില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Arjun rescue operations new update Ishwar Malpe said that the search in the Gangavali river is very dangerous; Kerala expresses displeasure over changing yoga decisions

ഷിരൂര്‍ (കര്‍ണാടക): ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചില്‍ ദുഷ്കരമാക്കി പതിമൂന്നാം ദിവസവും ഷിരൂരിൽ കനത്ത മഴ. ഈശ്വർ മാൽപെയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി സംഘം ഇന്നും പുഴയിലറങ്ങും. ഗംഗാവലി അപകടം നിറഞ്ഞ നദിയെന്നും ഇങ്ങനൊരു ദൗത്യം ആദ്യമെന്നും ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം റിസ്കിലാണ് പുഴയില്‍ ഇറങ്ങുന്നത്.ഇതുവരെ ട്രക്ക് കാണാനായിട്ടില്ല. ഇന്ന് വീണ്ടും മുങ്ങി ട്രക്ക് കണ്ടെത്താൻ ശ്രമിക്കും.

ഏറെ അപകടം നിറഞ്ഞ നദിയാണ് ഗംഗാവലി.അടിയൊഴുക്ക് ശക്തമാണ്. മുങ്ങുമ്പോള്‍ ഒന്നും കാണാനാകുന്നില്ല. കണ്ണ് കെട്ടി ഇറങ്ങുന്നതുപോലെയാണ്. സ്വന്തം റിസ്കിലാണ് ഇറങ്ങുന്നതെന്ന് എഴുതി നല്‍കിയാണ് ഇറങ്ങിയത്. ഇതുവരെ തകരഷീറ്റുകളും തടികളും വൈദ്യുതി കമ്പികളുമാണ് കണ്ടതെന്ന് ഈശ്വര്‍ മല്‍പെ പറഞ്ഞു. അതേസമയം, പ്രതികൂല കാലാവസ്ഥ എന്ന് പറഞ്ഞ് രക്ഷാപ്രവർത്തനത്തിൽ നിന്നും പിന്നോട്ട് പോകുന്നതിനോട് സംസ്ഥാന സർക്കാരിന് യോജിപ്പില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു. യോഗത്തിലെടുത്ത തീരുമാനങ്ങള്‍ മാറ്റുന്നതില്‍ സംസ്ഥാനം അതൃപ്തി അറിയിച്ചിട്ടുണ്ട്.

എടുത്ത തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകുകയാണ്. മീറ്റിങ്ങിൽ ഒരു കാര്യം പറയുകയും പിറ്റേന്ന് അതിൽ നിന്നും പുറകോട്ട് പോകുന്നതും ശരിയല്ല.പാൻടൂണ്‍ കൊണ്ടു വരുന്ന കാര്യത്തിൽ വൈകിട്ട് എടുത്ത തീരുമാനം പിറ്റേന്ന് രാവിലെ മാറ്റി. അതിൽ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.നിലവിലുള്ള കൂടുതൽ സാധ്യതകൾ ഉപയോഗപ്പെടുത്തണം. നേവൽ ബേസിൻ സംവിധാനത്തിലെ കൂടുതൽ സാധ്യതകൾ ഉണ്ട്. കർണാടക മന്ത്രിമാർ സ്ഥലത്ത് ക്യാമ്പ് ചെയ്യണം. രക്ഷാപ്രവർത്തനത്തിന്‍റെ വിവരങ്ങൾ കുടുംബത്തെ അറിയിക്കണമെന്നും പക്ഷേ അങ്ങനെ ഉണ്ടാകുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

അതേസമയം, ഷിരൂരിൽ തെരച്ചിൽ തുടരണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇന്ന് കൂടി പരമാവധി ശ്രമിക്കുമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു.രക്ഷാപ്രവര്‍ത്തനം തുടരുന്നതിൽ കർണാടക സർക്കാർ നിർദേശം അനുസരിച്ചു മാത്രമായിരിക്കും തീരുമാനമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. കാലാവസ്ഥ അനുകൂലമാകും വരെ കാത്തിരിക്കുകയെ നിവൃത്തിയുള്ളൂ എന്ന് കളക്ടർ അവലോകന യോഗത്തിൽ വ്യക്തമാക്കി.

അർജുനായുള്ള തെരച്ചിൽ; ഇന്ന് നിർണായക തീരുമാനത്തിന് സാധ്യത, ജില്ലാ കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകും

 

Latest Videos
Follow Us:
Download App:
  • android
  • ios