ഈശ്വർ മൽപെ മുങ്ങിയെടുത്തത് അർജുൻ ഓടിച്ച ലോറിയുടെ ഭാഗം; കണ്ടെത്തിയത് ഹൈഡ്രോളിക് ജാക്കി, സ്ഥിരീകരിച്ച് ഉടമ

ലോറിയില്‍ ഉപയോഗിക്കുന്ന ജാക്കിയാണ് കണ്ടെത്തിയതെന്നും ഇത് അര്‍ജുൻ ഉപയോഗിച്ചിരുന്ന ലോറിയുടേത് തന്നെയാണെന്നും ലോറി ഉടമ മനാഫ് പറഞ്ഞു

arjun rescue mission live crucial update Ishwar Malpe drowned and  found metal part of the lorry driven by Arjun; Found hydraulic jack, confirmed by lorry owner manaf

ബെംഗളൂരു: ഷിരൂരിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻ മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെ ഗംഗാവലി പുഴയില്‍ ഇറങ്ങി നടത്തിയ പരിശോധനയില്‍ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗം കണ്ടെത്തി. ലോറിയില്‍ ഉപയോഗിക്കുന്ന ജാക്കിയാണ് കണ്ടെത്തിയതെന്നും ഇത് അര്‍ജുൻ ഉപയോഗിച്ചിരുന്ന ലോറിയുടേത് തന്നെയാണെന്നും ലോറി ഉടമ മനാഫ് പറഞ്ഞു. 
പുതിയ ജാക്കിയാണ് ലോറിയിലുണ്ടായിരുന്നത്. ഈശ്വര്‍ മല്‍പെ മുങ്ങിയെടുത്തതും പുതിയ ജാക്കിയാണ്. അതിനാല്‍ തന്നെ ഇത് അര്‍ജുന്‍റെ ലോറിയിലുണ്ടായിരുന്ന ജാക്കി തന്നെയാണ് ഇതെന്നും മനാഫ് പറഞ്ഞു.

ഹൈഡ്രോളിക് ജാക്കിയാണ് പുഴയുടെ അടിത്തട്ടിൽ നിന്ന് കണ്ടെത്തിയത്. ഹൈഡ്രോളിക് ജാക്കിക്കൊപ്പം അപകടത്തില്‍പെട്ട ടാങ്കര്‍ ലോറിയുടെ രണ്ട് ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനോടകം മൂന്ന് വസ്തുക്കളാണ് കണ്ടെത്തിയത്. വൈകിട്ട് നാലേ കാലോടെയാണ് ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങിയുള്ള തെരച്ചില്‍ ആരംഭിച്ചത്. നിരവധി തവണയാണ് പുഴയിലിറങ്ങിയുള്ള പരിശോധന നടത്തിയത്. ലോറിയുടെ പിന്‍ഭാഗത്ത് ടൂള്‍സ് ബോക്സിലാണ് ജാക്കി സൂക്ഷിച്ചിരുന്നതെന്നും പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയതെന്നും അര്‍ജുൻ ഓടിച്ചിരുന്ന ഭാരത് ബെന്‍സ് ലോറിയിലുണ്ടായിരുന്നതാണ് ഇതെന്നും ഇക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്നും മനാഫ് പറഞ്ഞു. മനാഫും അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിനും സ്ഥലത്തുണ്ട്.

ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിക്കുകയാണെന്നും നാളെ രാവിലെ 8.30ഓടെ തെരച്ചില്‍ ആരംഭിക്കുമെന്നും കൂടുതല്‍ ആളുകളുടെ സഹായത്തോടെയായിരിക്കും നാളെത്തെ തെരച്ചില്‍ നടക്കുകയെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അടിയില്‍ ഒഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും മുങ്ങിതാഴുമ്പോള്‍ അടിഭാഗം കാണാനാകുന്നുണ്ടെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. വെയിലുള്ള സമയത്ത് രാവിലെ തന്നെ ഇറങ്ങാനായാല്‍ കൂടുതല്‍ ഇടങ്ങളിൽ പരിശോധന നടത്താനാകുമെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.

ഇന്ന് രണ്ടു മണിക്കൂര്‍ മാത്രമാണ് തെരച്ചില്‍ നടത്തിയത്. നാളെ എസ് ഡിആറ്‍ എഫ്, എന്‍ഡിആര്‍എഫ് അംഗങ്ങളെ എത്തിച്ചുകൊണ്ട് വിപുലമായ തെരച്ചില്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. നിലവില്‍ ഗംഗാവലി പുഴയുടെ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ട്. അതേസമയം, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ എംഎല്‍എയുടെ ആരോപണം കേരളം തള്ളി.തൃശൂരിലെ ഡ്രെഡ്ജർ തെരചിലിനു അനുയോജ്യമല്ലെന്നു നേരത്തെ അറിയിച്ചിരുന്നതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.കർണാടക സർക്കാരിനെ ഇക്കാര്യം അറിയിച്ചു എന്നും സര്‍ക്കാര്‍ വിശദീകരിച്ചു.തൃശൂരിൽ നിന്ന് ഡ്രജിംഗ് മെഷീൻ എത്തിക്കണമെന്ന ആവശ്യം കേരളം പരിഗണിച്ചില്ലെന്നും എംപിയും എംഎൽഎയും അനുകൂലമായി പ്രതികരിച്ചില്ലെന്നുമായിരുന്നു സതീഷ് സെയിലിന്‍റെ ആരോപണം. 


കാർവാർ എംഎൽഎയുടെ വാദം തൃശൂർ ജില്ലാ ഭരണകൂടവും തള്ളി.തൃശൂരിലെ ഡ്രജർ പ്രായോഗികമല്ലെന്ന് കർണാടക രേഖാമൂലം അറിയിച്ചെന്ന് തൃശ്ശൂർ ജില്ലാ ഭരണകൂടം വ്യക്തമാക്കി.
കാർവാർ കളക്ടറെ കഴിഞ്ഞ അഞ്ചിന് ഇക്കാര്യം രേഖാമൂലം അറിയിച്ചിട്ടുണ്ട്.കേരളത്തിൽനിന്ന് വിദഗ്ധസംഘം അവിടെ എത്തിയ പരിശോധനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രായോഗികമല്ലെന്ന് അറിയിച്ചതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.


നദിയില്‍ അടിയൊഴുക്ക് കുറഞ്ഞെന്നും കാലാവസ്ഥ തെരച്ചിലിന് അനുകൂലമാണെന്നും സതീഷ് കൃഷ്ണ സെയിൽ തെരച്ചില്‍ ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഗംഗാവലി പുഴയില്‍ ഒഴുക്ക് 2 നോടിസിന് അടുത്താണെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു.നാളെ എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് അംഗങ്ങളും തെരച്ചിലിന് പങ്കെടുക്കും. നേവിക്ക് മാത്രമായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞ കാര്‍വാര്‍ എംഎല്‍എ, കേരള സർക്കാറിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചു.ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അര്‍ജുന്‍റെ കുടുംബം ഇന്നലെ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തെരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അര്‍ജുന്‍റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിൻ ഇന്നലെ പ്രതികരിച്ചത്. 

അര്‍ജുനെ തേടി ഈശ്വര്‍ മല്‍പെ; ഗംഗാവലി പുഴയിൽ തെരച്ചില്‍ ആരംഭിച്ചു, എംഎല്‍എയുടെ ആരോപണം തള്ളി കേരളം

 

Latest Videos
Follow Us:
Download App:
  • android
  • ios