രാഷ്ട്രീയ നേതാവിന്‍റെ മകനായതുകൊണ്ട് രാഷ്ട്രീയത്തിൽ വരാൻ പാടില്ലെന്നത് ശരിയല്ല, നയം വ്യക്തമാക്കി അപു ജോസഫ്
തൊടുപുഴയിൽ സ്ഥാനാർത്ഥിയാകുമോ എന്നത് പാർട്ടി തീരുമാനിക്കും
എറണാകുളം: രാഷ്ട്രീയ നേതാവിന്‍റെ മകൻ ആയതുകൊണ്ട് രാഷ്ട്രീയത്തിൽ വരാൻ പാടില്ലെന്നത് ശരിയല്ലെന്ന് അപു ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുതുതായി ഏൽപ്പിച്ച ദൗത്യം ആത്മാർത്ഥയോടെ നിർവഹിക്കും. തൊടുപുഴയിൽ സ്ഥാനാർത്ഥിയാകുമോ എന്നത് പാർട്ടി തീരുമാനിക്കും. തെരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ യുഡിഎഫിലെ കക്ഷികൾ പ്രവർത്തനം ശക്തമാക്കണം. ഓരോ ഘടകകക്ഷിയും അവരവരുടെ കേന്ദ്രങ്ങളിൽ അടിത്തറ ഉറപ്പിക്കണമെന്ന് അപു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജോസ് കെ. മാണി പോയത് യുഡിഎഫിന് ക്ഷീണം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആ പാർട്ടിയിലുള്ള അണികൾ ഉടൻ കൂട്ടത്തോടെ യുഡിഎഫിലെത്തും. യഥാർത്ഥ കേരള കോൺഗ്രസുകാർ ഇടതുമുന്നണിയിൽ അസംതൃപ്തരാണ്. പ്രവർത്തകരുടെ ഒഴുക്ക് തടയാനാണ് കേരള കോൺഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റം ചർച്ചയാക്കുന്നത്. ചർച്ചകൾക്ക് പിന്നിൽ ആ പാർട്ടിയിൽ ഉളളവരുടെ ബോധപൂർവമായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.