'ശിക്ഷിച്ചാലും അര്‍ജുന്‍റെ കുടുംബത്തിനൊപ്പം നിൽക്കും; മതസ്പര്‍ദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ല': ലോറി ഉടമ മനാഫ്

മതസ്പർദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്ന് മനാഫ് പറഞ്ഞു. മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്. തന്നെ ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നിൽക്കുമെന്നും മനാഫ് പ്രതികരിച്ചു.

Arjun lorry owner manaf response after police case he will stand with Arjun s family even if punished

കോഴിക്കോട്: സൈബര്‍ ആക്രമണത്തിനെതിരെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്‍റെ കുടുംബം നല്‍കിയ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരിച്ച് ലോറി ഉടമ മനാഫ്. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്ന് മനാഫ് പറഞ്ഞു. മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്. തന്നെ ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നിൽക്കുമെന്നും മനാഫ് പ്രതികരിച്ചു. യൂട്യൂബ് ചാനൽ എല്ലാവർക്കും പരിശോധിക്കാം. ഇന്നലെ മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നാണ് കരുതിയത്. സങ്കടമുണ്ടെന്നും വലിയ മാനസിക സംഘർഷത്തിലാണെന്നും മനാഫ് കൂട്ടിച്ചേർത്തു.

സൈബർ ആക്രമണത്തിനെതിരെ അർജുന്‍റെ കുടുംബം നൽകിയ പരാതിയിൽ മനാഫാഫിനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പ്രതികരണം. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമം നടത്തിയതിനുള്ള വകുപ്പ് ചുമത്തിയാണ് ലോറി ഉടമ മനാഫ് അടക്കമുള്ളവരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. കുടുബത്തിന്‍റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. സോഷ്യൽ മീഡിയ പേജുകളും പരിശോധിക്കും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സൈബർ ആക്രമണങ്ങൾക്ക് എതിരെ ഇന്നലെയാണ് അര്‍ജുന്‍റെ കുടുംബം പരാതി നൽകിയത്. 

ഇന്നലെ കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി നൽകിയത്. സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത് എന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്. ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം ഇന്നലെ രംഗത്തെത്തിയിരുന്നു . മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios