'കാർ മറ്റൊരു വണ്ടിയെ ഓവർടേക്ക് ചെയ്ത് വന്ന് ഇടിക്കുകയായിരുന്നു' ; അപകടത്തിന്‍റെ ഞെട്ടലിൽ കെഎസ്ആർടിസി ഡ്രൈവർ

കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുള്ള ദാരുണ അപകടത്തിന്‍റെ ‍ഞെട്ടിലാണ് കെഎസ്ആര്‍ടിസി ഡ്രൈവർ. മറ്റൊരു വാഹനത്തെ മറികടന്നശേഷമാണ് ബസിലേക്ക് കാര്‍ ഇടിച്ചുകയറിയതെന്ന് ഡ്രൈവര്‍ രാജീവൻ പറഞ്ഞു.

alappuzha kalarcode accident latest news KSRTC driver and conductor in shock of the accident 'car overtook another vehicle and hit the bus';

ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മരിച്ച ദാരുണ അപകടത്തിന്‍റെ ഞെട്ടലിലാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ രാജീവനും കണ്ടക്ടര്‍ മനേഷും. പെട്ടെന്ന് വണ്ടി വന്ന് ഇടിച്ചുകയറുകയായിരുന്നുവെന്നും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും ഞെട്ടൽ മാറിയിട്ടില്ലെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍ രാജീവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മറ്റൊരു വണ്ടിയെ ഓവര്‍ടേക്ക് ചെയ്ത് വണ്ടി വരുന്നതാണ് കണ്ടത്. ഓവര്‍ടേക്ക് ചെയ്തതോടെ റോഡിന്‍റെ മധ്യഭാഗത്താണ് വണ്ടിയുണ്ടായിരുന്നത്. അപ്പോ തന്നെ ബസിന്‍റെ ബ്രേക്ക് ചവിട്ടി. എന്നാൽ, പെട്ടെന്നാണ് വണ്ടി നേരെ തിരിഞ്ഞ് ചരിഞ്ഞ് ബസിലേക്ക് ഇടിച്ചുകയറിയത്. ബസിന്‍റെ ഉള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ചവിട്ടി ഒതുക്കാൻ പരമാവധി നോക്കി. ബസിൽ യാത്രക്കാരുള്ളതിനാൽ കൂടുതൽ ചവിട്ടിപിടിക്കാനും കഴിയില്ല.

അവരുടെ സുരക്ഷ കൂടി നോക്കണമായിരുന്നു. പരമാവധി ചവിട്ടി ഒതുക്കാൻ നോക്കി. വാഹനം തെറ്റായ ദിശയിൽ നിന്ന് വന്ന് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്നപ്പോള്‍ സീറ്റിൽ നിന്ന് തെറിച്ച് സ്റ്റിയറിങിൽ ഇടിച്ചു. ടിക്കറ്റ് കൊടുത്തുകൊണ്ടിരുന്ന കണ്ടക്ടര്‍ കമ്പിയില്‍ പോയി ഇടിക്കുകയായിരുന്നു. യാത്രക്കാരായ ചിലര്‍ക്ക് പല്ല് ഉള്‍പ്പെടെ പൊട്ടി പരിക്കേറ്റിട്ടുണ്ടെന്നും ഡ്രൈവര്‍ രാജീവൻ പറഞ്ഞു.

ബസിന്‍റെ മധ്യഭാഗത്ത് നിന്നുകൊണ്ട് ആലപ്പുഴയിൽ നിന്ന് കയറിയ യാത്രക്കാര്‍ക്ക് ടിക്കറ്റ് കൊടുക്കുകയായിരുന്നുവെന്നും അപ്പോഴാണ് അപകടമുണ്ടായതെന്നും കണ്ടക്ടര്‍ മനേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പറഞ്ഞു. പെട്ടെന്ന് ഒരു വണ്ടി പാഞ്ഞുവരുന്നതുപോലെയാണ് തോന്നിയത്. മഴയുണ്ടായിരുന്നതിനാൽ തെന്നി നിയന്ത്രണം വിട്ട് വന്നതാകാമെന്നാണ് കരുതുന്നത്. കാറിന്‍റെ ഇടത് ഭാഗം പൂര്‍ണമായും കെഎസ്ആര്‍ടിസിയിലേക്ക് ഇടിച്ചുകയറി. നാട്ടുകാര്‍ വലിയ രീതിയിലുള്ള രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത അപകടമാണ് നടന്നത്. ഇപ്പോഴും അതിന്‍റെ ഞെട്ടലിലാണെന്നും കണ്ടക്ടര്‍ മനേഷ് പറഞ്ഞു.

അതേസമയം, കളര്‍കോട്ടെ അപകടത്തിന് കാരണമായത് കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതെന്നാണ് നിഗമനം. ഓവർടേക്ക് ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതാണ് അപകട കാരണമെന്ന് എംവിഡി ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നിഗമനം. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. 

മരിച്ച അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെയും പോസ്റ്റ്‌ മോർട്ടം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുകയാണിപ്പോള്‍. തുടര്‍ന്ന് മെഡിക്കൽ കോളേജിലെ പൊതുദർശനത്തിന് ശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുക. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്. 

ഇന്നലെ രാത്രിയായിരുന്നു ദാരുണമായ അപകടം. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾ. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറിൽ 11 പേരുണ്ടായിരുന്നു. മറ്റു ആറു പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട്പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലുണ്ട്. വാടകയ്ക്ക് എടുത്ത ടവേര കാറിലായിരുന്നു സംഘം യാത്ര ചെയ്തത്.  

കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറി ടവേര; ആലപ്പുഴ അപകടത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Latest Videos
Follow Us:
Download App:
  • android
  • ios