ശ്രദ്ധയുടെ മരണം ഞെട്ടിച്ചു, നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ജിഷ്ണു പ്രണോയുടെ അമ്മ
ജിഷ്ണു പ്രണോയ് കേസിന് സമാനമായി ശ്രദ്ധയുടെ കേസിലും കുറ്റക്കാരായവർ ശിക്ഷിക്കപ്പെടില്ലെന്ന സംശയമാണ് മഹിജയ്ക്ക്
തിരുവനന്തപുരം: കോട്ടയം കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ ശ്രദ്ധ വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ജിഷ്ണു പ്രണോയുടെ കുടുംബം. 'പാലക്കാട് നെഹ്റു കോളേജിൽ ജിഷ്ണു മരിച്ച ഘട്ടത്തിൽ ഇനിയൊരു കുടുംബത്തിനും ദുരവസ്ഥ ഉണ്ടാകില്ലെന്നാണ് കരുതിയത്. എന്നാൽ ജിഷ്ണു വീണ്ടും ആവർത്തിക്കുകയാണ്. ശ്രദ്ധയുടെ കുടുംബം ഇന്ന് കടന്നുപോകുന്നത് ഞാനനുഭവിച്ച വേദനയിലൂടെയാണ്. ഇതൊരു തീരാനോവാണ്'- മഹിജ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു.
'കുഞ്ഞുമക്കളെ വലിയ പ്രതീക്ഷയോടെയാണ് മാതാപിതാക്കൾ വളർത്തിയെടുക്കുന്നത്. അവർക്ക് നല്ല ഭാവിയുണ്ടാകാനാണ് ഇത്തരം കോളേജുകളിലേക്ക് അയക്കുന്നത്. എന്നാൽ ഇതൊക്കെ ജയിലറകൾക്ക് സമാനമായാണ് കുട്ടികളോട് പെരുമാറുന്നത്. ശ്രദ്ധയുടെ മരണം അറിഞ്ഞത് മുതൽ കടുത്ത മനോവിഷമത്തിലാണ്.' പ്രതികരിക്കുന്ന കുട്ടികളെ അടിച്ചമർത്തി ഇല്ലാതാക്കുകയാണെന്നും വിദ്യാർത്ഥി സംഘടനകളുണ്ടായിരുന്നെങ്കിൽ കുട്ടികൾ ഒറ്റപ്പെട്ട് പോകില്ലായിരുന്നുവെന്നും മഹിജ പറഞ്ഞു.
അമൽ ജ്യോതി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയും തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയുമായ ശ്രദ്ധ വെള്ളിയാഴ്ചയാണ് മരിച്ചത്. രാത്രി ഒമ്പത് മണിയോടെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കോളേജിലെ ലാബില്‍ വെച്ച് മൊബൈല്‍ ഫോൺ അധ്യാപകര്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് സംഭവം. കോളേജിലെ ചില അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച്, കോളേജിൽ വിദ്യാർത്ഥികൾ നടത്തിവന്ന സമരം ഇന്നാണ് ഒത്തുതീർന്നത്. മന്ത്രിമാർ ഇടപെട്ട് നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ക്രൈം ബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ ജിഷ്ണു പ്രണോയ് കേസിന് സമാനമായി ശ്രദ്ധയുടെ കേസിലും കുറ്റക്കാരായവർ ശിക്ഷിക്കപ്പെടില്ലെന്ന സംശയമാണ് മഹിജയ്ക്ക്. 'പണവും സ്വാധീനവും ഉള്ളവർക്കൊപ്പമാണ് നീതി. ജിഷ്ണു കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത് രണ്ട് പേർക്കെതിരെ മാത്രമാണ്. അതിലൊരാൾ പിന്നീട് മരിക്കുകയും ചെയ്തു. കുറ്റം ചെയ്യിപ്പിച്ചവർക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. ആദ്യ ഘട്ടത്തിലുയർന്ന പ്രതിഷേധം കെട്ടടങ്ങി. ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധമെങ്കിലും അങ്ങിനെയാകാതിരുന്നാൽ മതിയായിരുന്നു'- അവർ പറഞ്ഞു.
Read More: അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ക്രൈം ബ്രാഞ്ച് അന്വേഷിക്കും, വിദ്യാർത്ഥി സമരം പിൻവലിച്ചു
ജിഷ്ണു പ്രണോയ് മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പാലക്കാട് നെഹ്റു കോളേജിലെ വൈസ് പ്രിൻസിപ്പലായിരുന്ന ശക്തിവേലുവും അധ്യാപകനായിരുന്ന സിപി പ്രവീണുമാണ് പ്രതികൾ. ഇതിൽ സിപി പ്രവീണാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. കേസിൽ ആരോപണ വിധേയരായിരുന്ന സഞ്ജിത്ത് വിശ്വനാഥ്, നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസ് എന്നിവരെ പ്രതി ചേർക്കാതിരുന്നതിലാണ് ജിഷ്ണുവിൻ്റെ കുടുംബത്തിന്റെ വിഷമം.
അതേസമയം ശ്രദ്ധ മരിച്ച ദിവസം സന്തോഷവതിയായിരുന്നുവെന്നാണ് അച്ഛൻ സതീശന്റെ പ്രതികരണം. ഉച്ചയ്ക്ക് ശേഷം ആ കാബിനിൽ നടന്നത് എന്താണെന്ന് അറിയണമെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടിരിക്കുകയാണ്. കോട്ടയം എസ് പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തുക. വിദ്യാർത്ഥികൾ ഏറ്റവുമധികം പരാതി ഉന്നയിച്ച ഹോസ്റ്റൽ വാർഡൻ സിസ്റ്റർ മായയെ തത്കാലം മാറ്റി നിർത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടത് അനുസരിച്ച് ഇക്കാര്യം ബിഷപ്പുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം