മലപ്പുറം വേങ്ങരയിൽ 23 ലക്ഷം രൂപയെ ചൊല്ലി തർക്കം; വൃദ്ധദമ്പതികൾക്ക് ക്രൂരമർദനം; സിസിടിവി ദൃശ്യങ്ങള്‍
മലപ്പുറം വേങ്ങരയില്‍ പണമിടപാടിനെ ചൊല്ലി അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വൃദ്ധദന്പതികള്‍ക്ക് ക്രൂരമര്‍ദനം.
മലപ്പുറം: മലപ്പുറം വേങ്ങരയിൽ പണമിടപാടിനെ ചൊല്ലി അയൽവാസികൾ തമ്മിൽ സംഘർഷം. ഇന്നലെ ഉച്ചയ്ക്കാണ് വേങ്ങര സ്വദേശികളായ അസൈൻ, ഭാര്യ പാത്തുമ്മ, മകൻ ബഷീർ എന്നിവർക്ക് മർദ്ദനത്തിൽ പരിക്കേറ്റത്. ബിസിനസിൽ മുടക്കിയ പണം തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ടാണ് കൂട്ടയടിയുണ്ടായത്.
23 ലക്ഷം രൂപയുടെ പണം ഇടപാടിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. ഒന്നര വർഷം മുൻപ് ബിസിനസ്സിനായി അയൽവാസിയായ മുഹമ്മദിന് ഈ പണം നൽകിയിരുന്നുവെന്നാണ് ബഷീർ പറയുന്നത്. പിന്നീട് തിരികെ ആവശ്യപ്പെട്ടെങ്കിലും പണം മുഹമ്മദ് തിരിച്ചു നൽകിയില്ല.
ഇതിനെ തുടർന്നാണ് ബഷീറും കുടുംബവും മുഹമ്മദിന്റെ വീടിന് മുന്നിൽ ഇന്നലെ സത്യാഗ്രഹം നടത്തിയത്. ഈ സമരത്തിനിടയിലുണ്ടായ വാക്ക് തർക്കമാണ് ഇരു കുടുംബങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്. സംഘർഷത്തിൽ വൃദ്ധദമ്പതിമാരായ ബഷീറിന്റെ പിതാവ് ആസൈനും മാതാവ് പാത്തുമ്മയ്ക്കും ഗുരുതരമായി പരിക്കെറ്റു.
അതേസമയം ബഷീറും കുടുംബവും വീട്ടിൽ കയറി തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നാണ് മുഹമ്മദ് പറയുന്നത്. ബഷീറിന്റെ പരാതിയിൽ വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിട്ടുണ്ട്. മുഹമ്മദ് സഫർ, സഹോദരങ്ങളായ റാഷിദ്, ഹാഷിം, പിതാവ് അബ്ദുൽ കലാം എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. അന്യായമായി തടഞ്ഞു വെച്ചു, മോശമായി പെരുമാറി, കൂട്ടം ചേർന്ന് മർദ്ദിച്ചു എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.