അസഫാഖിനെ ജയിലിലടച്ചു; മറ്റാർക്കെങ്കിലും പങ്കുണ്ടോ? അന്വേഷണം ബിഹാറിലേക്ക് നീളുമോ? ആവശ്യമെങ്കിൽ പോകുമെന്ന് ഡിഐജി
ബീഹാറിൽ അസഫാഖ് ആലത്തിന്‍റെ പേരിൽ കേസുകളുള്ളതായി വിവരം കിട്ടിയിട്ടില്ലെന്നും ഡി ഐ ജി ശ്രീനിവാസ് പറഞ്ഞു
കൊച്ചി: ആലുവയിലെ അഞ്ച് വയസുകാരിയുടെ അതിക്രൂര കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതിലടക്കം അന്വേഷണം. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുമെന്നും മറ്റ് ആർക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷിക്കുകയാണെന്നും ഡി ഐ ജി ശ്രീനിവാസ് വ്യക്തമാക്കി. പ്രതി ബീഹാർ സ്വദേശിയാണെന്നും ആവശ്യമെങ്കിൽ ബീഹാറിൽ പോയി അന്വേഷിക്കുമെന്നും ഡി ഐ ജി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ബീഹാറിൽ അസഫാഖ് ആലത്തിന്‍റെ പേരിൽ കേസുകളുള്ളതായി വിവരം കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ കൂടുതൽ സാക്ഷികളെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും ഡി ഐ ജി ശ്രീനിവാസ് വിവരിച്ചു.
അതേസമയം ആലുവ കൊലപാതക കേസിലെ പ്രതി അസഫാഖ് ആലത്തിനെ ഉച്ചയോടെ ജയിലിലടച്ചു. ആലുവ സബ് ജയിലിലാണ് പ്രതിയിപ്പോൾ ഉള്ളത്. ഇന്നലെയാണ് ആലുവയിൽ അഞ്ചുവയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അസഫാഖിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി അസഫാഖ് കുഞ്ഞിനെ അതിക്രൂര പീഡനത്തിനിരയാക്കിയെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്. കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിലും ആന്തരീകാവയവങ്ങളിലും ഗുരുതരമുറിവുകളാണ് കണ്ടെത്തിയത്. ബലപ്രയോഗത്തിനിടെയുള്ള മുറിവുകളായിരുന്നു കുഞ്ഞുശരീരം മുഴുവൻ. കൊല നടത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30 യോടെയാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു.
അതേസമയം ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിക്ക് ഇന്ന് രാവിലെ കണ്ണീരോടെ നാട് അന്ത്യാഞ്ജലിയേകി. കുട്ടി പഠിച്ച തായിക്കാട്ടുകര സ്കൂളിലായിരുന്നു മൃതദേഹം പൊതുദർശനത്തിന് വെച്ചത്. അതിവൈകാരിക നിമിഷങ്ങളായിരുന്നു അവിടെ കണ്ടത്. ഒരു നാട് മുഴുവൻ അഞ്ചുവയസുകാരിക്ക് സംഭവിച്ച ദുരന്തത്തിൽ വിങ്ങിപ്പൊട്ടുകയായിരുന്നു. അധ്യാപകരും രക്ഷിതാക്കളും കൂട്ടുകാരും വിതുമ്പിക്കൊണ്ടാണ് അവൾക്ക് അന്ത്യാജ്ഞലി അർപ്പിച്ചത്. ആംബുലൻസ് കടന്നു പോയ വഴിയരികിലും ആളുകൾ ആ മകളെ ഒരു നോക്ക് കാണാൻ കാത്തുനിന്നു. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ഇവിടെ എത്തിച്ചേർന്നിരുന്നു. അന്ത്യാഞ്ജലിക്ക് ശേഷം സ്കൂളിൽ നിന്ന് എട്ടുകിലോമീറ്റർ ദൂരെയുള്ള കീഴ്മാട് ശശ്മാനത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം