'തൃശൂർ മേയർക്ക് സുരേന്ദ്രൻ കേക്ക് കൊടുത്തത് ആർക്ക് മനസിലായാലും സിപിഎമ്മിന് മനസിലാകില്ല', വിമർശിച്ച് അനിൽ അക്കര
ഒട്ടകപക്ഷിയുടെ തല മണ്ണിൽ പൂഴ്ത്തിയത് പോലെയാണ് സി പി എം ചെയ്യുന്നതെന്നും അനിൽ അക്കര അഭിപ്രായപ്പെട്ടു
തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസുമായി കൂടിക്കാഴ്ച നടത്തി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേക്ക് നൽകിയതിൽ സി പി എമ്മിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് അനിൽ അക്കര രംഗത്ത്. തൃശൂർ മേയറെ വീട്ടിൽ പോയികണ്ട് കേക്ക് കൊടുത്ത ബി ജെ പിയുടെ രാഷ്ട്രീയം ആർക്ക് മനസ്സിലായാലും തൃശൂരിലെ സിപിഎമ്മിന് മനസ്സിലാകില്ലെന്നും അത് ഒട്ടകപക്ഷിയുടെ തല മണ്ണിൽ പൂഴ്ത്തിയത് പോലെയാണെന്നുമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അനിൽ അക്കര പറഞ്ഞത്.
അനിൽ അക്കരയുടെ കുറിപ്പ് പൂർണരൂപത്തിൽ
കേരളത്തിലെ,
ഒരേഒരു മേയർക്ക്
കേക്ക് കൊടുത്ത്
ബിജെപി പ്രസിഡന്‍റ്.
കേരളത്തിലെ ആറ് കോർപറേഷനുകളിൽ കണ്ണൂർ ഒഴിച്ച് ബാക്കി അഞ്ചും സിപിഎം മേയർമാരാണ്.
അവിടെയൊന്നും പോകാതെ
കോഴിക്കോട്ടെ സ്വന്തം മേയർക്ക് പോലും നൽകാതെ
തൃശ്ശൂർ മേയറെ വീട്ടിൽ പോയികണ്ട് കേക്ക് കൊടുത്ത ബിജെപിയുടെ രാഷ്ട്രീയം ആർക്ക്
മനസ്സിലായാലും തൃശ്ശൂരിലെ
സിപിഎമ്മിന് മനസ്സിലാകില്ല. അത് ഒട്ടകപക്ഷിയുടെ
തല മണ്ണിൽ പൂഴ്ത്തിയത് പോലെയാണ്.
അതേസമയം ബി ജെ പിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായാണ് ഇന്ന് ഉച്ചക്ക് ശേഷം കെ സുരേന്ദ്രൻ ക്രിസ്മസ് കേക്കുമായി എത്തി തൃശൂർ മേയറുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും സ്നേഹത്തിന്‍റെ സന്ദർശനം മാത്രമാണെന്നുമാണ് കെ സുരേന്ദ്രൻ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ നാലു വർഷമായുള്ള പതിവാണ്. ക്രിസ്മസ് പരസ്പരം മനസിലാക്കലിന്‍റെയും സമാധാനത്തിന്‍റെയും ആഘോഷമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ക്രിസ്തുമസ് ദിവസം തന്‍റെ വസതിയിൽ ആര് വന്നാലും സ്വീകരിക്കും എന്നും ക്രിസ്മസ് സ്നേഹത്തിന്‍റെ ദിവസമാണെന്നും മറ്റൊരു ചിന്തയും ഇല്ലെന്നായിരുന്നു മേയർ എം കെ വർഗീസിന്‍റെ പ്രതികരണം. ബി ജെ പി സംസ്ഥാന അധ്യക്ഷൻ വന്നതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി എം പിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയെ പ്രശംസിച്ച് പലപ്പോഴും വിവാദങ്ങളിൽ ഏർപ്പെട്ടയാളാണ് തൃശൂർ മേയർ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം