പച്ചപ്പിനെ സ്നേഹിക്കുന്ന ഒരു ഓട്ടോക്കാരൻ.. അഥവാ ഒരു മാനസാന്തരത്തിന്റെ കഥ!

ഒരിത്തിരി പച്ചപ്പും  ഹരിതാഭയും വീട്ടിലാണെങ്കിലും നാട്ടിലാണെങ്കിലും കണ്ണിനൊരു കുളി‍ർമ്മയാണ്. ചെമ്പഴന്തി സ്വദേശി അനിയുടെ ഓട്ടോറിക്ഷയും അങ്ങനെ കണ്ണിനും മനസ്സിനും സുഖം പകരുന്ന കാഴ്ചയാണ്.

Anils autorickshaw from Chempazhanthi is autorickshaw driver who loves nature

രിത്തിരി പച്ചപ്പും  ഹരിതാഭയും വീട്ടിലാണെങ്കിലും നാട്ടിലാണെങ്കിലും കണ്ണിനൊരു കുളി‍ർമ്മയാണ്. ചെമ്പഴന്തി സ്വദേശി അനിയുടെ ഓട്ടോറിക്ഷയും അങ്ങനെ കണ്ണിനും മനസ്സിനും സുഖം പകരുന്ന കാഴ്ചയാണ്. മണി പ്ലാന്റ് മുതൽ ആൽമരം വരെ വച്ചുപിടിപ്പിച്ച ഒരു വണ്ടി. മാത്രമല്ല, ഈ വണ്ടിയിൽ യാത്ര  സൗജന്യവുമാണ്. രോഗികളെ സഹായിക്കാനായി ആർക്കും പണം സംഭാവന ചെയ്യാനായി ഒരു പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്.. 

തിരുവനന്തപുരം നഗരത്തിരക്കിൽ എവിടെയെങ്കിലും നിങ്ങളും  സഞ്ചരിക്കുന്ന ഈ പൂങ്കാവനം കണ്ടേക്കാം. ഇത്തിരി ഇടത്തിൽ ഒത്തിരി പച്ചയും കാരുണ്യത്തിന്റെ തണലും ഒരുക്കുന്ന അനിയെന്ന മനുഷ്യന്റെ കഥയിലേക്ക്.  മദ്യപാനം, അടിപിടി, നിരവധി പൊലീസ് കേസുകൾ... അ‍ഞ്ച് വർഷം മുൻപ് വരെ ചെമ്പഴന്തിക്കാരൻ അനിയുടെ ജീവിതത്തിന്റെ ആകെത്തുക ഇതായിരുന്നു. 

മൂന്ന് തവണയായി ഒൻപത് മാസത്തോളം ജയിലിൽ കിടന്നു. പുറത്തിറങ്ങി ജീവിതത്തിന്റെ ദിക്കറിയാതെ നിന്നപ്പോഴാണ് ദിശകാണിക്കാനായി ശ്രീകാര്യം സ്വദേശി ഡോ. സത്യശീലൻ അനിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. സത്യശീലന്റെ വീട്ടുജോലിക്കാരനായി നിന്ന കാലം അനി ഒരു പുതിയ മനുഷ്യനായി മാറുകയായിരുന്നു. 

അഞ്ച് വർഷം മുൻപ് അദ്ദേഹത്തിന്റെ തന്നെ സഹായത്തോടെ ഓട്ടോ എടുത്തു. പുതിയ തൊഴിൽ പുതിയ ജീവിതത്തിന്റേയും ഗ്രീൻ സിഗ്നലായി.  എന്തുകൊണ്ട് ഓട്ടോയിൽ ചെടികൾ നട്ടു എന്ന് ചോദിച്ചാൽ അനിയുടെ  മറുപടി ഇങ്ങനെ. എല്ലാവരും സ്വന്തം വീട്ടിൽ ചെടികൾ നടുന്നില്ലേ. അതുപോലെ തന്നെ. ഈ ഓട്ടോയാണ് എന്റെ വീട്....

