10 മിനുട്ട് മുമ്പ് ആശുപത്രിയിൽ എത്തിച്ചെങ്കിൽ ഉമ്മ രക്ഷപ്പെട്ടേനെ; ബ്ലോക്കിൽ കുടുങ്ങിയതോടെ വൈകിയെന്ന് മകൻ

മലപ്പുറം കാക്കഞ്ചേരിയിൽ ആംബുലൻസ് ബ്ലോക്കിൽ പെട്ടതിനെ തുടർന്ന് രോഗികൾ മരിച്ച സംഭവത്തിൽ പ്രതികരിച്ച് കുടുംബാംഗങ്ങള്‍. പത്ത് മിനുട്ട് മുമ്പ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഉമ്മയെ രക്ഷിക്കാമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് മകൻ മെഹ്റൂഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ambulance stuck in traffic block at Kakkanchery and patients died national highway work family members reacts to the tragic incident

കോഴിക്കോട്: മലപ്പുറം കാക്കഞ്ചേരിയിൽ ആംബുലൻസ് ബ്ലോക്കിൽ പെട്ടതിനെ തുടർന്ന് രോഗികൾ മരിച്ച സംഭവത്തിൽ പ്രതികരിച്ച് കുടുംബാംഗങ്ങള്‍. ആംബുലന്‍സിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച എടരിക്കോട് സ്വദേശിനി സുലൈഖയെ പത്ത് മിനുട്ട് മുമ്പ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് മകൻ മെഹ്റൂഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കോട്ടക്കലിലെ ആശുപത്രിയിൽ നിന്നും കോഴിക്കോടേക്ക് പോകുന്ന സമയത്ത് സുലൈഖയുടെ ആരോഗ്യ നില തൃപ്തികരമായിരുന്നുവെന്ന് മകൻ മെഹ്‌റൂഫ് പറഞ്ഞു. ബ്ലോക്കിൽ ഇരുപത് മിനുട്ടോളാം കുടുങ്ങി കിടന്നു. കാക്കഞ്ചേരിയിൽ ബ്ലോക്കുണ്ടെന്നതിന് യാതൊരു അറിയിപ്പും ഉണ്ടായിരുന്നില്ല. ബ്ലോക്കിൽ കുടുങ്ങിയ സമയത്ത് ഉമ്മയുടെ ആരോഗ്യനില ഗുരുതരമായി.

അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോളേക്കും സമയം വൈകിയിരുന്നു. പത്തു മിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നു ഡോക്ടർ മാർ പറഞ്ഞിരുന്നു. ട്രാഫിക് നിയന്ത്രിക്കാൻ ഉള്ള സംവിധാനങ്ങൾ ഒന്നും റോഡിൽ ഇല്ലായിരുന്നുവെന്ന് സുലൈഖയുടെ ഭർത്താവ് ഇബ്രാഹിം പറഞ്ഞു. ബ്ലോക്ക്‌ ഉണ്ടെന്നുള്ള ഒരു മുന്നറിയിപ്പും ഉണ്ടായില്ല. ബ്ലോക്ക്‌ ഉണ്ടെന്നു അറിഞ്ഞിരുന്നെങ്കിൽ സർവീസ് റോഡ് വഴിയെങ്കിലും പോകാൻ ശ്രമിച്ചേനെ യെന്നും ഇബ്രാഹിം പറഞ്ഞു.

ദേശീയ പാത നിര്‍മാണം നടക്കുന്നതിനെ തുടര്‍ന്നുള്ള ഗതാഗത ക്രമീകരണത്തെ തുടര്‍ന്ന് മലപ്പുറം കാക്കഞ്ചേരിയിലുണ്ടായ ബ്ലോക്കിൽ കുടുങ്ങി ആംബുലന്‍സുകളിലുണ്ടായിരുന്ന രണ്ടു രോഗികളാണ് ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചത്. ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. മലപ്പുറം എടരിക്കോട് സ്വദേശിനി സുലേഖ, വള്ളിക്കുന്ന് കോട്ടാശ്ശേരി സ്വദേശി ഷജിൽ കുമാര്‍ എന്നിവരാണ് ആംബുലന്‍സിനുള്ളിൽ വെച്ച് ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചത്. ഇരുവരെയും കോഴിക്കോട്ടെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിനിടെ കാക്കഞ്ചേരിയിലെ ബ്ലോക്കിൽ കുടുങ്ങുകയായിരുന്നു. ബ്ലോക്കിൽ അരമണിക്കൂറോളം കുടുങ്ങിയതിനിടയിലാണ് ഇരുവര്‍ക്കും ഹൃദയാഘാതമുണ്ടായത്. 

'വണ്ടി തിരിക്കാൻ പോലുമായില്ല, അപ്പോഴേക്കും ഹൃദയാഘാതമുണ്ടായി'; ആംബുലൻസുകൾ ബ്ലോക്കിൽ പെട്ട് 2 രോഗികൾ മരിച്ചു


 

Latest Videos
Follow Us:
Download App:
  • android
  • ios