അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ മെയ് 5 ന് ആരംഭിക്കും; രണ്ട് ഘട്ടങ്ങളിലായി വിചാരണ
മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ മെയ് 5 ന് തുടങ്ങുന്നതിനായി എറണാകുളം പ്രത്യേക സിബിഐ കോടതി ഉത്തരവായി.
കൊച്ചി: മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ മെയ് 5 ന് തുടങ്ങുന്നതിനായി എറണാകുളം പ്രത്യേക സിബിഐ കോടതി ഉത്തരവായി. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും വിചാരണ നടത്തുന്നത്. ആദ്യഘട്ടത്തിൽ കൊലപാതകം നേരിട്ട് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട 21 സാക്ഷികളെ വിസ്തരിക്കും. മറ്റ് സാക്ഷികളെ രണ്ടാം ഘട്ടത്തിൽ വിചാരണ ചെയ്യും.
കേസിൽ സിപിഎം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി ജയരാജനെയും മുൻ എംഎൽഎ ടി.വി രാജേഷിനെയും കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പി ജയരാജനും ടി വി രാജേഷും എറണാകുളം സിബിഐ സ്പെഷ്യൽ കോടതിയിൽ സംയുക്തമായി വിടുതൽ ഹർജി നൽകിയെങ്കിലും കോടതി വിടുതൽ ഹർജി തള്ളുകയാണ് ചെയ്തത്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പി ജയരാജനും ടി വി രാജേഷിനുമെതിരെ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഉള്ളത്.
സംസ്ഥാന പോലീസിൻ്റെ അന്വേഷണത്തിനെതിരെ അബ്ദുൽ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി കേസന്വേഷണം സിബിഐക്ക് വിടുകയും കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവാകുകയും ചെയ്തിരുന്നു. അതിനെ തുടർന്നാണ് ക്രിമിനൽ ഗൂഢാലോചന കുറ്റവും കൂടി ഉൾപ്പെടുത്തി സിബിഐ പി ജയരാജനും ടി.വി രാജേഷിനുമേതിരെ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ 33 പ്രതികളാണുള്ളത്.