Anupama Baby : കുഞ്ഞിന് 'എയ്ഡന്‍' എന്ന് പേരിട്ട് അനുപമ; മനോഹരമായ ഒരു അര്‍ത്ഥമുണ്ട് ആ പേരിന്.!
തിരുവനന്തപുരം കുടുംബ കോടതി ഉത്തരവിട്ടതിന് പിന്നാലെ എയ്ദന്‍ അനു അജിത്ത് അമ്മയുടെ കൈകളിലെത്തി.
തിരുവനന്തപുരം: വിവാദ ദത്തുകേസില്‍ (adoption case) കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും (anupama) അജിത്തിനും കൈമാറി. മകന് എയ്ദന്‍ അനു അജിത്ത് എന്ന് പേരിടുമെന്നും അനുപമ പറഞ്ഞു. എയ്ഡന്‍ (Aiden) എന്ന വാക്കിന് അർത്ഥം 'ചെറു ജ്വാല' എന്നാണ്. ഐറിഷ് ഐതിഹ്യത്തിൽ നിന്നാണ് എയ്ഡൻ എന്ന പേര് വന്നത്.
അതേ സമയം കുട്ടിയെ വിട്ടുനൽകാൻ തിരുവനന്തപുരം കുടുംബ കോടതി ഉത്തരവിട്ടതിന് പിന്നാലെ എയ്ഡന്‍ അനു അജിത്ത് അമ്മയുടെ കൈകളിലെത്തി. ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് ഡിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. എല്ലാ നടപടികളും ജഡ്ജിയുടെ ചേമ്പറിലാണ് നടന്നത്. കുഞ്ഞിനെ കൊടുക്കുന്നതിന് മുമ്പ് അജിത്തിനെയും ചേമ്പറിലേക്ക് വിളിപ്പിച്ചിരുന്നു. കുട്ടിയെ നന്നായി വളർത്തണമെന്ന് കൂടുംബ കോടതി ജഡ്ജി ബിജു മേനോൻ അനുപമയോട് പറഞ്ഞു.
മകനെ മൂന്ന് മാസത്തോളം കാലം സ്വന്തമായി കരുതി സംരക്ഷിച്ച ആന്ധ്രാ ദമ്പതിമാർക്ക് നന്ദിയറിയിച്ച് അനുപമ. തന്റെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതിമാർക്ക് നീതി കിട്ടണമെന്നും ദമ്പതികൾക്ക് എപ്പോൾ വന്നാലും കുഞ്ഞിനെ കാണാമെന്നും അനുപമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദമ്പതിമാരോട് തെറ്റ് ചെയ്തത് താനോ മകനോ അല്ല. എന്റെ മകനെ സ്വീകരിച്ചതിന്റെ പേരിൽ അവർക്ക് നീതി നിഷേധിക്കപ്പെടരുതെന്നും അനുപമ കൂട്ടിച്ചേർത്തു.
പോരാടി, വിജയിച്ചു ; കുഞ്ഞ് ഇനി അനുപമയ്ക്ക് സ്വന്തം, കുഞ്ഞിനെ കൈമാറി
'കുഞ്ഞിനെ കയ്യിലേക്ക് ലഭിച്ചപ്പോൾ പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷമായിരുന്നു. ആന്ധ്രയിലെ ദമ്പതികൾക്കും നീതി ലഭിക്കണം. എന്റെ കുഞ്ഞിനെ നോക്കിയവരല്ലേ, അവരെപ്പോൾ വന്നാലും അവർക്ക് കുഞ്ഞിനെ കാണാം. അങ്ങോട്ട് പോയി അവരെ കാണുന്നതും ആലോചിക്കുന്നുണ്ടെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ നഷ്ടപ്പെട്ട വിവരം ആദ്യം ജനങ്ങളിലേക്ക് എത്തിച്ച ഏഷ്യാനെറ്റ് ന്യൂസിനോട് പ്രത്യേകം നന്ദിയറിയിച്ച അനുപമ, പോരാട്ടത്തിൽ ഒപ്പം നിൽക്കുകയും മാനസിക പിന്തുണ നൽകുകയും ചെയ്തവർക്കും നന്ദി പറഞ്ഞു.
സമരത്തിന്‍റെ ഭാവിയിൽ തീരുമാനം കൂടിയാലോചനയ്ക്ക് ശേഷം, ആന്ധ്ര ദമ്പതികൾക്കും നന്ദിയുണ്ടെന്ന് അനുപമ
ഒടുവിൽ മകൻ എയ്ദനെ കിട്ടുമ്പോഴും കുഞ്ഞിനെ തന്നിൽ നിന്നും അകറ്റിയവർക്കെതിരെ പോരാട്ടം തുടരാനാണ് അനുപമയുടെ തീരുമാനം. ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും,സി ഡബ്ലൂ സി ചെയർപേഴ്സണ്‍ സുനന്ദക്കും എതിരെ നടപടി വേണമെന്ന് അനുപമ ആവശ്യപ്പെട്ടു.സമരത്തിന്റെ ഭാവിയുടെ കാര്യത്തിൽ എല്ലാവരുമായി ചേർന്നാലോചിച്ച് തീരുമാനമെടുക്കുമെന്നും അനുപമ അറിയിച്ചു.