ആലുവ കൊലപാതകത്തിൽ രാഷ്ട്രീയ പോര്, പൊലീസ് അനാസ്ഥയ്ക്കെതിരെ ഇന്ന് കോൺഗ്രസ് മാർച്ച്, നഗരസഭക്കെതിരെ എൽഡിഎഫ്
പൊലീസ് അനാസ്ഥയ്ക്കെതിരെ കോൺഗ്രസ്, ആലുവ പൊലീസ് സ്റ്റേഷൻ മാർച്ചും ബ്ലോക്ക് തലത്തിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും
കൊച്ചി: ആലുവയിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്കാരത്തിന് പിന്നാലെ രാഷ്ട്രീയ പോരും ശക്തമാകുന്നു. ആലുവയിലെ കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പരസ്പരം പഴിചാരി രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധ മാർച്ചുകൾ ഇന്ന് നടക്കും. പൊലീസ് അനാസ്ഥയ്ക്കെതിരെ കോൺഗ്രസ്, ആലുവ പൊലീസ് സ്റ്റേഷൻ മാർച്ചും ബ്ലോക്ക് തലത്തിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. കോൺഗ്രസ് ഭരിക്കുന്ന നഗരസഭയുടെ വീഴ്ച ആരോപിച്ച് ഇന്ന് ഇടത് മുന്നണിയും പ്രതിഷേധവുമായി രംഗത്തെത്തും. നഗരസഭയിലേക്കാണ് എൽ ഡി എഫ് മാർച്ച് നടത്തുക. കുട്ടിയുടെ കൊലപാതകത്തിൽ പൊലീസ് വീഴ്ച ആരോപിച്ച് ബി ജെ പിയും ഇന്ന് എസ് പി ഓഫീസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട കുട്ടിയുടെ പൊതുദർശനത്തിനും സംസ്കാര ചടങ്ങുകൾക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ, ജില്ലാ കളക്ടറോ പോലും എത്താത്തതിൽ പ്രതിഷേധം വ്യക്തമാക്കി ഡി സി സി അധ്യക്ഷൻ രംഗത്തെത്തിയിരുന്നു. സർക്കാരിന് ഔചിത്യം ഇല്ലെന്നാണ് ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അഭിപ്രായപ്പെട്ടത്. സർക്കാർ പ്രതിനിധി പോലും സംസ്കാര ചടങ്ങിൽ പങ്കെടുക്കാത്തത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മന്ത്രി പി രാജീവിന് ചുമതലയുള്ള ജില്ലയായിട്ടും ആരും വന്നില്ലെന്നും എറണാകുളത്ത് വ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് തീരുമാനമെന്നും ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അറിയിച്ചിരുന്നു.
വിമർശനത്തിന് പിന്നാലെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ മന്ത്രിയും കളക്ടറും
ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികളെത്തിയില്ലെന്ന വിവാദത്തിന് പിന്നാലെ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിൽ ഞായറാഴ്ച രാത്രി മന്ത്രി വീണാ ജോർജ്ജും ജില്ലാ കളക്ടറും എത്തി. കുട്ടിയുടെ മാതാപിതാക്കളെ മന്ത്രിവീണാ ജോർജ്ജ് ആശ്വസിപ്പിച്ചു. നടന്നത് പൈശാചികമായ കൊലപാതകമാണെന്നും സമൂഹത്തിന് ആകെ ഉണ്ടായത് വലിയ വേദനയാണെന്നും വീണാ ജോർജ് പറഞ്ഞു. കുടുംബത്തിന് ആദ്യഘട്ട സഹായം ഉടൻ നൽകും. മറ്റ് സഹായത്തെക്കുറിച്ച് പിന്നീട് ചർച്ച ചെയ്തു തീരുമാനിക്കും. അനാവശ്യ വിവാദങ്ങൾക്ക് പറ്റിയ സമയമല്ല ഇതെന്നും സർക്കാർ പ്രതിനിധികൾ എത്തിയില്ലെന്ന വിവാദത്തോട് മന്ത്രി പ്രതികരിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും. കുടുംബത്തിന് ധനസഹായം നൽകാൻ ശുപാർശ ചെയ്യുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷും പറഞ്ഞു. ജില്ലാ ലേബർ ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്നും കളക്ടർ കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ട കുട്ടിയുടെ വീട് സി പി എം നേതാവ് എം എം മണിയും സന്ദർശിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന് വേണ്ടി ആരും സംസ്കാര ചടങ്ങിൽ പങ്കെടുക്കാത്തത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നാണ് സന്ദർശന ശേഷം എം എം മണി പ്രതികരിച്ചത്. അതേസമയം മന്ത്രി പി രാജീവ് മരിച്ച കുട്ടിയുടെ വീട് ഇന്ന് സന്ദർശിക്കുമെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം