അഞ്ചലിൽ യുവതിയെയും 2 കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കേസ്: 18 വർഷത്തിന് ശേഷം പ്രതികളെ പിടികൂടി സിബിഐ

കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 18 വർഷത്തിനുശേഷം പിടിയിൽ.

Anchal murder case of woman and 2 children CBI nabs the accused after 19 years from pondichery

കൊല്ലം: കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 18 വർഷത്തിനുശേഷം പിടിയിൽ. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. ഇന്ത്യൻ ആർമിയിൽ ആയിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവിൽ പോയി. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. 2006ലാണ് സംഭവം നടന്നത്. 2012 ല്‍ കേസിന്‍റെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പത്താന്‍കോട്ട് യൂണിറ്റിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്.

2006 ഫെബ്രുവരി മാസത്തിലാണ് കൊല്ലം അഞ്ചല്‍ സ്വദേശിനിയായ, അവിവാഹിതയായ രഞ്ജിനി എന്ന യുവതിയും രണ്ട് പെണ്‍കുഞ്ഞുങ്ങളും കൊല്ലപ്പെട്ടത്. ഈ കേസില്‍ സൈനികരായ ഇവര്‍ക്ക് പങ്കുണ്ടെന്ന് സംസ്ഥാന പൊലീസും സിബിഐയും കണ്ടെത്തിയിരുന്നു. എന്നാല്‍ 2006 മുതല്‍ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. സൈന്യത്തിലേക്ക് ഇവര്‍ തിരികെ പോയില്ല. ഇരുവരും രാജ്യത്തിന് പുറത്തേക്ക് പോയി എന്ന രീതിയിലായിരുന്നു അന്വേഷണം തുടര്‍ന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചകളിലായി ഇവരെക്കുറിച്ചുള്ള വിവരം ചെന്നൈ യൂണിറ്റിലെത്തിയിരുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പോണ്ടിച്ചേരിയില്‍ നിന്ന് പിടികൂടുന്നത്. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും  ഈ വിവാഹത്തില്‍ ഇവര്‍ക്ക് കുട്ടികളുണ്ട്. അവിടെവെച്ചാണ് സിബിഐ ഇവരെ പിടികൂടി കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയത്. 

സംഭവത്തിന് ആധാരമായി പൊലീസ് പറയുന്നതിങ്ങനെ, ദിബില്‍കുമാറിന് രഞ്ജിനിയില്‍ 2 കു‍ഞ്ഞുങ്ങള്‍ ജനിച്ചിരുന്നു. പക്ഷേ ആ കുട്ടികളുടെ  പിതൃത്വം സംബന്ധിച്ച് ദിബില്‍ കുമാറിനെതിരെ രഞ്ജിനിയും കുടുംബവും പരാതികളുന്നയിച്ചിരുന്നു. കുട്ടികളുടെ ഡിഎന്‍എ അടക്കം പരിശോധിക്കാന്‍ വനിത കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് തെളിവുകള്‍ നശിപ്പിക്കാനെന്ന ലക്ഷ്യത്തോടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയം ദിബില്‍കുമാറും രാജേഷും അവിടെയെത്തി 3 പേരെയും കൊലപ്പെടുത്തിയത്. രണ്ട് കുഞ്ഞുങ്ങളെയും യുവതിയെയും കഴുത്തറത്താണ് കൊലപ്പെടുത്തിയത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ 2006 ജനുവരി മുതല്‍ ഏപ്രില്‍ വരെ ഇരുവരും അവധിയിലായിരുവെന്ന് പൊലീസ് കണ്ടെത്തി. രാജ്യത്തിനകത്തും പുറത്തും അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും ഇരുവരെയും കുറിച്ച് പൊലീസിന് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ആദ്യം 50000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. പിന്നീടത് രണ്ട് ലക്ഷമാക്കി. കഴിഞ്ഞ 5 വര്‍ഷമായി ഇവരെക്കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു എന്ന് സിബിഐ വ്യക്തമാക്കുന്നു. പോണ്ടിച്ചേരിയില്‍ വേഷവും രൂപവും തൊഴിലും മാറി ഇവര്‍ ജീവിക്കുന്നുവെന്ന് കണ്ടെത്തിയത്. ഇന്‍റീരിയര്‍ ഡിസൈന്‍ സ്ഥാപനം നടത്തിവരികയായിരുന്നു ഇരുവരും. 

Latest Videos
Follow Us:
Download App:
  • android
  • ios