ദില്ലിയിൽ കൊവിഡ് വീണ്ടും രൂക്ഷം; ഇടപെട്ട് കേന്ദ്രം, അടിയന്തര യോഗം വിളിച്ച് അമിത് ഷാ

രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ചികിത്സ കേന്ദ്രങ്ങൾ തുറക്കണമെന്ന് ദില്ലി സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ  ഇടപെടൽ. 

amit shah calls emergency meeting on delhi covid crisis

ദില്ലി: ദില്ലിയിൽ കൊവിഡ് രോഗബാധ വീണ്ടും രൂക്ഷമായതോടെ സാഹചര്യം വിലയിരുത്താൻ ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. ദില്ലി ഗവർണർ അനിൽ ബൈജാൻ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, നീതി ആയോഗ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ചികിത്സ കേന്ദ്രങ്ങൾ തുറക്കണമെന്ന് ദില്ലി സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ  ഇടപെടൽ. 

ദില്ലിയിൽ ദീപാവലി ആഘോഷത്തിന്‍റെ പേരില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടിരിക്കുന്നു. മാര്‍ക്കറ്റുകളില്‍ സാമൂഹിക അകലം പാലിക്കാതെ ജനം തിക്കിത്തിരക്കിയതിന് പിന്നാലെ പടക്ക നിരോധനവും നടപ്പായില്ല. ലോക്ഡൌണിന് പിന്നാലെ കുറഞ്ഞ അന്തരീക്ഷ മലിനീകരണം ഇന്നു രാവിലെ അതിഗുരുതരാവസ്ഥയിലായിരുന്നു. വായൂമലിനീകരണ തോത് നൂറുകടന്നാല്‍ അപകടമെന്നിരിക്കേ ദില്ലിയിലെ മിക്കയിടങ്ങളിലും രാവിലെ വായു മിലീകരണ സൂചിക നാനൂറ്റിഅമ്പത് കടന്നിരുന്നു.  മലിനീകരണവും ശൈത്യവും കൊവിഡ് വര്‍ധനയ്ക്ക് കാരണമാകുമെന്നതിനാല്‍ വൈകിട്ട് നടക്കുന്ന യോഗം സ്ഥിതി വിലയിരുത്തും.

പൂര്‍ണമായും അടച്ചിടലിലേക്ക് പോകാനിടയില്ലെങ്കിലും ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശമുണ്ടാകും. ആശുപത്രികള്‍ നിറയുന്ന  സാഹചര്യവും യോഗം വിലയിരുത്തും. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളില്‍ കൂടുതല്‍ വെന്‍റിലേറ്റര്‍ ഐസിയുകള്‍ സജ്ജമാക്കണമെന്ന ദില്ലി സര്‍ക്കാരിന്‍റെ ആവശ്യത്തിലും തീരുമാനമുണ്ടായേക്കും. കൊവിഡ് സാഹചര്യം രൂക്ഷമായ രണ്ടു മാസം മുമ്പും ദില്ലിയില്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ കേന്ദ്രം ഇടപെട്ടിരുന്നു.

അതേ സമയം  രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം എണ്‍പത്തിയെട്ടു ലക്ഷം കടന്നു. ഇന്നലെ 41,100 പേര്‍ രോഗ ബാധിതരായതോടെ ആകെ രോഗികളുടെ എണ്ണം 88,14,579 ആയി ഉയര്‍ന്നു. 24 മണിക്കൂറിനുള്ളില്‍ 447 പേര്‍ മരിച്ചു. ആകെ മരണം 1,29,635 ആയി. 4,79,216 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ദില്ലിയില്‍ ഇന്നലെ 7340 പേര്‍ രോഗികളായി. ഉത്തര്‍ പ്രദേശ് 2361,മധ്യപ്രദേശ് 1012,മഹാരാഷ്ട്ര 4237,പശ്ചിമ ബംഗാള്‍ 3823,കർണാടക 2154,ആന്ധ്ര 1657 എന്നിങ്ങനെയാണ് പ്രധാന സംസ്ഥാനങ്ങളിലെ രോഗ ബാധ.

 

Latest Videos
Follow Us:
Download App:
  • android
  • ios