'2025 ൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ കേരള പറന്നുയരും' ; എയർ കേരള ചെയർമാൻ
പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂരിൽനിന്ന് അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് എയർ കേരള സർവീസ് ആരംഭിക്കുമെന്ന് ചെയർമാൻ.
കണ്ണൂർ : 2025ന്റെ രണ്ടാം പകുതിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എയർ കേരള പ്രവർത്തനം ആരംഭിക്കുമെന്ന് എയർകേരള ചെയർമാൻ അഫി അഹമ്മദും കിയാൽ എംഡി സി ദിനേഷ് കുമാറും വിമാനത്താവളത്തിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ എയർ കേരള സിഇഒ ഹരീഷ് കുട്ടിയും കിയാൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അശ്വനി കുമാറും ഒപ്പുവെച്ചു. വാർത്താസമ്മേളനത്തിൽ എയർകേരള ചെയർമാൻ അഫി അഹമ്മദും കിയാൽ എംഡി സി ദിനേഷ് കുമാറും ധാരണാപത്രം പരസ്പരം കൈമാറി.
പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂരിൽനിന്ന് അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് എയർ കേരള സർവീസ് ആരംഭിക്കും. പിന്നീട് വിമാനങ്ങളുടെ ലഭ്യതയ്ക്കനുസരിച്ച് കൂടുതൽ പ്രതിദിന സർവ്വീസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. ആദ്യഘട്ടത്തിൽ എ ടി ആർ വിമാനങ്ങൾ ഉപയോഗിച്ച് ആഭ്യന്തര സർവീസുകളും പിന്നീട് സിംഗിൾ-അയൽ ജെറ്റ് വിമാനങ്ങൾ ഉപയോഗിച്ച് ആഭ്യന്തര, അന്താരാഷ്ട്ര സർവ്വീസുകളും ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.
എയർ കേരളയുമായുള്ള സഹകരണം, ഉത്തര മലബാറിന്റെ വികസനത്തിന് മുതൽക്കൂട്ടാവുമെന്ന് കിയാൽ എംഡി സി ദിനേശ് കുമാർ പറഞ്ഞു. എയർ കേരളയുടെ വിജയത്തിനും വളർച്ചയ്ക്കും ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ കിയാൽ പ്രതിജ്ഞാബദ്ധരാണ്. ഈ പങ്കാളിത്തം ഇരു കക്ഷികൾക്കും ഗുണകരമാകുമെന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുറഞ്ഞ നിരക്കിൽ കൂടുതൽ കണക്റ്റിവിറ്റി ലഭിക്കണമെന്ന പ്രദേശത്തെ യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യം നിറവേറ്റുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിൽ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് എയർ കേരള ചെയർമാൻ അഫി അഹമ്മദ് പറഞ്ഞു. വ്യോമയാന രംഗത്തെ പുതിയ കാൽവെപ്പ് എന്ന നിലയിൽ, കണ്ണൂരിൽ നിന്ന് എയർ കേരള സർവീസ് ആരംഭിക്കുന്നതിന് എയർപോർട്ട് മാനേജ്‌മെൻറ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. കിയാലുമായുള്ള പങ്കാളിത്തം, കൂടുതൽ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുവാൻ പ്രചോദനമാകും. എയർ കേരളയുടെ പ്രവർത്തനത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എയർ കേരളയുമായുള്ള സഹകരണത്തോടെ കിയാൽ പുതുവർഷത്തിൽ വലിയ വളർച്ചയാണ് ലക്ഷ്യമിടുന്നത്. 2018 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച കണ്ണൂർ വിമാനത്താവളം ആറ് വർഷം കൊണ്ട് 65 ലക്ഷം യാത്രക്കാർ എന്ന നേട്ടം കൈവരിച്ചിരുന്നു .എയർ കേരള ആരംഭിക്കുന്നതോടെ ഉത്തര മലബാറിലെ ടൂറിസം മേഖലക്കും നേട്ടമാകും. വാർത്താ സമ്മേളനത്തിൽ എയർ കേരള വൈസ് ചെയർമാൻ അയൂബ് കല്ലട, സിഇഒ ഹരീഷ് കുട്ടി, ഗ്രൗണ്ട് ഓപറേഷൻസ് ഹെഡ് ഷാമോൻ, കിയാൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അശ്വനി കുമാർ, സിഎഫ്ഒ ജയകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം