'13-ന് വിമാനങ്ങൾ പറക്കുന്നു, കുഞ്ഞ് ജനിക്കുന്നു, ഏത് കാലത്താണ് ഇത്തരം അന്ധവിശ്വാസങ്ങൾ പറയുന്നത്!!!'
എന്നാൽ കാറുകളുടെ നമ്പറുകളുടെ കാര്യത്തിൽ ഇന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നപ്പോൾ 13-ാം നമ്പർ കാർ കൃഷി മന്ത്രി പി പ്രാസാദിനാണ് അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റപ്പോൾ, പതിമൂന്നാം നമ്പർ കാർ ആരെടുക്കുമെന്നത് വലിയ ചർച്ചയായിരുന്നു. കഴിഞ്ഞ തവണ ധനമന്ത്രി തോമസ് ഐസക് ചോദിച്ചുവാങ്ങിയ നമ്പറിന് ഇത്തവണ ആവശ്യക്കാരില്ലെന്നായിരുന്നു ഇന്നലെ വരെ പുറത്തുവന്ന വാർത്ത. എന്നാൽ കാറുകളുടെ നമ്പറുകളുടെ കാര്യത്തിൽ ഇന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നപ്പോൾ 13-ാം നമ്പർ കാർ കൃഷി മന്ത്രി പി പ്രാസാദിനാണ് അനുവദിച്ചിരിക്കുന്നത്.
പതിമൂന്നാം നമ്പർ കാർ ഭാഗ്യദോഷമാണെന്ന അന്ധവിശ്വാസമാണ് പലരും ഈ നമ്പർ ഏറ്റെടുക്കാൻ മടി കാണിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഇന്നലെ മന്ത്രിമാർക്ക് കാറുകൾ അനുവദിച്ചപ്പോൾ ആരും പതിമൂന്നാം നമ്പർ കാർ എടുത്തിരുന്നില്ല. മന്ത്രിമാർ സത്യപ്രതിജ്ഞ കഴിഞ്ഞ് ഔദ്യോഗിക വാഹനങ്ങളിൽ ഗവർണ്ണറെ കാണാൻ പുറപ്പെട്ടപ്പോൾ നമ്പർ പതിമൂന്ന് കൂട്ടത്തിലില്ലായിരുന്നു. ഒടുവിൽ കൃഷി മന്ത്രി പി പ്രസാദ് കാർ ചോദിച്ച് വാങ്ങിക്കുകയായിരുന്നു. ഇതേ രീതിയിൽ നിർഭാഗ്യമെന്ന് പറയുന്ന, മുൻ ധനമന്ത്രി തോമസ് ഐസക്ക് താമസിച്ചിരുന്ന മൻമോഹൻ ബംഗ്ലാവ് ഇക്കുറി ഗതാഗത മന്ത്രി ആൻ്റണി രാജുവിനാണ് നൽകിയിരിക്കുന്നത്.
13-ാം നമ്പർ ഭാഗ്യദോഷമാണെന്ന് പറയുന്നവരോട്, ഇതേ നമ്പർ കാർ ചോദിച്ചുവാങ്ങിയ മന്ത്രി പി പ്രസാദിന് ചിലത് പറയാനുണ്ട്. ഏത് കാലത്താണ് ഇത്തരം അന്ധ വിശ്വങ്ങളെ കുറിച്ച് ഇങ്ങനെ ചർച്ച ചെയ്യുന്നതെന്നാണ് മന്ത്രിയുടെ ചോദ്യം. ശാസ്ത്രം ഇത്രയും പുരോഗമിച്ച കാലത്ത് മനുഷ്യൻ അസാധ്യമായ മുന്നേറ്റങ്ങൾ നടത്തുന്ന കാലത്ത് ഇത്തരം ചർച്ചകൾ തന്നെ അപ്രസക്തമാണെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു.
മന്ത്രിയുടെ വാക്കുകൾ...
'13-ന് ആ നമ്പറടിച്ച് പത്രം ഇറങ്ങുന്നുണ്ട്. 13-ന് വിമാനങ്ങൾ പറക്കുന്നുണ്ട്. 13-ന് കുഞ്ഞുങ്ങൾ ജനിക്കുന്നുണ്ട്. ഒരു കുഴപ്പവും ആർക്കും ഉള്ളതായി എവിടെയും കാണുന്നില്ല. 21-ാം നൂറ്റാണ്ടിൽ, ചൊവ്വയിലേക്ക് വണ്ടി വിട്ടിട്ട് ആനന്ദനൃത്തം ചവിട്ടുന്ന ജനതയുള്ള ഈ നൂറ്റാണ്ടിൽ. മംഗൾയാനും ക്യൂരോസിറ്റിയുമെല്ലാം ചൊവ്വാ ഗ്രഹത്തിൽ, ഓട്ടോസ്റ്റാന്റിൽ ഓട്ടോറിക്ഷ കിടക്കുമ്പോലെ കിടക്കുന്ന കാലത്താണ് ഇത്തരം കാര്യങ്ങൾ പറയുന്നത്.
ചൊവ്വ അവിടിരുന്ന് നോക്കിയപ്പോഴാണ്, നമ്മുടെ നാട്ടിൽ പലരുടെയും കല്യാണം മുടങ്ങിയത്. ആ ചൊവ്വയിലേക്ക് വണ്ടി വിട്ടിരിക്കുന്ന കാലത്ത് 13 അശുഭകരമായ ഒന്നാണെന്ന് എന്തർത്ഥത്തിലാണെന്ന് ആലോചിച്ചു നോക്കുക. ആടുകളുടെ ജീനിൽ നിന്ന് കുട്ടികളെ ഉണ്ടാക്കുന്നു. ഇത്തരത്തിൽ മനുഷ്യൻ വലിയ അത്ഭുതങ്ങൾ കാണിക്കുന്ന ശാസ്ത്ര ലോകത്ത് ഇത്തരം അന്ധവിശ്വസങ്ങൾക്ക് അടിസ്ഥാനമില്ല.
ജനങ്ങൾ നൽകിയ അധികാരത്തിന് നമ്മൾ ജനങ്ങളെ മാത്രം പേടിച്ചാൽ മതിയാകും. ഇത്തരം അന്ധവിശ്വസങ്ങൾക്ക് അടിസ്ഥാനമില്ല. 13-ന് ഇത്തരമൊരു പ്രശ്നമുണ്ടെന്ന് പറഞ്ഞപ്പോൾ, തനക്ക് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. തികഞ്ഞ സന്തോഷത്തിലാണ് ഈ നമ്പർ സ്വീകരിച്ചത്'- മന്ത്രി പറഞ്ഞു.
വിഎസ് അച്യുതാനന്ദൻ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയും, ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കുമാണ് ഇതിന് മുമ്പ് 13-ാം നമ്പർ കാർ ചോദിച്ച് വാങ്ങിയ മന്ത്രിമാർ. ഒന്നാം പിണറായി സർക്കാരിന്റെ സമയത്ത് തുടക്കത്തിൽ ആരും ഈ കാർ എടുക്കാൻ തയ്യാറായിരുന്നില്ല. ഇത് വാർത്തായപ്പോഴാണ് ഐസക്ക് നമ്പർ ഏറ്റെടുക്കാൻ മുന്നോട്ട് വന്നത്. അന്ന് ഐസക്കിനൊപ്പം വിഎസ് സുനിൽകുമാറും കെടി ജലീലും കാറേറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. ബേബിക്കും ഐസക്കിനും ഇടയിൽ വന്ന യുഡിഎഫ് സർക്കാരിന്റെ സമയത്ത് ആരും ഈ നമ്പർ ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona