ഷിരൂരിൽ അര്‍ജുനായുള്ള തെരച്ചിൽ വീണ്ടും തുടങ്ങും; ഡ്രഡ്ജർ ഘടിപ്പിച്ച ടഗ് ബോട്ട് കാർവാർ തീരം വിട്ടു

നാളെ രാവിലെ 9 മണിയോടെ ഗംഗാവലിയിലെ പുതിയ പാലം സ്ഥിതി ചെയ്യുന്ന മഞ്ജുഗുണിയിൽ ബോട്ട് എത്തും എന്നാണ് കണക്ക് കൂട്ടൽ. വേലിയിറക്ക സമയത്ത് ബോട്ട് പാലം കടത്തി വിടും.

Arjun rescue mission latest update boat with dredger left Karwar coast

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ നടത്താനുള്ള ഡ്രഡ്ജർ ഘടിപ്പിച്ച ടഗ് ബോട്ട് കാർവാർ തീരം വിട്ടു. നാളെ രാവിലെ 9 മണിയോടെ ഗംഗാവലിയിലെ പുതിയ പാലം സ്ഥിതി ചെയ്യുന്ന മഞ്ജുഗുണിയിൽ ബോട്ട് എത്തും എന്നാണ് കണക്ക് കൂട്ടൽ. വേലിയിറക്ക സമയത്ത് ബോട്ട് പാലം കടത്തി വിടും. വൈകിട്ട് 6 മണിക്കുള്ള വേലിയിറക്ക സമയത്ത് തിരയുടെ ഉയരം 06 മീറ്റർ ആയിരിക്കും എന്നാണ് കണക്ക് കൂട്ടൽ. ഇതിനാലാണ് വൈകിട്ട് മാത്രം ബോട്ട് പാലം കടത്തി വിടാൻ തീരുമാനിച്ചത്. രാത്രി വൈകി രണ്ട് പാലങ്ങളും കടന്നാൽ മറ്റന്നാൾ രാവിലെയോടെ ടഗ് ബോട്ട് ഷിരൂരിൽ എത്തും. അങ്ങനെയെങ്കിൽ മറ്റന്നാൾ തെരച്ചിൽ വീണ്ടും തുടങ്ങാൻ കഴിയും.

ഇരുപത്തിയെട്ടര മീറ്റർ നീളവും എട്ട് മീറ്റർ വീതിയുമുള്ള, മൂന്നടി വരെ വെള്ളത്തിന്‍റെ അടിത്തട്ടിൽ മണ്ണെടുക്കാൻ കഴിയുന്ന ഡ്രഡ്‍ജറാണ് ഗോവൻ തീരത്ത് നിന്ന് ഇന്ന് ഉച്ചയോടെ കാർവാർ തുറമുഖത്ത് എത്തിച്ചത്. ഇന്നലെ വൈകിട്ട് ഡ്രഡ്‍ജർ എത്തുമെന്നായിരുന്നു കണക്ക് കൂട്ടലെങ്കിലും കടലിൽ ശക്തമായ കാറ്റുണ്ടായിരുന്നതിനാലും മത്സ്യത്തൊഴിലാളികളുടെ വലയും മറ്റും മാറ്റാൻ കാത്ത് നിന്നതിനാലുമാണ് വരവ് വൈകിയത്. മണ്ണും പാറക്കെട്ടും മരങ്ങളും എടുക്കാനുളള ഒരു ഹിറ്റാച്ചി, ഡ്രഡ്ജറിനെ പുഴയിലുറപ്പിച്ച് നിർത്താനുള്ള രണ്ട് ഭാരമേറിയ തൂണുകൾ, തൂണ് പുഴയിലിറക്കാനും പുഴയിൽ നിന്ന് വസ്തുക്കൾ എടുക്കാനും കഴിയുന്ന ഒരു ക്രെയിൻ എന്നിവയാണ് ഇതിന്‍റെ പ്രധാനഭാഗങ്ങൾ. ഗംഗാവലിപ്പുഴയിലെ രണ്ട് പാലങ്ങളാണ് ഡ്രഡ്ജർ അടങ്ങിയ ബോട്ട് എത്തിക്കാനുള്ള ഒരു പ്രധാന വെല്ലുവിളി. 

നാവികസേനയുടെ സംഘം നാളെ ഗംഗാവലി പുഴയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വിശദമായ പരിശോധന നടത്തും. ലോറി ഉണ്ടാകാൻ ഏറ്റവുമധികം സാധ്യത കൽപിക്കപ്പെടുന്ന സ്ഥലത്ത് പുഴയുടെ അടിത്തട്ടിൽ സോണാർ പരിശോധനയും നടത്തും. ശേഷമാകും ഡ്രഡ്‍ജിംഗ് രീതി തീരുമാനിക്കുക. ടഗ് ബോട്ടിലെ തൊഴിലാളികളുടെയും ദൗത്യസംഘത്തിന്‍റെയും സുരക്ഷ കൂടി കണക്കിലെടുത്താകും തെരച്ചിൽ എങ്ങനെ തുടരണമെന്നതിൽ അന്തിമ തീരുമാനമുണ്ടാകുക.

Latest Videos
Follow Us:
Download App:
  • android
  • ios