'വണ്ടി തിരിക്കാൻ പോലുമായില്ല, അപ്പോഴേക്കും ഹൃദയാഘാതമുണ്ടായി'; ആംബുലൻസുകൾ ബ്ലോക്കിൽ പെട്ട് 2 രോഗികൾ മരിച്ചു
ദേശീയ പാത നിര്‍മാണം നടക്കുന്നതിനെ തുടര്‍ന്നുള്ള ഗതാഗത ക്രമീകരണത്തെ തുടര്‍ന്ന് കാക്കഞ്ചേരിയിലുണ്ടായ ബ്ലോക്കിൽ കുടുങ്ങി ആംബുലന്‍സുകളിലുണ്ടായിരുന്ന രണ്ടു രോഗികള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: ദേശീയ പാത നിര്‍മാണം നടക്കുന്നതിനെ തുടര്‍ന്നുള്ള ഗതാഗത ക്രമീകരണത്തെ തുടര്‍ന്ന് മലപ്പുറം കാക്കഞ്ചേരിയിലുണ്ടായ ബ്ലോക്കിൽ കുടുങ്ങി ആംബുലന്‍സുകളിലുണ്ടായിരുന്ന രണ്ടു രോഗികള്‍ക്ക് ഹൃദയാഘാതത്തെതുടര്‍ന്ന് ദാരുണാന്ത്യം. ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവം. മലപ്പുറം എടരിക്കോട് സ്വദേശിനി സുലേഖ, വള്ളിക്കുന്ന് കോട്ടാശ്ശേരി സ്വദേശി ഷജിൽ കുമാര്‍ എന്നിവരാണ് ആംബുലന്‍സിനുള്ളിൽ വെച്ച് ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചത്. ഇരുവരെയും കോഴിക്കോട്ടെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിനിടെ കാക്കഞ്ചേരിയിലെ ബ്ലോക്കിൽ കുടുങ്ങുകയായിരുന്നു. ബ്ലോക്കിൽ അരമണിക്കൂറോളം കുടുങ്ങിയതിനിടയിലാണ് ഇരുവര്‍ക്കും ഹൃദയാഘാതമുണ്ടായത്.
കോട്ടയ്ക്കലിൽ നിന്ന് വൈകിട്ട് ആറോടെയാണ് കോഴിക്കോട് ഇഖ്റയിലേക്ക് പുറപ്പെട്ടത്. ഏഴേ കാലോടെയാണ് കാക്കഞ്ചേരിയിൽ എത്തിയത്. കോട്ടയ്ക്കലിൽ നിന്ന് ആംബുലന്‍സിന് 45 മിനുട്ടിൽ കോഴിക്കോട് എത്തേണ്ടതാണ്. എന്നാൽ കാക്കഞ്ചേരിയിൽ അരമണിക്കൂറോളം ബ്ലോക്കിൽ പെട്ടു. ഇതിനിടെ വാഹനത്തിൽ വെച്ച് രോഗിക്ക് ഹൃദയാഘാതമുണ്ടായി. പിന്നീട് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും റോഡിൽ മറ്റു വാഹനങ്ങളിലുണ്ടായിരുന്നവര്‍ പരമാവധി ശ്രമിച്ചെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും പോകാൻ കഴിയാത്ത രീതിയിൽ കുടുങ്ങി പോവുകയായിരുന്നുവെന്ന് അൽത്താഫ് പറഞ്ഞു.
ചേളാരിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വള്ളിക്കുന്ന് കോട്ടാശ്ശേരി സ്വദേശി ഷജിൽ കുമാറിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് കാക്കഞ്ചേരിയിൽ കുടുങ്ങിയതെന്ന് രണ്ടാമത്തെ ആംബുലന്‍സിന്‍റെ ഡ്രൈവര്‍ സാദിഖ് പറഞ്ഞു. സാധാരണ ചേളാരിയിൽ നിന്ന് 20 മിനുട്ടിൽ കോഴിക്കോട് എത്താറുള്ളതാണ്. രാത്രി 7.30ന് രോഗിയെ കയറ്റി 7.35ന് കാക്കഞ്ചേരയിൽ എത്തി. ബ്ലോക്ക് ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ട്രാക്ക് മാറി പോവായിരുന്നു. എന്നാൽ, അങ്ങോട്ടും ഇങ്ങോട്ടും പോകാനാകാതെ കുടുങ്ങി. മറ്റു വാഹനങ്ങളിലുള്ളവര്‍ റോഡിലിറങ്ങി വാഹനം മാറ്റാൻ പരമാവധി സഹായിച്ചെങ്കിലും 20 മിനുട്ടോളം ബ്ലോക്കിൽ പെട്ടു. ഇതിനിടെ രോഗിക്ക് ഹൃദയാഘാതമുണ്ടായി. പിന്നീട് അടുത്തുള്ള ക്രസന്‍റ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പത്തുമിനുട്ട് മുമ്പ് എത്തിക്കാനായിരുന്നെങ്കിൽ രക്ഷിക്കമായിരന്നു- മരിച്ച സുലൈഖയുടെ കുടുംബം
കോട്ടക്കലിലെ ആശുപത്രിയിൽ നിന്നും കോഴിക്കോടേക്ക് പോകുന്ന സമയത്ത് സുലൈഖയുടെ ആരോഗ്യ നില തൃപ്തികരമായിരുന്നുവെന്ന് മലപ്പുറം കാക്കഞ്ചേരിയിൽ ആംബുലൻസ് ബ്ലോക്കിൽ പെട്ടതിനെ തുടർന്ന് മരിച്ച സുലൈഖയുടെ മകൻ മെഹ്‌റൂഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബ്ലോക്കിൽ ഇരുപത് മിനുട്ടോളാം കുടുങ്ങി കിടന്നു. ആ സമയം കൊണ്ടു ഉമ്മയുടെ ആരോഗ്യ നില ഗുരുതരമായി.
അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കുംസമയം വൈകിയിരുന്നു. പത്തു മിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നു ഡോക്ടർമാർ പറഞ്ഞതായും മെഹ്‌റൂഫ് പറഞ്ഞു. ട്രാഫിക് നിയന്ത്രിക്കാൻ ഉള്ള സംവിധാനങ്ങൾ ഒന്നും റോഡിൽ ഇല്ലായിരുന്നുവെന്ന് സുലൈഖയുടെ ഭർത്താവ് ഇബ്രാഹിം പറഞ്ഞു. ബ്ലോക്ക് ഉണ്ടെന്നുള്ള ഒരു മുന്നറിയിപ്പും ഉണ്ടായില്ല.ബ്ലോക്ക് ഉണ്ടെന്നു അറിഞ്ഞിരുന്നെങ്കിൽ സർവീസ് റോഡ് വഴിയെങ്കിലും പോകാൻ ശ്രമിച്ചേനെ യെന്നും ഇബ്രാഹിം പറഞ്ഞു.