നിയമ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ആകാശ് രവിക്ക് സസ്പെൻഷൻ; നടപടി വ്യാജ ആരോപണം ഉന്നയിച്ചതിന്
സെക്രട്ടറിയേറ്റ് എംപ്ലോയ്സ് സംഘിൻ്റെ പ്രസിഡൻ്റായ നിയമ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ആകാശ് രവിയെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് എംപ്ലോയ്സ് സംഘിൻ്റെ പ്രസിഡൻ്റും നിയമവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുമായ ആകാശ് രവിയെ സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന് അച്ചടക്ക നടപടി നേരിട്ടിരുന്നു. ഈ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിനാണ് സസ്പെൻഷൻ.
1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് ആകാശ് രവിയെ സസ്പെൻഡ് ചെയ്തിരിക്കുന്നതെന്നും ഈ സസ്പെൻഷൻ കായലയളവിൽ ചട്ട പ്രകാരം ഉപജീവന ബത്തയ്ക്ക് അദ്ദേഹത്തിന് അർഹത ഉണ്ടായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ നോട്ടീസ് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ആകാശ് രവിക്കെതിരെ അച്ചടക്ക നടപടിയിലേക്ക് സർക്കാർ കടന്നിരുന്നു. ഇതിൻ്റെ ഭാഗമായി കുറ്റാരോപണ മെമ്മോയും കുറ്റാരോപണ പത്രികയും നൽകി. അരലക്ഷം രൂപയും ദേശാഭിമാനി വരിക്കാരനാവുകയും ചെയ്താൽ അച്ചടക്ക നടപടി ഒഴിവാക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വാഗ്ദാനം ചെയ്തെന്നായിരുന്നു അകാശ് രവി പിന്നീട് ആരോപണം ഉന്നയിച്ചത്.