'തൃശൂര്‍ പൂരത്തിനിടെ ഒരാള്‍ കടന്നുപിടിച്ചു'; വിദേശ വനിത വ്ളോഗറുടെ 'വെളിപ്പെടുത്തലില്‍' പൊലീസ് അന്വേഷണം

ശ്രീമൂലസ്ഥാനത്ത് പ്രതികരണം തേടുന്നതിനിടെ ഒരാള്‍ കടന്നു പിടിച്ചു എന്നാണ് വിദേശ വനിതയുടെ ആരോപണം. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെങ്കിലും വീഡിയോയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയതായി തൃശൂർ ഈസ്റ്റ് പൊലീസ് അറിയിച്ചു

Allegation of indecency with a foreign woman vlogger during Thrissur Pooram,  police investigation

തൃശൂര്‍: തൃശൂർ പൂരത്തിനിടെ വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിദേശ വനിത ഇക്കാര്യം വെളിപ്പെടുത്തിയത്. തൃശൂര്‍ പൂരത്തില്‍ പങ്കെടുത്ത വിദേശ വനിത തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലിട്ട വീഡിയോയിലാണ് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ശ്രീമൂലസ്ഥാനത്ത് പ്രതികരണം തേടുന്നതിനിടെ ഒരാള്‍ കടന്നു പിടിച്ചു എന്നാണ് വിദേശ വനിതയുടെ ആരോപണം. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെങ്കിലും വീഡിയോയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയതായി തൃശൂർ ഈസ്റ്റ് പൊലീസ് അറിയിച്ചു.

വിദേശ വനിതയെ കടന്നു പിടിച്ചത് പാലക്കാട് സ്വദേശിയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. വ്ളോഗറായ വിദേശ വനിത തൃശൂര്‍ പൂരത്തിന്‍റെ പ്രതികരണം ആളുകളില്‍ നിന്നും തേടുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്നും പൊലീസ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇടമാണ് കേരളമെന്ന തരത്തില്‍ നേരത്തെ വീഡിയോ ഉള്‍പ്പെടെ ഇട്ടിരുന്ന വ്ളോഗറാണിത്.

2024 ഏറ്റവും മികച്ച അനുഭവമെന്ന തരത്തില്‍ യുവാക്കള്‍ പാട്ടുപാടുന്നതിന്‍റെ വീഡിയോയും ഏറ്റവും മോശം അനുഭവമെന്ന തരത്തില്‍ മറ്റൊരു വീഡിയോയുമാണ് ഇന്‍സ്റ്റാഗ്രാമില്‍ ഇവര്‍ ഇട്ടത്. ഇതില്‍ ഏറ്റവും മോശം അനുഭവമെന്ന് പറഞ്ഞുള്ള വീഡിയോയിലാണ് വെളിപ്പെടുത്തല്‍. പ്രതികരണം എടുത്തശേഷം ഇയാള്‍ അനുവാദമില്ലാതെ വിദേശ വനിതയെ കടന്നുപിടിക്കുന്നതും ഉമ്മ വെക്കുകയാണെന്ന് ഇയാള്‍ പറയുന്നതും വീഡിയോയിലുണ്ട്. സംഭാഷണത്തിന്‍റെ ഇംഗ്ലീഷ് സബ് ടൈറ്റിലൂടെയാണ് വീഡിയോ ഇട്ടിരിക്കുന്നത്. ഇയാളെ വിദേശ വനിത തട്ടിമാറ്റുന്നതും വീഡിയോയിലുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം.

'മഞ്ഞുമ്മൽ ബോയിസ്' നിർമ്മാതാക്കൾക്കെതിരായ കേസ്; '7 കോടിയിൽ' അന്വേഷണം തുടങ്ങി പൊലീസ്


 

Latest Videos
Follow Us:
Download App:
  • android
  • ios