Read More:  104 ദിവസം കൊണ്ട് കോഴിക്കോട് നിന്ന് സിംഗപ്പൂര്‍ വരെ ഒരു സൈക്കിള്‍ യാത്ര

അതെ പകൽ മുഴുവൻ നഗരം ചുറ്റുന്ന വാഹനത്തിൽ തന്നെയാണ് രാത്രി അനിയുടെ കിടപ്പും. കുടുംബവീട് സഹോദരിക്കായി വീതം വച്ചു നൽകിയതോടെയാണ് താമസം ഓട്ടോയിലേക്ക് മാറ്റിയത്. ഇല്ലായ്മകൾക്കിടകൾക്കിടയിലും സമ്പന്നമായ പച്ചപ്പാണ് അനിയുടെ  വാഹനത്തിന്റെ പ്രത്യേകത. മുന്നിൽ പടർന്നു കയറുന്ന മണിപ്ലാന്റ്. ഒറു വശത്ത് ശംഖുപുഷ്പവും തുളസിയും നിത്യകല്യാണിയും.. പോരാത്തതിന് വളർന്നു വരുന്ന കുറിയ ആൽമരവുമുണ്ട് അലങ്കാരത്തിന്. 

Anils autorickshaw from Chempazhanthi is autorickshaw driver who loves nature

പലരും പരിഹസിക്കും, വട്ടാണെന്ന് പറയും. പക്ഷെ എനിക്കീ സിറ്റിയുടെ തിരക്കിൽ കുറച്ച് നല്ല ഓക്സിജൻ ശ്വസിക്കാമല്ലോ... എന്ന് പറഞ്ഞ് അനി ചിരിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുന്നിൽ ഓട്ടം തുടങ്ങിയപ്പോഴാണ് തീരാദുരിതങ്ങളുമായെത്തുന്ന ഒട്ടേറെ രോഗികളെ കണ്ടത്. ബസിറങ്ങുന്ന പലർക്കും മെഡിക്കൽ കോളേജ് കവാടം മുതൽ ആർസിസി വരെ നടക്കുന്നത് തന്നെ ഏറെ പ്രയാസമാണ്. 

Read More: ബെൽജിയത്തിലിരുന്ന് കാതറിൻ ചോദിക്കുന്നു, എന്റെ കുടുംബത്തെ കണ്ടെത്താൻ സഹായിക്കാമോ?

ഓട്ടോ വിളക്കാൻ പണമില്ലാതെ അങ്ങനെ നടന്നു പോകുന്ന രോഗികളുടെ ദുരിതം കണ്ടപ്പോഴാണ് കാൻസർ രോഗികൾക്ക് സൗജന്യ യാത്ര എന്ന തീരുമാനത്തിലെത്തിച്ചത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും വന്നിറങ്ങുന്ന പലർക്കും  അതൊരു വലിയ തുണയായി. അങ്ങനെയുളള പലരും പിന്നെ സ്ഥിരക്കാരുമായി.

ഓട്ടോയിൽ വച്ച ബോക്സിൽ ക്യാൻസർ രോഗികൾക്കായുളള സഹായധനം ശേഖരിക്കും. യാത്രക്കാർക്ക് ആർക്കും പണം നിക്ഷേപിക്കാം. ഉള്ളതിൽ നിന്ന് ഒരു പങ്ക് രോഗികൾക്കും നൽകും. ആർസിസിയുടെ മുന്നിൽ അഗതികൾക്കായി കുടിവെളള വിതരണവും നടത്താറുണ്ട്.  ഒരു കാലത്ത് പല കൊളളരുതായ്മകളും ചെയ്തു. എന്നാൽ തിരിച്ചറിവ് വന്ന ശേഷം പഴയ ജീവിതത്തിലേക്കൊരു യു ടേൺ എടുക്കാൻ ഒരിക്കലും അനി ആഗ്രഹിച്ചിട്ടില്ല.

Anils autorickshaw from Chempazhanthi is autorickshaw driver who loves nature

നല്ലത് ചെയ്യുന്നതിന്റെ സുഖമാണ് തനിക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലമെന്ന് അനി പറയുന്നു,നേരത്തെ പൊലീസിന്റെ നോട്ടപ്പുളളിയായിരുന്ന അനിയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഇന്ന് പൊലീസിന്റെയും കൈത്താങ്ങുണ്ട്. അതിമാനുഷ പരിവേഷമുള്ള ഒരു സൂപ്പർതാര കഥാപാത്രത്തിന്റെ പേരിലാണ് സിനിമാ പ്രേമിയായ അനിയെ കൂട്ടുകാർ വിളിക്കുന്നത്. സാഗർ ഏലിയാസ് അനി.. അതെ കൊച്ചു ജീവിതത്തിൽ ഇമ്മിണി വല്യ കാര്യങ്ങൾ ചെയ്യുന്ന ഈ മനുഷ്യന് ആ പേര് നന്നായി ഇണങ്ങുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios