രാഹുലോ പ്രിയങ്കയോ ഒരാൾ യുപിയിൽ മത്സരിക്കും, തീരുമാനം വരും, കാത്തിരിക്കൂ: എകെ ആൻ്റണി
യുപിയിൽ നെഹ്റു കുടുംബത്തിന് പൊക്കിൾകൊടി ബന്ധമുള്ള മണ്ഡലങ്ങളാണ് അമേഠിയും റായ്ബറേലിയും
തിരുവനന്തപുരം: രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ആരെങ്കിലും ഒരാൾ നെഹ്റു കുടുംബത്തിൽ നിന്ന് യുപിയിൽ മത്സരിക്കുമെന്ന് എകെ ആന്‍റണി.അമേഠിയിലെയും റായ്ബറേലിയിലെയും കോൺഗ്രസ് തീരുമാനത്തിനായി കാത്തിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ വോട്ട് വാർത്തയിൽ വിനു വി ജോൺ നടത്തിയ അഭിമുഖത്തിലായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവിന്റെ പ്രതികരണം. ഭാരത് ജോഡോ യാത്രക്ക് ശേഷം ഇപ്പോൾ രാജ്യത്തുള്ളത് പുതിയ രാഹുലാണ്. എല്ലാ പ്രതിപക്ഷ കക്ഷികൾക്കും സ്വീകാര്യനായ വ്യക്തിയാണ് അദ്ദേഹം. റോബർട്ട് വദ്ര ആയിരിക്കില്ല യുപിയിലെ മണ്ഡലങ്ങളിൽ മത്സരിക്കുക. അത് രാഹുലോ പ്രിയങ്കയോ തന്നെയായിരിക്കും. രാഹുൽ കേരളം വിട്ടുപോകരുത്. അദ്ദേഹം കേരളത്തിൽ തന്നെ നിൽക്കണം. അദ്ദേഹം കേരളത്തിന്റെ മകനാണെന്നും ആന്റണി പറഞ്ഞു.
യുപിയിൽ നെഹ്റു കുടുംബത്തിന് പൊക്കിൾകൊടി ബന്ധമുള്ള മണ്ഡലങ്ങളാണ് അമേഠിയും റായ്ബറേലിയും. ഇവിടെ ഇക്കുറി കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസിന്റെ നേതൃത്വം ഇതുവരെ തുറന്നുപറയാത്ത കാര്യമാണ് ഇപ്പോൾ എകെ ആൻ്റണി പറയുന്നത്. സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് നേരത്തെ കരുതിയിരുന്നു. എന്നാൽ അക്കാര്യത്തിൽ സ്ഥിരീകരണം വരാതിരിക്കുമ്പോഴാണ് റോബർട്ട് വദ്ര, തന്നെ മണ്ഡലം പ്രതീക്ഷിക്കുന്നുവെന്ന തരത്തിലൊരു പ്രസ്താവന നടത്തിയത്. ഇതിലാണ് ഇപ്പോൾ എകെ ആന്റണിയുടെ പ്രതികരണം.