കേരളത്തിൽ കുത്തനെ കുറഞ്ഞ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി; ആശ്വസിക്കാൻ വകയില്ലെന്ന് വിലയിരുത്തൽ
ഒരാഴ്ചയെങ്കിലും നിരീക്ഷിച്ച ശേഷമേ നിഗമനത്തിലെത്താനാവൂ എന്നും ആശ്വസിക്കാനായിട്ടില്ലെന്നുമാണ് വിദഗ്ദരും പറയുന്നത്. 14 ശതമാനത്തിന് മുകളിൽ നിന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ പൊടുന്നനെ 8.6 ശതമാനത്തിലേക്ക് താഴ്ന്നത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്.
തിരുവനന്തപുരം: ആഴ്ചകൾ നിലനിന്ന കുതിപ്പിനിടയിൽ കൊവിഡ് വ്യാപന നിരക്കിൽ ഇന്നലെ പൊടുന്നനെയുണ്ടായ വൻകുറവ് കാര്യത്തിലെടുക്കേണ്ടതില്ലെന്ന് സർക്കാർ വിലയിരുത്തൽ. ഒരാഴ്ചയെങ്കിലും നിരീക്ഷിച്ച ശേഷമേ നിഗമനത്തിലെത്താനാവൂ എന്നും ആശ്വസിക്കാനായിട്ടില്ലെന്നുമാണ് വിദഗ്ദരും പറയുന്നത്. 14 ശതമാനത്തിന് മുകളിൽ നിന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ പൊടുന്നനെ 8.6 ശതമാനത്തിലേക്ക് താഴ്ന്നത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്.
73,816 പേരെ പരിശോധിച്ചു ഏറ്റവുമുയർന്ന പ്രതിദിന പരിശോധനയിലെത്തിയ ഏഴാം തിയതി രോഗികളുടെ കാര്യത്തിലുമുണ്ടായത് ഏറ്റവുമുയർന്ന പ്രതിദിന വർധനവായിരുന്നു. 10,606 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനവും കടന്നു. എന്നാൽ ഇന്നലെ പരിശോധന കുറഞ്ഞ് 63146ലേക്ക് താഴ്ന്നപ്പോൾ രോഗികളും കുത്തനെ താഴ്ന്നു.-5445. അതായത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒറ്റ ദിവസം കൊണ്ട് 6 ശതമാനത്തോളം കുറഞ്ഞ് 8.69 ആയി താഴ്ന്നു. പരിശോധനയിൽ കണ്ടെത്തുന്ന രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞുവെന്നർത്ഥം. 13.69 ആണ് കഴിഞ്ഞ ആഴ്ച്ചയിലെ മൊത്തം ശരാശരിയെന്നിരിക്കെയാണ് ഇത്. എന്നാൽ ഇത് കാര്യമാക്കേണ്ടതില്ലെന്നാണ് വിദഗ്ദരും സർക്കാരും പറയുന്നത്. ഒരു ദിവസത്തെ പ്രതിഭാസം മാത്രമാകാമെന്നും ഒരാഴ്ച്ചയെങ്കിലും ഈ നില തുടരുമോയെന്ന് നോക്കിയാൽ മാത്രമേ പറയാനാകൂവെന്നുമാണ് വിശദീകരണം.
14ഉം കടന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെയെത്തിക്കാനാണ് സർക്കാർ നിർദേശം. മലപ്പുറത്ത് കഴിഞ്ഞയാഴ്ച്ച ഇത് 26.3 വരെയായിരുന്നു. പൊടുന്നനെ ഇത് കുറഞ്ഞത് യഥാർത്ഥ കണക്കുകൾ ഒളിപ്പിച്ചതിനാലാണെന്ന അഭ്യൂഹങ്ങളും ചില കോണുകളിൽ നിന്ന് ഉയർന്നു. സ്വകാര്യ ലാബുകൾ പരിശോധനാ വിവരം ഒന്നിച്ച് അയച്ചതിനാലാകാം ഇതെന്ന വിലയിരുത്തലുമുണ്ട്. ഏതായാലും വരും ദിവസങ്ങളിലെ കണക്കുകളാകും ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ ഗതി നിർണയിക്കുക.