നേവിയുടെ തെരച്ചിലിൽ നിർണായക കണ്ടെത്തൽ; ലോറിയിൽ തടികെട്ടിയ കയറും കൂടുതൽ ലോഹഭാഗങ്ങളും കണ്ടെത്തി
നേരം ഇരുട്ടുന്നതുവരെ പരമാവധി തെരച്ചില്‍ നടത്താനാണ് തീരുമാനം. നേവി ടീമും ഈശ്വര്‍ മല്‍പെയുടെ സംഘവുമാണ് നിലവില്‍ തെരച്ചില്‍ നടത്തുന്നത്
ഷിരൂര്‍:ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ഗംഗാവലി പുഴയിലെ തെരച്ചിലില്‍ വീണ്ടും ലോറിയുടെ കൂടുതല്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്തി. ഇതിനുപുറമെ ലോറിയില്‍ മരത്തടികള്‍ കെട്ടാനുപയോഗിച്ച കയറും കണ്ടെത്തിയിട്ടുണ്ട്. നേവിയുടെ തെരച്ചിലിലാണ് നിര്‍ണായക കണ്ടെത്തല്‍.അതേസമയം, ഈ സ്ഥലം കേന്ദ്രീകരിച്ച് നേവി ഡൈവിങ് സംഘവും ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളും തെരച്ചില്‍ തുടരുകയാണ്. കയര്‍ ഉള്‍പ്പെടെ കണ്ടെത്തിയ സ്ഥലം കേന്ദ്രീകരിച്ചാണ് തെരച്ചിൽ. നേരം ഇരുട്ടുന്നതുവരെ പരമാവധി തെരച്ചില്‍ നടത്താനാണ് തീരുമാനം.
പുതുതായി ലോറിയുടെ ഗിയറിന്‍റെ ഭാഗമാണെന്ന് കരുതുന്ന ലോഹങ്ങളാണ് കണ്ടെത്തിയത്. ഇത് അര്‍ജുന്‍റെ ലോറിയുടേതാണോ എന്ന് ഉറപ്പിക്കാൻ സീരിയല്‍ നമ്പര്‍ ഉള്‍പ്പെടെ പരിശോധിക്കണം. ഇതിനായി ഭാരത് ബെന്‍സ് കമ്പനിക്ക് ലോഹഭാഗങ്ങള്‍ അയച്ചുകൊടുത്തിട്ടുണ്ട്.ഈശ്വര്‍ മല്‍പെയ്ക്കൊപ്പം മറ്റു രണ്ടു മത്സ്യത്തൊഴിലാളികളും ഡൈവിങ് നടത്തി പരിശോധന നടത്തുന്നുണ്ട്. വളരെ കരുതലോടെയുള്ള തെരച്ചിലാണ് നടത്തുന്നത്. നാവിക സേനയുടെ ഡൈവിങ് ടീമും പുഴയിലിറങ്ങി പരിശോധന നടത്തുന്നുണ്ട്.അതേസമയം, പുഴയിലെ മണ്ണും കല്ലും മരങ്ങളും വെല്ലുവിളിയാകുകയാണ്. പതിനഞ്ചിലധികം തവണയാണ് ഇന്ന് മാത്രം ഈശ്വര്‍ മല്‍പെ പുഴയുടെ അടിത്തട്ടിലേക്ക് ഡൈവ് ചെയ്തത്.
കയർ അർജുന്‍റെ ലോറിയിൽ തടി കെട്ടിയിരുന്നതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.ഇനിയുള്ള തിരച്ചിലിനെ സംബന്ധിച്ചടുത്തോളം ഏറെ നിർണായകമാണ് ഈ കണ്ടെത്തൽ. നേരത്തെ നേവിയുടെ തെരച്ചിൽ ഒരു ലോറിയുടെ ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും അത് അർജുന്‍റെ ലോറിയിലേതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.മൂന്ന് ലോഹഭാഗങ്ങളാണ് നേവിയുടെ തെരച്ചിലില്‍ കണ്ടെത്തിയത്. എന്നാല്‍ ഇത് അര്‍ജുന്‍ ഓടിച്ച ലോറിയുടെ ഭാഗങ്ങളല്ല എന്നാണ് ഉടമ മനാഫ് വ്യക്തമാക്കിയത്. ലോറിയുടെ ലോഹഭാഗം തന്നെയാണ് കണ്ടെത്തിയതെന്നും, അപകടത്തില്‍പ്പെട്ട മാറ്റേതെങ്കിലും ടാങ്കര്‍ ലോറിയുടെ ഭാഗമാകാമെന്നാണ് കരുതുന്നതെന്നും മനാഫ് വിവരിച്ചു. തിരച്ചിലിൽ കണ്ടെത്തിയ കയർ താൻ തന്നെ വാങ്ങിക്കൊടുത്തതാണെന്നും അർജുൻ ഓടിച്ച ലോറിയിൽ തടി കെട്ടിയിരുന്നതാണ് അതെന്നും മനാഫ് വ്യക്തമാക്കി.
അതിനിടെ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായി ഡ്രഡ്ജർ എത്തിക്കാൻ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ഗോവയിൽ നിന്നാണ് ഡ്രഡ്ജർ എത്തിക്കുന്നത്. തിങ്കളാഴ്ചയോടെ ഡ്രഡ്ജർ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ഡ്രഡ്ജർ എത്തിക്കുന്നതിനായി 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. 22 ലക്ഷം രൂപയാണ് ട്രാൻസ്പോർട്ടേഷന് ചെലവ് വരുന്നത്. ജലമാർഗത്തിലായിരിക്കും ഡ്രഡ്ജർ എത്തിക്കുകയെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു.
ഷിരൂര്‍ ദൗത്യം: നേവിയുടെ തെരച്ചിലിൽ നിർണ്ണായക വിവരങ്ങൾ; ലോറിയുടെ ലോഹഭാഗങ്ങൾ കണ്ടെത്തി