'എയ് ഡഡ് സ്കൂള്‍ നിയമനങ്ങള്‍ പിഎസ്സിക്ക് വിടണം,ഇനിയും ഭയന്ന് നില്‍ക്കേണ്ട കാര്യമില്ല': എ.കെ.ബാലന്‍

മുഖ്യമന്ത്രിക്ക് അനുകൂല സമീപനമെന്നും സിപിഎം കേന്ദ്ര കമ്മറ്റി അംഗം,എംഇഎസും എസ്എന്‍ഡിപിയും നിര്‍ദ്ദേശത്തോട് യോജിച്ചു.സുകുമാരന്‍ നായര്‍ക്കും പ്രശ്നം ഉണ്ടാകില്ലെന്നും എ.കെ ബാലന്‍

aided school appointments must be via psc, says AK Balan

കോഴിക്കോട്:

വിദ്യാഭ്യാസ രംഗത്ത് വന്‍ പൊളിച്ചെഴുത്തിന് നീക്കവുമായി സിപിഎം. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടണമെന്നുംസാമൂഹ്യ നീതി ഉറപ്പാക്കാന്‍ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ എന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍ ആവശ്യപ്പെട്ടു.പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളിലൊന്നും പണമില്ലാത്തവര്‍ക്ക് നിയമനം കിട്ടുന്നില്ല. മാനേജ്മെന്‍റുകള്‍ കോഴയായി വാങ്ങുന്ന കോടികള്‍ എങ്ങോട്ട് പോകുന്നുവെന്നറിയില്ല. നിയമനം പിഎസ്‍സിക്ക് വിടുന്നതിനോട് എസ്എന്‍ഡിപിയും എംഇഎസും യോജിപ്പറിയിച്ചിട്ടുണ്ട്. മറ്റു സമുദായ സംഘടനകളും ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കില്ലെന്നാണ് പ്രതീക്ഷയെന്നും എ.കെ ബാലന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് കേരളത്തിലെ വിദ്യാഭ്യാസ സാമൂഹ്യ രംഗങ്ങളില്‍ അടിമുടി മാറ്റത്തിന് കളമൊരുക്കുന്ന നിര്‍ദ്ദേശം സിപിഎം നേതൃത്വത്തില്‍ നിന്ന് ഉയരുന്നത്. 57 ലെ ഒന്നാം ഇഎംഎസ് സര്‍ക്കാരിന്‍റെ കാലം മുതല്‍ ചര്‍ച്ച ചെയ്യുകയും എന്നാല്‍ നടപ്പിലാക്കാനാവാതെ പോയതുമായ ഒരു മാറ്റത്തിന് വഴിയൊരുക്കാന്‍ രണ്ടാം പിണറായി സര്‍ക്കാരിന് കഴിയുമെന്ന പ്രതീക്ഷയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ നിയമമന്ത്രിയുമായ എ.കെ ബാലന്‍ പങ്കുവയ്ക്കുന്നത്.

 

നിലവില്‍ മെറിറ്റല്ല, കോഴ മാത്രമാണ് നിയമനത്തിന്‍റെ മാനദണ്ഡം. എല്‍പിസ്കൂള്‍ നിയമനത്തിന് പട്ടികജാതി വിഭാഗത്തില്‍ പെട്ട തന്‍റെ ബന്ധുവിനുള്‍പ്പെടെ കോഴ കൊടുക്കേണ്ടി വന്നു. പിഎസ്‍സി വഴി വര്‍ഷം പരമാവധി 25000പേര്‍ക്കെ തൊഴില്‍ നല്‍കാനാകൂ. എന്നാല്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ലാത്ത ഒരു മേഖലയിലേക്കാണ്ഖജനാവിലെ നല്ലൊരു തുകയും നല്‍കേണ്ടി വരുന്നത്. നിയമനം പിഎസ്‍സിക്ക് വിട്ടാല്‍ അനാവശ്യ നിയമനങ്ങള്‍ ഒഴിവാക്കാം സാന്പത്തിക ബാധ്യതയും കുറയ്ക്കാം.

നിലവില്‍ എംഇഎസും എസ്എന്‍ഡിപിയും ഈ നിര്‍ദ്ദേശത്തോട് യോജിച്ചിട്ടുണ്ട്.മറ്റ് സമുദായ സംഘടനകളും സഹകരിക്കുമെന്നാണ് പ്രതീക്ഷ.ഏതായാലും ഇതിന്‍റെ പേരില്‍ മറ്റൊരു വിമോചന സമരം ഇനി കേരളത്തിലുണ്ടാകുമെന്ന ആശങ്കയില്ലെന്നും എ.കെ ബാലന്‍ പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios