അപകട ദിവസം അർജുന്‍റെ ട്രക്ക് കടന്നുപോയ റോഡുകളിലെ ദൃശ്യങ്ങള്‍ പുറത്ത്; വാഹനം കണ്ടെത്താനാകുമെന്ന് മേജര്‍ ജനറൽ

ബെലഗാവിയിൽ നിന്ന് വന്ന ട്രക്ക് 16-ന് പുലർച്ചെ 1.42-നും, 2.46-നും കടന്ന് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം, ഇസ്രോ കൈമാറിയ ദൃശ്യങ്ങളിൽ നിന്ന് സൂചനകളില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

arjun rescue mission cctv footages of the roads where Arjun's truck passed on the day of the accident are out; Major General Indra Balan says that the vehicle can be found

ബെംഗളൂരു: കര്‍ണാകയിലെ ഷിരൂരിൽ മണ്ണിടിച്ചലുണ്ടായ ദിവസം പുലര്‍ച്ചെ അർജുന്‍റെ ട്രക്ക് കടന്ന് പോയ റോഡുകളിലെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അപകടം ഉണ്ടാകുന്നതിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കന്യാകുമാരി - പൻവേൽ ദേശീയ പാതയിലെ വിവിധ പെട്രോൾ പമ്പുകളിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ഷിരൂരിന് ഏറ്റവും അടുത്തുള്ള പമ്പുകളിൽ വ്യക്തമായ സിസിടിവി ദൃശ്യങ്ങളിൽ അര്‍ജുന്‍റെ ട്രക്ക് പോകുന്നത് കാണുന്നുണ്ട്. അർജുന്‍റെ ട്രക്കിന്‍റെ സഞ്ചാരപാത ഏതാണ്ട് ഇതിൽ നിന്ന് വ്യക്തമാണ്. ബെലഗാവിയിൽ നിന്ന് വന്ന ട്രക്ക് 16-ന് പുലർച്ചെ 1.42-നും, 2.46-നും കടന്ന് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഇതിനിടെ, അർജുൻ്റെ ലോറി കണ്ടെത്താൻ  ദൗത്യസംഘം ആധുനിക സാങ്കേതിക സഹായം തേടി. റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ്റെയും സംഘത്തിൻ്റെയും സഹായമാണ് lതേടിയത്. ഉടൻ ദൗത്യത്തിന്‍റെ ഭാഗമാകുമെന്നും ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും റിട്ട. മേജര്‍ ജനറല്‍ എം. ഇന്ദ്രബാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏറ്റവും പുതിയ ടെക്നോളജി ഉപയോഗിക്കും. വിദഗ്ധ സംഘം ദില്ലിയിൽ സജ്ജമാണ്. ഉപകരണങ്ങൾ ദില്ലിയിൽ നിന്നും എത്തിക്കാനുള്ള അനുമതിക്ക് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക സംവിധാനം ഉപയോഗിച്ച് ലോറി കണ്ടെത്താനാകും. കരയിലും വെള്ളത്തിലും പരിശോധന നടത്താൻ കഴിയും. ഗംഗാവാലി നദിയിലും പരിശോധന നടത്താം. 20 മീറ്ററിലും താഴെയുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയും. ഷിരൂരിലെ എസ്പിയും കളക്ടറും നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നും റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലൻ പറഞ്ഞു.

ഇസ്രോ കൈമാറിയ ദൃശ്യങ്ങളിൽ നിന്ന് സൂചനകളില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദുരന്തം നടന്നതിന് മുമ്പും ശേഷവും ഉള്ള ചിത്രങ്ങൾ ജില്ലാ ഭരണകൂടത്തിന് കിട്ടി. ദുരന്തം നടന്ന ദിവസം പുലർച്ചെ ആറ് മണിക്ക് ഉള്ള സാറ്റലൈറ്റ് ചിത്രമാണ് ഇസ്രോ കൈമാറിയത്. 16-ന് പുലർച്ചെയുള്ള ചിത്ര ങ്ങൾ ആകെ കാർമേഘം മൂടിയ നിലയിൽ ആണ്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ ദൃശ്യം ഒന്നും കൃത്യമായി ലഭിച്ചിട്ടില്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു. മണ്ണിടിച്ചിൽ ഉണ്ടായ ജൂലൈ 16ന് പുലർച്ചെ ആറ് മണിക്കുള്ള സാറ്റലൈറ്റ് ചിത്രമാണ് കിട്ടിയത്. 

ആ ദൃശ്യത്തിൽ നിന്ന് അർജുന്‍റെ വാഹനമടക്കം കണ്ട് പിടിക്കാൻ വഴിയില്ല. ദുരന്തശേഷം ശേഖരിച്ച സാറ്റലൈറ്റ് ദൃശ്യം ലോറി വീണ്ടെടുക്കാൻ ഉപകരിക്കും. ജില്ലാ ഭരണകൂടം ആവശ്യപ്പെട്ട പ്രകാരം മേഘങ്ങളില്ലാത്ത സമയത്ത് നദിയുടെ ചിത്രങ്ങൾ  ആര്‍സിഎസ് പകർത്തിയിട്ടുണ്ട്.ഇത് ഉപയോഗിച്ച് എത്രത്തോളം മണ്ണ്, എത്ര വ്യാപ്തിയിൽ വീണിട്ടുണ്ട് എന്നതിൽ പ്രാഥമിക വിലയിരുത്തൽ നടത്തിയിട്ടുണ്ട്. ആ വിലയിരുത്തലിന്‍റെ കൂടി അടിസ്ഥാനത്തിലാകും പുഴയിലെ തെരച്ചിൽ നടക്കുക. നദിക്കരയോട് ചേർന്ന് മണ്ണ് വീണ സ്ഥലത്ത് സിഗ്നൽ കിട്ടിയ ഇടത്തായിരിക്കും ആദ്യം തെരയുക.ഇപ്പോഴുള്ള കരയുടെ 40 മീറ്റർ അകലെയാണ് ഈ സ്ഥലമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മണ്ണിടിച്ചിലില്‍ മറുകരയിൽ നിന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു.

ഷിരൂര്‍ മണ്ണിടിച്ചിൽ: കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി, 12 കിലോമീറ്റര്‍ അകലെ ഗോകർണയിൽ നിന്ന്

അര്‍ജുനായി പ്രതീക്ഷ കൈവിടാതെ; കാണാതായിട്ട് എട്ടു ദിവസം, കൂടുതല്‍ ഉപകരണങ്ങള്‍ എത്തിച്ച് ഇന്ന് പുഴയിൽ തെരച്ചിൽ

 

Latest Videos
Follow Us:
Download App:
  • android
  • ios