'ചോദ്യപേപ്പർ പരീക്ഷയുടെ തലേദിവസം പി എസ് സി സൈറ്റിൽ'എന്ന ആരോപണം തെറ്റ്, ഗുഗിൾ സെര്‍ച്ചിലെ പിഴവെന്ന് കമ്മീഷൻ

പരീക്ഷ കഴിഞ്ഞാൽ ചോദ്യപേപ്പറും താൽക്കാലിക ഉത്തരസൂചികയും ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്. 

Allegation of  question paper on PSC site the day before the exam is wrong error in Google search Commission says

തിരുവനന്തപുരം: കേരള പി എസ് സി ചോദ്യ പേപ്പർ തലേ ദിവസം വെബ്സൈറ്റിൽ എന്ന തലക്കെട്ടോടെ ദിന പത്രത്തിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പബ്ലിക് സര്‍വീസ് കമ്മീഷൻ. ഇത് സംബന്ധിച്ച് കേരളകൗമുദി പത്രത്തിൽ വന്ന വാര്‍ത്തയിൽ പിഎസ്സി പരീക്ഷയ്ക്ക് മുമ്പ് ചോദ്യ പേപ്പര്‍ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു എന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ വസ്തുത മറ്റൊന്നാണെന്ന് പിഎസ്സി വാര്‍ത്താ കുറിപ്പിൽ പറയുന്നു.

പരീക്ഷ കഴിഞ്ഞാൽ ചോദ്യപേപ്പറും താൽക്കാലിക ഉത്തരസൂചികയും ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്. ഒക്ടോബർ 5 ന് ഉച്ചക്ക് 1.30 മുതൽ 3.30 വരെ നടന്ന വയനാട്, എറണാകുളം  ജില്ലകളിലേക്കുള്ള ക്ലാർക്ക് പരീക്ഷയുടെ ചോദ്യപേപ്പറും താൽക്കാലിക ഉത്തരസൂചികകയും പരീക്ഷാ നടപടികൾ പൂർത്തികരിച്ചതിനു ശേഷമാണ്  വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.

ഗൂഗിൾ സെർച്ചിൽ ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച സമയം തെറ്റായി  കാണപ്പെട്ടത് സംബന്ധിച്ച് കമ്മീഷന്റെ സാങ്കേതിക വിഭാഗം പരിശോധിച്ചു. ഗൂഗിളിന്റെ സെർച്ചിൽ കാണുന്ന ടൈം സ്റ്റാമ്പിൽ കൃത്യതയില്ലാതെ വരുമെന്നും പ്രസിദ്ധീകരിച്ച തീയ്യതിയിൽ അക്കാരണത്താൽ മാറ്റം സംഭവിക്കാമെന്നും ഗൂഗിൾ മുൻപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാരണത്താലാണ് ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച യഥാർത്ഥ സമയത്തിൽ മാറ്റം സംഭവിച്ചത്. ഈ വിഷയം ഗൂഗിളിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

ഗൂഗിളിൽ സെർച്ച് ചെയ്താൽ തന്നെ ടൈം സ്റ്റാമ്പിൽ ഇത്തരത്തിൽ  കൃത്യതയില്ലാതെ വരാം എന്ന കാര്യം ആർക്കും  ലഭ്യമാണെന്നിരിക്കെ അത്തരം പരിശോധന പോലും നടത്താതെയും വസ്തുതകൾ അന്വേഷിക്കാതെയും ചോദ്യപേപ്പർ തലേനാൾ പി എസ് സി  സൈറ്റിൽ എന്ന വാർത്ത നൽകിയത് അതീവ ഗൗരവമായാണ് കമ്മീഷൻ കാണുന്നതെന്നും. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിശോധിക്കുമെന്നും കമ്മീഷൻ വാര്‍ത്താ കുറിപ്പിൽ അറിയിച്ചു.

ഓൺലൈൻ ജോലി പരസ്യം കണ്ട് ബന്ധപ്പെട്ടപ്പോൾ കിട്ടിയത് 'വൻ പണി'; മലപ്പുറം സ്വദേശി 33 ലക്ഷം തട്ടിയ കേസിൽ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios