മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്തു: അഖിൽ സജീവും സംഘവും കോട്ടയത്തും പണം തട്ടി
ബിസിനസിലെ നഷ്ടം നികത്താനാണ് പ്രതികൾ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് അഖിൽ സജീവും സംഘവും കോട്ടയത്തും വലിയ തട്ടിപ്പ് നടത്തിയെന്ന് വെളിപ്പെടുത്തൽ. നിയമന കോഴ തട്ടിപ്പ് കേസിൽ അറസ്റ്റിലായ റഹീസിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് റഹീസിന്റെ വെളിപ്പെടുത്തൽ.
റഹീസിനേയും ബാസിത്തിനേയും ഇന്ന് പുലർച്ചെ മുതൽ കന്റോൺമെന്റ് പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് റഹീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആരോഗ്യ കേരളത്തിന്റെ പേരിൽ വ്യാജ നിയമന ഉത്തരവുണ്ടാക്കിയത് റഹീസാണെന്ന് പൊലീസ് പറയുന്നു. അഖിൽ സജീവ് റഹീസുമായി ചേർന്നാണ് ഇമെയിൽ ഐഡി ഉണ്ടാക്കിയത്. ലെനിൻ രാജാണ് അഖിൽ സജീവനെ റഹീസിന് പരിചയപ്പെടുത്തിയത്. അഖിലും റഹീസുമായി ഇൻറീരിയർ ഡിസൈൻ ബിസിനസ് നടത്തിയിരുന്നെങ്കിലും അത് തകർന്നു. പിന്നീടും ഇവർ തമ്മിൽ സൗഹൃദം നീണ്ടു. ബിസിനസിലെ നഷ്ടം നികത്താനാണ് പ്രതികൾ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.