50000 രൂപ, 2 ആൾജാമ്യം; വണ്ടിപ്പെരിയാർ പോക്സോ കേസിൽ കോടതിയിൽ ഹാജരായി സത്യവാങ്മൂലം നൽകി അർജുൻ

 കേസിൽ അർജുനെ വെറുതെ വിട്ടതിന് എതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. 

Arjun appeared court and gave an affidavit Vandiperiyar POCSO case

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സ് കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ  കേസിൽ വെറുതെ വിട്ട അർജുൻ കട്ടപ്പന പോക്സോ കോടതിയിൽ ഹാജരായി. ഹൈക്കോടതി നിർദ്ദേശ പ്രകാരം ബോണ്ട് നൽകുന്നതിനാണ് കോടതിയിൽ ഹാജരായത്.

വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ നിന്നും  2023 ഡിസംബറിലാണ് അർജുനെ കട്ടപ്പന അതിവേഗ പോക്സോ കോടതി കുറ്റ വിമുക്തനാക്കിയത്. തെളിവു ശേഖരിക്കുന്നതിലുൾപ്പെടെ പോലീസിൻറെ വീഴ്ചകൾ അക്കമിട്ടു നിരത്തിയാണ് കോടതി വിധി പ്രസ്താവിച്ചത്. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വിവിധ സംഘടനകളുടെയും ആവശ്യത്തെ തുടർന്ന് സർക്കാർ കേസിൽ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനാൽ ഒരു വർഷം കഴിഞ്ഞിട്ടും അപ്പീലിൽ വാദം തുടങ്ങിയിട്ടില്ല.

ഇതിനിടെ പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ അർജുനോട് കോടതി പലതവണനിർദ്ദേശിച്ചിട്ടും കോടതിയിലെത്തിയില്ല. ഇതേ തുടർന്ന് അർജുനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഉപഹർജി സമർപ്പിച്ചു. തുടർന്നാണ് പത്തു ദിവസത്തിനകം വിചാരണക്കോടതിയായിരുന്ന കട്ടപ്പന പോക്സോ കോടതിയിൽ ഹാജരായി വിദേശത്തേക്ക് പോകില്ലെന്ന ഉറപ്പിനായി ബോണ്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.  ഇതനുസരിച്ചാണ് അർജുൻ കോടതിയിൽ ഹാജരായത്.

50,000 രൂപയുടെ ബോണ്ടും സമാന തുകക്കുള്ള രണ്ടു പേരുടെ ഉറപ്പുമാണ് കോടതിയിൽ നൽകിയത്. തുടർന്ന് അർജുനെ ജാമ്യത്തിൽ വിട്ടയച്ചു. കേസ് പരിഗണിക്കുന്ന ഹൈക്കോടതിയുടെ അധികാര പരിധിക്ക് പുറത്തു പോകരുതെന്നും വ്യവസ്ഥയുണ്ട്. കേസിൽ വേഗത്തിൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് നേരിട്ട് നൽകിയ ഉറപ്പ് ഒരു വർഷം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടിട്ടില്ല. ഹൈക്കോടതി നിർദ്ദേശ പ്രകാരം കോടതിയിൽ ഹാജരായതിനാൽ നീതി ലഭിക്കുമെന്ന വിശ്വാസത്തിലാണ് കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ കുടുംബം.

Latest Videos
Follow Us:
Download App:
  • android
  • ios